ദൃശ്യം ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ അതൊരു കൊറിയന്‍ സിനിമയുടെ കോപ്പിയടിയാണെന്ന ആരോപണത്തെ പൂര്‍ണ്ണമായി തള്ളി സംവിധായകന്‍ ജീത്തു ജോസഫ്. കൊറിയന്‍ പടത്തിനകത്ത് അമ്മ മകളെ കൊല്ലുന്നു എന്നതു മാത്രമേ ഉള്ളൂ. ബാക്കിയെല്ലാം വേറെയാണ്. പടം റീമേക്കാണെങ്കില്‍ ചൈനക്കാര്‍ ഒരിക്കലും പകര്‍പ്പാവകാശം വാങ്ങിക്കില്ലായിരുന്നു എന്നും ജീത്തു ജോസഫ് പറഞ്ഞു. കാര്‍ത്തിയെ നായകനാക്കി സംവിധാനം ചെയ്ത തമിഴ് ചിത്രം ‘തമ്പി’യുടെ പ്രചാരണാർഥം മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു ജീത്തു ജോസഫിന്റെ പ്രതികരണം.
Read Also: എനിക്കിഷ്ടമുള്ള ചിത്രങ്ങള്‍ ഞാന്‍ പോസ്റ്റ് ചെയ്യും; സദാചാരവാദികള്‍ക്ക് കലക്കന്‍ മറുപടിയുമായി മീര
കേരളത്തിൽ ഏത് കൊലപാതക കേസ് വന്നാലും അതിനെയെല്ലാം ‘ദൃശ്യം മോഡൽ’ എന്ന് വിശേഷിപ്പിക്കുന്നതിനെയും ജീത്തു ജോസഫ് എതിർത്തു. ഏറ്റവും ഒടുവിൽ ഉദയംപേരൂരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തെ കുറിച്ചും ദൃശ്യം മോഡൽ എന്ന ആരോപണം ഉയർന്നിരുന്നു. ഇത് പരാമർശിച്ച് ജീത്തു ജോസഫ് പറഞ്ഞത് ഇങ്ങനെ” ദൃശ്യം ഒരു നല്ല പേരായതുകൊണ്ട് പെട്ടന്ന് എല്ലാവരും ദൃശ്യം മോഡൽ..ദൃശ്യം മോഡൽ എന്നു പറയുന്നു. ഉദയംപേരൂരിലെ കൊലപാതകത്തിലും അങ്ങനെ കണ്ടു. ഉദയംപേരൂരിലെ കേസിൽ കൊലപാതകമല്ല, കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ഭാര്യയുടെ മൊബെെൽ ഫോൺ ഉപേക്ഷിച്ചതാണ് ദൃശ്യവുമായി ബന്ധമെന്ന് പറയുന്നത്. എന്നാൽ, ദൃശ്യം ചെയ്യുമ്പോൾ എനിക്ക് മൊബെെൽ ഫോൺ ട്വിസ്റ്റ് കിട്ടിയത് ഒരു പത്രത്തിൽ നിന്നാണ്. പത്രത്തിൽ വന്ന വാർത്ത കണ്ടാണ് ദൃശ്യത്തിൽ ഇങ്ങനെയൊരു ഐഡിയ ഉപയോഗിച്ചത്. അങ്ങനെ നോക്കിയാൽ മാധ്യമപ്രവർത്തകരും ഇതിനൊക്കെ ഉത്തരവാദികളാണ്” ജീത്തു ജോസഫ് ചിരിച്ചുകൊണ്ട് പറഞ്ഞു.
Read Also: പൗരത്വ ഭേദഗതി നിയമം: ദേശീയ പുരസ്കാര ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ‘സുഡാനി’ ടീം
ഉദയംപേരൂർ സംഭവത്തിൽ പ്രേംകുമാർ എന്ന വ്യക്തിയാണ് കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ ശേഷം അന്വേഷണസംഘത്തെ വഴിതെറ്റിക്കാൻ പ്രേംകുമാർ ചെയ്‌തത് വലിയ വാർത്തയായിരുന്നു. കൊലപാതകത്തിനു ശേഷം പൊലീസ് സ്റ്റേഷനിൽ എത്തി ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകിയത് പ്രേംകുമാറാണ്.
പ്രേംകുമാര്‍ നല്‍കിയ പരാതിയില്‍ ദിവ്യയെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തിയിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ദിവ്യ യാത്ര ചെയ്യുന്നതായി പൊലീസിന് വ്യക്തമായി. ഏറ്റവും ഒടുവില്‍ സിഗ്നല്‍ ലഭിച്ചത് മംഗലാപുരം ടവര്‍ പരിസരത്തു നിന്നാണ്. ദിവ്യ സഞ്ചരിച്ചുകൊണ്ടിരിക്കുകയാകുമെന്നാണ് പൊലീസ് കരുതിയത്. എന്നാല്‍, പൊലീസിനെ വഴിതെറ്റിക്കാന്‍ പ്രേംകുമാര്‍ നടത്തിയ നീക്കമായിരുന്നു അതിനു കാരണം. ദിവ്യയുടെ മൊബൈല്‍ ഫോണ്‍ പ്രേംകുമാര്‍ നേത്രാവതി എക്‌സ്‌പ്രസിൽ ഉപേക്ഷിക്കുകയായിരുന്നു. നേത്രാവതി എക്‌സ്‌പ്രസിലെ ഒരു ബാത്ത്‌റൂമിനടുത്തുള്ള ഡസ്റ്റ് ബിന്നിലാണ് പ്രേംകുമാര്‍ ഫോണ്‍ ഉപേക്ഷിച്ചത്. ഇങ്ങനെയൊരു രംഗം മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ദൃശ്യത്തിലുമുണ്ട്.