തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിൽ ഋഷി കപൂറിനൊപ്പം പ്രവർത്തിക്കാൻ ഭാഗ്യം ലഭിച്ച അനുഭവം ഓർക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. ജീത്തു ജോസഫിന്റെ ആദ്യ ബോളിവുഡ് സംരംഭമായ ‘ബോഡി’ എന്ന ചിത്രമാണ് ഋഷി കപൂറിന്റേതായി അവസാനം തിയേറ്ററിൽ എത്തിയ ചിത്രവും. ഋഷി കപൂറിനൊപ്പമുള്ള ഒരു ചിത്രമെന്നത് തന്റെ സ്വപ്ന സാക്ഷാത്കാരമായിരുന്നെന്നും അദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചെന്നും ജീത്തു പറയുന്നു.
“ഋഷി കപൂർ സാറിന്റെ വിയോഗത്തെ കുറിച്ചുള്ള വാർത്ത കേട്ടു. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യുക എന്നത് എന്നെ സംബന്ധിച്ച് സ്വപ്നസാക്ഷാത്കാരമായിരുന്നു. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശവും ജോലിയോടുള്ള സമീപനവും വിനയവുമെല്ലാം എടുത്തുപറയേണ്ടതാണ്. അനുഭവസമ്പത്തിലും സിനിമയെ കുറിച്ചുള്ള അറിവിലും അദ്ദേഹം എന്നേക്കാൾ എത്രയോ മുമ്പിലാണെങ്കിലും എപ്പോഴും വളരെ സ്നേഹത്തോടെയും കരുതലോടെയുമാണ് എന്നോട് പെരുമാറിയിരുന്നത്. അദ്ദേഹത്തോടൊപ്പം സെറ്റിലുണ്ടായിരുന്ന ഓരോ ദിവസവും എനിക്ക് പുതിയ കാര്യങ്ങൾ പഠിക്കാനായി. ഇന്ത്യൻ സിനിമയ്ക്കൊരു ഇതിഹാസത്തെയാണ് നഷ്ടമായിരിക്കുന്നത് എന്നത് തീരാവേദനയാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നു,” ജീത്തു ജോസഫ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
Read more: ബോളിവുഡ് നടൻ ഋഷി കപൂർ അന്തരിച്ചു
ഋഷി കപൂർ സ്നേഹത്തോടെ നൽകിയ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ഒരു സമ്മാനത്തെക്കുറിച്ചും ജീത്തു മറ്റൊരു ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. തന്റെ ജീവചരിത്രസംബന്ധിയായ പുസ്തകത്തിൽ കയ്യൊപ്പു ചാർത്തി ജീത്തുവിന് നൽകിയിരിക്കുകയാണ് ഋഷികപൂർ. “പ്രിയപ്പെട്ട ജീത്തു ജോസഫ് സാർ… ചിയേഴ്സ്,” എന്നാണ് സ്വന്തം കൈപ്പടയാൽ ഋഷി കപൂർ കുറിച്ചിരിക്കുന്നത്.
Read more: ഞാന്‍ തകര്‍ന്നു: ഋഷി കപൂറിന്റെ വിയോഗത്തില്‍ വിലപിച്ച് അമിതാഭ് ബച്ചന്‍