മലയാളത്തിന്റെ ഭാഗ്യ സംവിധായകന്‍ ജീത്തു ജോസഫിന്റെ ആദ്യ ബോളിവുഡ് ചിത്രം ആരംഭിച്ചു. ഇമ്രാന്‍ ഹാഷ്മി, റിഷി കപൂര്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. 2013ല്‍ പുറത്തിറങ്ങിയ സ്പാനിഷ് സിനിമയായ ‘ദി ബോഡി’യുടെ റീമേക്കാണ് ചിത്രം. പൊലീസുകാരനായാണ് റിഷി കപൂര്‍ ചിത്രത്തില്‍ എത്തുന്നത്.

മലയാളത്തില്‍ നിരവധി ത്രില്ലറുകള്‍ ചെയ്തു പരിചയമുള്ള സംവിധായകനാണ് ജീത്തു ജോസഫ്. ഡിറ്റക്ടീവ്, മെമ്മറീസ്, ദൃശ്യം, ഊഴം, ലക്ഷ്യം എന്നിവ ജീത്തു ജോസഫ് ഒരുക്കിയ ത്രില്ലര്‍ ചിത്രങ്ങളാണ്. ഇവ കൂടാതെ, മൈ ബോസ്, മമ്മി ആന്‍ഡ് മീ, ലൈഫ് ഓഫ് ജോസൂട്ടി എന്നിവയും ജീത്തുവിന്റെ എടുത്തു പറയേണ്ട ചിത്രങ്ങളാണ്.

മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായെത്തിയ ദൃശ്യം എന്ന ചിത്രത്തിലൂടെ മലയാളത്തിന് ആദ്യത്തെ 50 കോടി ചിത്രം സമ്മാനിച്ച സംവിധായകനാണ് ജീത്തു ജോസഫ്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ആദി ആണ് ജീത്തുവിന്റേതായി അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം. അടുത്തിടെ ആയിരുന്നു ആദിയുടെ നൂറാം ദിനാഘോഷം നടന്നത്. കാളിദാസ് ജയറാമിനെ നായകനാക്കിയുള്ള ചിത്രമായിരിക്കും അടുത്തതായി ജീത്തു ജോസഫ് മലയാളത്തില്‍ സംവിധാനം ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ