അതിഥി റാവു ഹൈദരിയും ജയസൂര്യയും ഒന്നിക്കുന്ന ‘സൂഫിയും സുജാതയും’ എന്ന മ്യൂസിക്കൽ റൊമാന്റിക് ചിത്രം ജൂലൈയിൽ പ്രദർശനത്തിന് എത്തുകയാണ്. ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ കൂടിയാകും സൂഫിയും സുജാതയും. കോവിഡ് വ്യാപനം മൂലം സിനിമയുടെ പതിവ് രീതിയിലുള്ള പ്രമോഷൻ പരിപാടികൾ മുടങ്ങിയ സാഹചര്യത്തിൽ, ഡിജിറ്റൽ പ്രമോഷനാണ് എല്ലാവരും ആശ്രയിക്കുന്നത്. ജയസൂര്യയെ പ്രമോഷൻ പരിപരിപാടികൾക്ക് സഹായിക്കുന്നത് മറ്റാരുമല്ല, മകൻ അദ്വൈത് ആണ്.
ജയസൂര്യയുടെ ഭാര്യ സരിതയാണ് മകൻ അച്ഛന് വേണ്ടി ക്യാമറയെടുക്കുന്നതിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. വീട്ടിൽ ക്യാമറാമാൻ ഉള്ളപ്പോൾ പിന്നെ എന്തിനാണ് പേടിക്കുന്നതെന്നും, സൂഫിയും സുജാതയും പ്രമോഷന് വേണ്ടി അച്ഛനെ സഹായിക്കുന്ന തിരക്കിലാണ് അദ്വൈത് എന്നും സരിത ചിത്രത്തോടൊപ്പം കുറിച്ചു.
സംസാരശേഷിയില്ലാത്ത സുജാതയ്ക്ക് (അതിഥി റാവു ഹൈദരി) സൂഫി സന്യാസിയായ ദേവ് മോഹനോട് തോന്നുന്ന പ്രണയമാണ് ചിത്രം പറയുന്നത്. അതിഥി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭർത്താവിന്റെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്.
ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമിച്ച് നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്യുന്ന ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ ആണ് റിലീസിനെത്തുന്നത്. ജൂലൈ മൂന്നിനാണ് ചിത്രത്തിന്റെ റിലീസ്. ഇന്ത്യയിലെയും മറ്റ് 200ലേറെ രാജ്യങ്ങളിലുമുള്ള പ്രേക്ഷകർക്ക് ജൂലൈ മൂന്നു മുതൽ ചിത്രം കാണാനാവും. ആമസോൺ പ്രൈം വീഡിയോയിൽ മാത്രമായി അഞ്ച് ഭാഷയിൽ പുറത്തിറങ്ങുന്ന ഏഴ് ഇന്ത്യൻ സിനിമകളിൽ ഒന്നാണ് ‘സൂഫിയും സുജാതയും’.
അനു മൂത്തേടത്ത് ചിത്രത്തിന്റെ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും സംഗീതം എം ജയചന്ദ്രനും നിർവ്വഹിച്ചിരിക്കുന്നു. ഹരിനാരായണനാണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്.
ആദ്യം തിയേറ്റർ റിലീസ് തീരുമാനിച്ചിരുന്ന ‘സൂഫിയും സുജാതയും’ കോവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാം എന്നു അണിയറക്കാർ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങളും ചർച്ചകളുമൊക്കെ സിനിമാമേഖലയിൽ ഉണ്ടാവുകയും ചെയ്തിരുന്നു. എല്ലാറ്റിനും ഒടുവിൽ ചിത്രമിപ്പോൾ ആമസോൺ പ്രൈമിൽ റിലീസിനെത്തുകയാണ്.