ആദ്യഭാഗം പരാജയമായിരുന്നുവെങ്കിലും ആടിന്റെ രണ്ടാം ഭാഗത്തിനെ വരവേല്‍ക്കുകയാണ് ആരാധകര്‍. ഷാജി പാപ്പനും പിള്ളേരും എത്തിയതോടെ തിയേറ്ററുകളില്‍ ബഹളമയമാണ്. വന്‍ സ്വീകരണമാണ് തിയേറ്ററുകളില്‍ ആടിനു ലഭിക്കുന്നത്. ഷാജി പാപ്പനെപോലെ തന്നെ ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ് പാപ്പന്‍ മുണ്ടും. ചിത്രത്തിന്റെ റിലീസിനു മുന്‍പ് തന്നെ പാപ്പന്‍ സ്‌റ്റൈല്‍ മുണ്ടും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരിക്കുകയാണ് പാപ്പന്‍ മുണ്ട്. ജയസൂര്യയുടെ മക്കളായ അദ്വൈതും വേദയുമാണ് പുതിയതായി പാപ്പന്റെ വേഷത്തില്‍ എത്തിയിരിക്കുന്നത്. ജയസൂര്യ തന്നെയാണ് ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്.

ക്രിസ്മസ് റിലീസ് ചിത്രങ്ങളില്‍ മികച്ച പ്രേക്ഷക പ്രതികരണത്തോടെ മുന്നേറുകയാണ് ആട് 2. എന്നാല്‍ ചിത്രത്തിന്റെ ആദ്യ ഭാഗം ‘ആട് ഒരു ഭീകരജീവിയാണ്’ വലിയ പരാജയമായിരുന്നു. ആ ചിത്രം പരാജയപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദിയറിയിച്ചുകൊണ്ട് ജയസൂര്യ രംഗത്ത്. കൊച്ചി ലുലു മാളില്‍ നടന്ന ആട് 2വിന്റെ സക്സസ് പാര്‍ട്ടിയിലാണ് ജയസൂര്യ ആരാധകര്‍ക്ക് നന്ദി പറഞ്ഞത്.

ചിത്രം പരാജയപ്പെടുത്തിയതിന് നന്ദി അറിയിക്കാന്‍ കാരണമുണ്ട്. സിനിമയുടെ ഒന്നാം ഭാഗം ഹിറ്റായിരുന്നുവെങ്കില്‍ രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിക്കില്ലായിരുന്നു. പൊട്ടിയ പടത്തിന്റെ രണ്ടാം ഭാഗം വരുന്നതും അത് വന്‍ ഹിറ്റാകുന്നതും ഒരുപക്ഷെ മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമായിരിക്കും. പ്രേക്ഷകരുടെ നിര്‍ബന്ധപ്രകാരം നിര്‍മ്മിച്ച സിനിമയാണ് ആട് 2. ഇതുവരെ ചിത്രം കണ്ടിട്ടില്ലാത്തവര്‍ ക്ലാസ് കട്ട് ചെയ്തിട്ടാണെങ്കിലും സിനിമ കാണണമെന്നും ജയസൂര്യ പറഞ്ഞു.

ചിത്രത്തിന്റെ ആദ്യഭാഗം പരാജയമായിരുന്നെങ്കിലും ഷാജി പാപ്പന്‍ എന്ന കഥാപാത്രത്തെ പിന്നീട് പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. അതിനും ജയസൂര്യ നന്ദി പറഞ്ഞു. രണ്ടാംഭാഗം തിയേറ്ററുകളിലെത്തിയ ആദ്യം ദിനം മുതല്‍ക്കു തന്നെ മികച്ച അഭിപ്രായമായിരുന്നു. യുവാക്കളുടേയും കുടുംബപ്രേക്ഷകരുടേയും പ്രോത്സാഹനത്തോടെ ചിത്രം മുന്നേറുകയാണ്. നിരവധി തിയേറ്ററുകളില്‍ രാത്രി വൈകിയുള്ള സ്‌പെഷ്യല്‍ ഷോസും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook