ഒമ്പത് മാസങ്ങളോളം അടഞ്ഞു കിടന്ന കേരളത്തിലെ തിയേറ്ററുകൾ തുറന്നു പ്രവർത്തിച്ചു തുടങ്ങിയതിന്റെ ആശ്വാസത്തിലാണ് സിനിമാലോകവും തിയേറ്റർ ഉടമകളും. വിജയ് ചിത്രം ‘മാസ്റ്ററി’ന്റെ പ്രദർശനവുമായി ബന്ധപ്പെട്ടാണ് കേരളത്തിലെ തിയേറ്ററുകൾ ഇന്നലെ മുതൽ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് കേരളത്തിലും ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഒരുപിടി മലയാളചിത്രങ്ങളും റിലീസിന് തയ്യാറായി ഇരിക്കുകയാണ്. കോവിഡ് ലോക്ക്ഡൗണിനു ശേഷം ആദ്യം തിയേറ്ററിലെത്തുന്ന മലയാളചിത്രം നടൻ ജയസൂര്യ കേന്ദ്രകഥാപാത്രമാകുന്ന ‘വെള്ളം’ ആണ്. ക്യാപ്റ്റനു ശേഷം പ്രജേഷ് സെന്നും നടൻ ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് ‘വെള്ളം’. ജനുവരി 22നാണ് ചിത്രം റിലീസിനെത്തുന്നത്.
സംയുക്ത, സിദ്ദീഖ്, ഇന്ദ്രൻസ്, ശ്രീലക്ഷ്മി, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, സന്തോഷ് കീഴാറ്റൂർ, വെട്ടുകിളി പ്രകാശ്, സിനിൽ സൈനുദ്ദീൻ,അധീഷ് ദാമോദർ, പ്രിയങ്ക തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജോസ് കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവരാണ് ‘വെള്ളം’ നിർമിച്ചിരിക്കുന്നത്. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.
Read more: എനിക്ക് കോവിഡില്ല, ഞാൻ ആശുപത്രിയിലുമല്ല; ലെന