വിവിധ വേഷങ്ങളിലൂടെ നമ്മെ പലപ്പോഴും ഞെട്ടിച്ച നടനാണ് ജയസൂര്യ. എന്നാൽ ഇന്ന് ഏവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുന്നത് ജയസൂര്യയുടെ മകൻ അദ്വൈതാണ്. ഒരു ഷോർട്ട് ഫിലിം സംവിധാനം ചെയ്‌തിരിക്കുകയാണ് ഈ കൊച്ചു മിടുക്കൻ. ഗുഡ് ഡേ എന്ന് പേരിട്ടിരിക്കുന്ന ഷോർട്ട് ഫിലിമിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നതും ഈ പത്ത് വയസുകാരനാണ്. ദുൽഖർ സൽമാനാണ് ഈ ഷോർട്ട് ഫിലിമിന്റെ ലോഞ്ചിങ് നിർവഹിച്ചത്. മകന്റെ ഷോർട്ട് ഫിലിമിനെ കുറിച്ച് ജയസൂര്യ തന്നെയാണ് ഫെയ്‌സ്ബുക്കിൽ പങ്ക് വെച്ചത്.

മൂന്ന് കുട്ടികൾ ചെയ്യുന്ന നന്മയാണ് ഗുഡ് ഡേയുടെ പ്രമേയം. സ്വയം പരിചയപ്പെടുത്തിയുളള അദ്വൈതിന്റെ വാചകങ്ങളിലൂടെയാണ് ഷോർട്ട് ഫിലിം തുടങ്ങുന്നത്. പ്രയാഗാണ് ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നത്. അദ്വൈത് ജയസൂര്യ, അർജുൻ മനോജ്, മിഹിർ മാധവ്, ജാഫർ, അനന്തു, സജീവ് എന്നിവരാണ് ഗുഡ് ഡേയിലെ അഭിനേതാക്കൾ. ഷോർട്ട് ഫിലിമിന്റെ നിർമാതാക്കൾ ജയസൂര്യയും ഭാര്യയും മകളുമാണ്.

ജയസൂര്യയുടെ മകന് ദുൽഖറിനോടുളള ആരാധന പ്രശസ്‌തമാണ്. ഇതിന് മുൻപ് പല വേദികളും തന്റെ മകൻ ദുൽഖർ ഫാനാണെന്ന് ജയസൂര്യ പറഞ്ഞിട്ടുണ്ട്. ഷോർട്ട് ഫിലിം ദുൽഖർ തന്നെ ലോഞ്ച് ചെയ്‌താ മതിയെന്ന അദ്വൈതിന്റെ വാക്കുകളും ചേർത്താണ് ജയസൂര്യ മകന്റെ ഈ സംവിധാന സംരംഭത്തെ കുറിച്ച് പോസ്റ്റ് ഇട്ടിരിക്കുന്നത്.

അദ്വൈതെന്ന ആദിയുടെ ഷോർട്ട് ഫിലിം കണ്ട അനുഭവം ദുൽഖറും ഫെയ്‌സ്ബുക്കിൽ പങ്ക് വെച്ചിട്ടുണ്ട്. കണ്ടതിൽ വച്ച് ഏറ്റവും നല്ല ഷോർട്ട് ഫിലിമാണിത്. ഹൈസ്ക്കൂളിൽ പഠിക്കുമ്പോഴായിരുന്നു ഞാൻ ആദ്യമായി ഷോർട്ട് ഫിലിം ചെയ്‌തത്. അവയെല്ലാം അമേച്ച്വർ ആയിരുന്നു. എന്നാൽ നല്ലൊരു സന്ദേശമുളളതാണ് ആദിയുടെ ഷോർട്ട് ഫിലിമെന്നും ദുൽഖർ പറയുന്നു. അദ്വൈതിലെ നടനെയും ദുൽഖർ പ്രശംസിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ