Sathyan Biopic: മലയാളത്തിന്റെ മഹാനടൻ സത്യന്റെ ജീവിതം സിനിമയാകുന്നു. നടൻ ജയസൂര്യയാണ് ഈ ബയോപിക് ചിത്രത്തിൽ സത്യന്റെ വേഷം അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ രതീഷ് രഘുനന്ദൻ ആണ്.
കെ ജി സന്തോഷിന്റെ കഥയ്ക്ക് ബി ടി അനിൽകുമാർ, കെ ജി സന്തോഷ് ,രതീഷ് രഘുനന്ദൻ എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരം വി ജെ ടി ഹാളിൽ നടന്ന സത്യൻ അനുസ്മരണ ചടങ്ങിൽ നിർമ്മാതാവ് വിജയ് ബാബുവാണ് ചിത്രം പ്രഖ്യാപിച്ചത്. പിന്നാലെ ജയസൂര്യയും ചിത്രത്തിന്റെ ഔദ്യോഗിക സ്ഥിതീകരണവുമായി എത്തി. തമീർ എന്ന ആരാധകൻ തയ്യാറാക്കിയ ഫാൻമെയ്ജ് പോസ്റ്ററും ജയസൂര്യ ഫെയ്സ്ബുക്കിൽ പങ്കുവച്ചു.
ചടങ്ങിനു മുമ്പ് നടൻ ജയസൂര്യ, ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആൻ അഗസ്റ്റിൻ, നിർമ്മാതാവ് വിജയ ബാബു എന്നിവരോടോപ്പം ചിത്രത്തിന്റെ അണിയറ പ്രവർത്തകരും എൽ എം എസ് പള്ളിയിലെ സത്യൻ സ്മൃതിയിലെത്തി പുഷ്പ്പാർച്ചന നടത്തി. ചടങ്ങിൽ സത്യന്റെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.
ഇത് രണ്ടാമത്തെ തവണയാണ് ജയസൂര്യ ഒരു ബയോപിക് ചിത്രത്തിന്റെ ഭാഗമാവുന്നത്. ഇരുചിത്രങ്ങളിലും സത്യൻ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത് എന്നതാണ് മറ്റൊരു കൗതുകം. ‘ക്യാപ്റ്റനി’ൽ ഫുട്ബോൾ താരം വി പി സത്യനെയായിരുന്നു ജയസൂര്യ അഭ്രപാളികളിൽ അവതരിപ്പിച്ചത്.
Read more: Thrissur Pooram: പൂരത്തിനിടയിലൊരു ടൈറ്റിൽ ലോഞ്ച്; ‘തൃശൂർ പൂര’ ത്തിൽ ജയസൂര്യ നായകൻ