മലയാളികളുടെ പ്രിയങ്കരനായ നടനാണ് ജയസൂര്യ. അദ്ദേഹത്തിന്റെ ഭാര്യ സരിത അറിയപ്പെടുന്ന ഫാഷൻ ഡിസൈനറുമാണ്. ജയസൂര്യ അഭിനയിച്ച ചില സിനിമകളിലെ വസ്‌ത്രങ്ങൾ ഡിസൈൻ ചെയ്‌തതും സരിതയാണ്. ജയസൂര്യയുടെ അടുത്തിടെ പുറത്തിറങ്ങിയ ഫുക്രിയിലെ വസ്‌ത്രങ്ങളും സരിത ഡിസൈൻ ചെയ്യുകയുണ്ടായി. ആ സിനിമ കണ്ട് കൊണ്ടിരിക്കെ മലയാളത്തിലെ ഒരു നടൻ വിളിച്ച് അതിലെ കുർത്ത ഡിസൈൻ ചെയ്‌തത് ആരാണെന്ന് ചോദിക്കുകയും തുടർന്ന് തന്റെയും സരിതയുടെയും ജീവിതത്തിലുണ്ടായ മറക്കാനാവാത്ത സംഭവവും പ്രേക്ഷകരോട് പങ്കുവെച്ചിരിക്കുകയാണ് ജയസൂര്യ. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ജയസൂര്യ ഇക്കാര്യം പറയുന്നത്. മറ്റാരുമല്ല, മോഹൻലാലാണ് ഫുക്രിയിലെ കുർത്ത കണ്ട് അതു പോലെത്തേത് ഡിസൈൻ ചെയ്‌ത് കൊടുക്കാൻ സരിതയോട് ആവശ്യപ്പെട്ടത്.

ഫുക്രിയിലെ കുർത്ത കണ്ട് മോഹൻലാൽ വിളിച്ച് അതിന്റെ ഡിസൈനർ ആരാണെന്ന് ചോദിക്കുകയും സരിതയാണെന്നറിഞ്ഞപ്പോൾ അത് പോലെ രണ്ട് ഡ്രസ് ഡിസൈൻ ചെയ്‌ത് തരാൻ ആവശ്യപ്പെടുകയും ചെയ്‌തതായി അറിയിച്ചിരിക്കുകയാണ് ജയസൂര്യ. മോഹൻലാലിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന് വേണ്ടി വസ്‌ത്രങ്ങൾ ഡിസൈൻ ചെയ്‌തു കൊടുത്തുവെന്നും ജയസൂര്യ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു. മോഹൻലാലും സരിതയും ജയസൂര്യയും ഒന്നിച്ചുളള ചിത്രവും ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.

മോഹൻലാലിനെ കണ്ട ശേഷം “ഇത് മതി ജയാ, ഇതാണ് എന്നെപ്പോലെയുള്ള ഒരു fashion desginer- ക്ക് കിട്ടാവുന്ന ഏറ്റവും വല്ല്യ അംഗീകാരം” എന്ന സരിതയുടെ വാക്കുകളും ചേർത്താണ് ജയസൂര്യ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ജയസൂര്യുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരുപം

“മോനേ… ലാലാണ് ”
കഴിഞ്ഞ ദിവസം ലാലേട്ടൻ എന്നെ വിളിച്ചിട്ട് പറഞ്ഞു. മോനേ… ഞാൻ നിന്റെ ഫുക്രി സിനിമ കണ്ടു കൊണ്ടിരിയ്ക്കാണ്, അതിലെ ആ കുർത്ത ആരാ design ചെയ്തേ? ഞാൻ പറഞ്ഞു അത് എന്റെ wife Saritha-യാണ്. മോനെ സരിതയോട് പറഞ്ഞിട്ട് എനിയ്ക്കും അതുപോലെ രണ്ട് Dress design ചെയ്ത് തരാൻ പറയോ? ഞാൻ അത് കേട്ടപ്പോ തന്നെ െഞട്ടിപ്പോയി എനിയ്ക്ക് സംശയമായി ഇത് ലാലേട്ടൻ തന്നെയാണോ? ഞാൻ ഒന്നു കൂടി മൊബൈലിലേയ്ക്ക് നോക്കി ഇനി പൃഥിയോ, ചാക്കോയോ ആരെങ്കിലും പണി തരുന്നതാണോ എനിയ്ക്ക് സംശയമായി ,അല്ല ലാലേട്ടന്റെ നമ്പർ തന്നെയാണ് .. ഞാൻ പറഞ്ഞു എന്ത് ചോദ്യമാണ് ലാലേട്ടാ… എത്രണ്ണം വേണം എന്ന് പറഞ്ഞാ മതി ലാലേട്ടൻ എവിടെയാണെങ്കിലും ഞാൻ എത്തിച്ച് തരും. അങ്ങനെ ഇന്നലെ ഞങ്ങൾ ലാലേട്ടന്റെ വീട്ടിൽ പോയി.. ലാലേട്ടനും ചേച്ചിയും, അടുത്ത super star ഉം അവിടെ ഉണ്ടായിരുന്നു.. സരിത ലാലേട്ടന് വേണ്ടി വേറെയും design ചെയ്തിരുന്നു. അദ്ദേഹം ഓരോന്നായി ഇട്ടു കൊണ്ടു വന്നപ്പോ, ആദ്യമായിട്ട് എന്റെ ഭാര്യയുടെ മുഖത്ത് നവരസത്തിന്റെ അപ്പുറത്തെ ചില ഭാവങ്ങൾ ഞാൻ കണ്ടു. അങ്ങനെ ലാലേട്ടനോട് യാത്ര പറഞ്ഞ് വണ്ടിയിൽ കേറിയപ്പോ മുതൽ ഇവള് കണ്ണ് തുറക്കുന്നില്ല ..ദൈവമേ പണിയായാ… തീർന്നു പോയോന്ന് ഞാൻ വിചാരിച്ചു.. ടീ .. എന്ന് വിളിച്ചപ്പോ അവള് കണ്ണ് തുറന്ന് എന്നെ നോക്കീട്ട് പറഞ്ഞു
”ഇത് മതി ജയാ ,ഇതാണ് എന്നെപ്പോലെയുള്ള ഒരു fashion designer- ക്ക് കിട്ടാവുന്ന ഏറ്റവും വല്ല്യ അംഗീകാരം”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook