പേരു കൊണ്ടും പ്രമേയംകൊണ്ടും കേന്ദ്ര കഥാപാത്രമായെത്തുന്ന ജയസൂര്യയുടെ ഗെറ്റപ്പ് കൊണ്ടും ഏറെ നാളായി സിനിമാ പ്രേമികളുടെ ചര്‍ച്ചകളില്‍ ‘ഞാന്‍ മേരിക്കുട്ടി’യുണ്ട്. ‘പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന ചിത്രത്തിനു ശേഷം രഞ്ജിത് ശങ്കര്‍-ജയസൂര്യ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഞാന്‍ മേരിക്കുട്ടി’. ഒരു ട്രാന്‍സ് പേഴ്‌സന്റെ സ്വകാര്യ ജീവിതവും പൊതു ജീവിതവും, കുടുംബത്തിലും സമൂഹത്തിലും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

തന്റെ മാതാപിതാക്കള്‍ക്ക് കത്തെഴുതി വച്ച് ഒരു രാത്രി വീടു വിട്ടിറങ്ങുകയാണ് മാത്തുക്കുട്ടി (ജയസൂര്യ). ജനിച്ചത് ആണായിട്ടാണെങ്കിലും ഒരു സ്ത്രീയുടെ മനസാണ് ഇന്നു മുതല്‍ തനിക്ക് എന്നാണ് മാത്തുക്കുട്ടി കത്തില്‍ പറയുന്നത്.

പിന്നീട് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ മാത്തുക്കുട്ടി മേരിക്കുട്ടിയാകുന്നു. ആ സമയത്ത് വേണ്ട എല്ലാ സഹായങ്ങളും പിന്തുണയും നല്‍കുന്നത് പള്ളിയിലെ വൈദികനും (ഇന്നസെന്റ്) അവിടുത്തെ ക്വയറിലെ അംഗമായ ആല്‍വിനുമാണ് (അജു വര്‍ഗീസ്). സ്ത്രീയായി മാറുന്നതോടെ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും മേരിക്കുട്ടി വെറുക്കപ്പെട്ടവളാകുന്നു. സുഹൃത്തിന്റെയും (ജുവല്‍ മേരി) മകളുടേയും ഒപ്പമാണ് മേരിക്കുട്ടിയുടെ താമസം.

വായിക്കാം: ഞാന്‍ മേരിക്കുട്ടി: സമകാലിക സംഭവങ്ങള്‍ക്ക് നേരെ പിടിക്കുന്ന കണ്ണാടി

ഒരു പൊലീസ് ഓഫീസറാകുക എന്നതാണ് മേരിക്കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം. തന്റെ മാതാപിതാക്കള്‍ തന്നെക്കുറിച്ച് അഭിമാനിക്കാനും ഈ സമൂഹം തന്നെ വിലവയ്ക്കാനും പൊലീസ് യൂണിഫോമാണ് ഏറ്റവും നല്ലതെന്നുള്ള വിശ്വാസത്തില്‍ നിന്നും ഉടലെടുക്കുന്നതാണ് ഈ ആഗ്രഹം. ‘സിസ്റ്റത്തെ തിരുത്താന്‍ ഏറ്റവും നല്ല വഴി സിസ്റ്റത്തിനകത്തു കയറുക’ എന്നതാണെന്നുള്ള മനസിലാക്കലുമുണ്ട് ഈ ആഗ്രഹത്തിന് പിന്നില്‍.

ട്രാന്‍സ് ജനങ്ങളെ ഏറ്റവും കൂടുതല്‍ ഉപദ്രവിക്കുന്നത് ഈ നാട്ടിലെ പൊലീസ് ആണെന്നും അതിനു മാറ്റം വരുത്തുകയാണ് തന്റെ ലക്ഷ്യമെന്നും മേരിക്കുട്ടി പറയുന്നുണ്ട്. പൊലീസാകാനുള്ള മേരിക്കുട്ടിയുടെ പരിശ്രമങ്ങള്‍ക്കിടയില്‍ നാട്ടുകാരില്‍ നിന്നും പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും നിരവധി വെല്ലുവിളികളും  നേരിടേണ്ടി വരുന്നുണ്ട്. സിസ്റ്റം മുഴുവന്‍ മേരിക്കുട്ടിക്ക് എതിരാണ്. തന്റെ ലക്ഷ്യത്തിലെത്താന്‍ മേരിക്കുട്ടി നടത്തുന്ന പോരാട്ടമാണ് സിനിമയെ മുന്നോട്ടു കൊണ്ടു പോകുന്നത്. അതിനിടയിൽ മേരിക്കുട്ടി ഒരു റേഡിയോ ജോക്കി ആകുന്നുണ്ട്, അനാഥാലയത്തിലെ കുട്ടികളെ പഠിപ്പിക്കുന്നുണ്ട്.

കഥാപാത്രമായി മാറാന്‍ എന്തു കഠിനാധ്വാനത്തിനും തയ്യാറാകുന്ന ജയസൂര്യ എന്ന നടന്റെ പ്രകടനം തന്നെയാണ് ചിത്രത്തില്‍  ആദ്യം എടുത്തു പറയേണ്ടത്. ശരീരഭാഷയിലും ശബ്‌ദത്തിലും സ്ത്രീയാകാന്‍ പരമാവധി ശ്രമിക്കുന്നുണ്ട് ആ നടന്‍.

ജയസൂര്യയുടെ പ്രകടനത്തോടൊപ്പം തന്നെ സരിതാ ജയസൂര്യയുടെ കോസ്റ്റ്യൂം ഡിസൈനിങ്ങും കൈയ്യടി അര്‍ഹിക്കുന്നു.  മേരിക്കുട്ടിയുടെ വേഷപ്പകര്‍ച്ചയിലേക്ക് ജയസൂര്യയെ എത്തിച്ചതില്‍ വലിയ പങ്ക് സരിതയ്‌ക്ക് തന്നെ.

പൊലീസുകാരനായ കുഞ്ഞിപ്പാലുവിനോട്  പ്രേക്ഷകന് അങ്ങേയറ്റം വെറുപ്പു ഉളവാക്കുന്ന തരത്തില്‍ അഭിനയിച്ചു ജോജു ജോര്‍ജ് ചിത്രത്തിലെ വില്ലനെ മറക്കാന്‍ പറ്റാത്ത വണ്ണം ഗംഭീരമാക്കി. പൊലീസ് സ്റ്റേഷനില്‍ വച്ചും പുറത്തു വച്ചുള്ള രംഗങ്ങളില്‍ മേരിക്കുട്ടിയോടുള്ള വെറുപ്പും പകയും കുഞ്ഞിപ്പാലുവിന്റെ കണ്ണില്‍ നിറഞ്ഞു കാണാം.

ഇന്നസെന്റ്, അജു വര്‍ഗീസ്, ജുവല്‍ മേരി, സിദ്ദാര്‍ത്ഥ് ശിവ, സുരാജ് വെഞ്ഞാറമൂട്, ശോഭാ മോഹന്‍ എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമാക്കി. ചിത്രത്തില്‍ കലക്‌ടറായി എത്തുന്ന സുരാജിന്റെ കഥാപാത്രത്തോട് ജോജുവിന്റെ കുഞ്ഞിപ്പാലു എന്ന കഥാപാത്രം പറയുന്നുണ്ട് ‘ഇവനെ പോലുള്ള ആണും പെണ്ണും കെട്ടവരൊക്കെ ഡിപ്പാര്‍ട്ട്‌മെന്റില്‍ വന്നാല്‍ അതൊരു ചീത്തപ്പേരാകും’ എന്ന്. അതിന് മറുപടിയായി കളക്ടര്‍ പറയുന്നത് ‘അത്തരക്കാര്‍ വരുന്നത് ഒരു അച്ചീവ്‌മെന്റ് അല്ലേ? പിന്നെ തന്നെ പോലുള്ള ആണും പെണ്ണും കെട്ടവരും ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടല്ലോ’ എന്നാണ്.

ഒരു ട്രാൻസ്‌പേഴ്സൺ ഡിപ്പാര്‍ട്ട്‌മെന്റിലേക്കു വരുന്നത് ഒരു അച്ചീവ്‌മെന്റായി കണക്കാക്കുമ്പോഴും, അയാളുടെ സ്വത്വത്തെ ഒരു ശകാരപദമായി തന്നെ കാണുന്ന പൊതുബോധത്തെ പൊളിച്ചടുക്കാന്‍ ചിത്രത്തിനായിട്ടില്ല. തുടക്കത്തില്‍ പിഎസ്‌സി പരിശീലന സെന്ററിലെ അധ്യാപകന്‍ ‘മേരിക്കുട്ടി ഫെമിനിസ്റ്റാണോ’ എന്നു ചോദിക്കുമ്പോള്‍, ‘അല്ല, ഞാനൊരു ഹ്യൂമനിസ്റ്റാണ്’ എന്നു മേരിക്കുട്ടിയെക്കൊണ്ടു പറയിപ്പിക്കുന്നതും ഈ പൊതുബോധത്തിന്റെ തന്നെ പ്രശ്‌നമാണ്.

ആനന്ദ് മധുസൂദനന്‍ സംഗീതം നല്‍കിയ പാട്ടുകള്‍ ചിത്രത്തിന്റെ കൂടെ സഞ്ചരിക്കുന്നുണ്ട്. ചാന്തുപൊട്ട് എന്ന ചിത്രം ഇറങ്ങിയ പ്രേക്ഷക സമൂഹത്തിനു മുന്നിലേക്കല്ല മേരിക്കുട്ടി എത്തുന്നത്. കേരള സമൂഹവും കേരള സർക്കാരും ട്രാൻസ്ജെൻഡർ ജനങ്ങളെ അംഗീകരിക്കുകയും മുന്നോട്ടു കൊണ്ടുവരാനുള്ള പ്രയത്നങ്ങളിൽ പങ്കാളികളാകുകയും ചെയ്യുന്ന കാലത്ത് തന്റെ ചിത്രത്തിലൂടെ ഈ ശ്രമങ്ങളിൽ ചെറിയ തോതിലെങ്കിലും പങ്കാളിത്തം വഹിക്കാൻ രഞ്ജിത് ശങ്കറിന് കഴിയുന്നുണ്ട്.

കഥാപാത്രത്തെ കോമാളിയായി അവതരിപ്പിക്കാതെ, വ്യക്തിത്വമുള്ള മനുഷ്യനായി മേരിക്കുട്ടിയെ ചിത്രം അവതരിപ്പിക്കുന്നു. സമൂഹത്തെ ഒന്നായി കുറ്റപ്പെടുത്തുന്നതിനു പകരം, മാറ്റങ്ങളെ സ്വീകരിക്കാനുള്ള സമൂഹത്തിന്റെ വിമുഖതയെ ചിത്രം അഡ്രസ്സ് ചെയ്യുന്നുണ്ട്. രഞ്ജിത് ശങ്കറിന്റെ സിനിമകള്‍ക്കു നേരെ പൊതുവിലുള്ള വിമര്‍ശനം പലപ്പോളും അത് സാരോപദേശങ്ങളോ, കവലപ്രസംഗങ്ങളോ മാത്രമായി മാറുന്നുവെന്നതാണ്.  ആ വിമര്‍ശനത്തെ മറികടക്കാന്‍ ഉള്ളടക്കം കൊണ്ട് വേറിട്ട ‘ഞാന്‍ മേരിക്കുട്ടി’ സംവിധായകനെ സഹായിക്കുമെന്നു കരുതാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook