മലയാള സിനിമയില്‍ നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്യുകയും, ആ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യാനും തയ്യാറായിട്ടുള്ള നടനാണ് ജയസൂര്യ. 2018ല്‍ പുറത്തിറങ്ങിയ ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി, പ്രേതം 2 എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ തന്നെ അതിന് ഉദാഹരണമാണ്. എന്നാല്‍ ജയസൂര്യയ്‌ക്കൊരു ആഗ്രമുണ്ട്. യേശു ക്രിസ്തു ആയി അഭിനയിക്കണം എന്നതാണ് ജയസൂര്യയുടെ ആഗ്രഹം. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഈ മോഹം തുറന്നു പറഞ്ഞത്.

‘എനിക്ക് പാഷന്‍ ഓഫ് ക്രൈസ്റ്റ് പോലുള്ള സിനിമ ചെയ്യണമെന്ന് വലിയ ആഗ്രഹമാണ്. യേശു ക്രിസ്തുവായി അഭിനയിക്കാന്‍ വലിയ മോഹമുണ്ട്. എന്റെ ഭയങ്കരമായ ആഗ്രഹമാണത്. ഒരു നല്ല സംവിധായകന്‍ വിളിച്ച് ഇങ്ങിനെ ഒരു റോളുണ്ടെന്ന് പറഞ്ഞാല്‍ ഞാന്‍ അപ്പോള്‍ തന്നെ സമ്മതം മൂളും,’ ജയസൂര്യ പറഞ്ഞു.

ക്രിസ്തു മത വിശ്വാസികള്‍ക്കിടയിലെ പരസ്പരം സ്തുതി കൊടുക്കുന്ന ആചാരം തനിക്ക് വലിയ ഇഷ്ടമുള്ള കാര്യമാണെന്നും ജയസൂര്യ പറഞ്ഞു. ‘എല്ലാ പിണക്കങ്ങളും അപ്പോള്‍ തീരുകയാണ്. അത് വളരെ നല്ല ഒരു കാര്യമല്ലേ. എന്തൊരു മനോഹരമാണ് അത്,’ ജയസൂര്യ പറയുന്നു.

ജയൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പ്രേതം 2 തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. പ്രേതം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ചിത്രത്തില്‍ മെന്റലിസ്റ്റ് ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രമായി തന്നെയാണ് ജയസൂര്യ എത്തിയിരിക്കുന്നത്.

‘പ്രേതം’ ഒന്നാം ഭാഗത്തില്‍ അത് ഒരു റിസോര്‍ട്ടും പരിസരവുമായിരുന്നു ലൊക്കേഷനെങ്കില്‍, ‘പ്രേതം 2’ന്റെ കഥ നടക്കുന്നത് വരിക്കാശേരി മനയിലാണ്. വരിക്കാശേരി മനയില്‍ കായകല്പ ചികിത്സയ്ക്കെത്തിയതാണ് ജോണ്‍ ഡോണ്‍ ബോസ്‌കോ (ജയസൂര്യ). മനയിലേക്ക് ഷോര്‍ട്ട് ഫിലിം ചിത്രീകരണത്തിനായി എത്തുന്ന അഞ്ച് ഓണ്‍ലൈന്‍ സുഹൃത്തുക്കളിലൂടെയാണ് കഥയുടെ ആദ്യ ഭാഗം മുന്നോട്ടു പോകുന്നത്. ഇവര്‍ അഞ്ചുപേരും ഫെയ്സ്ബുക്കിലെ ഒരു സിനിമാ ഗ്രൂപ്പിലെ അംഗങ്ങളാണ്. രാമാനന്ദ് കളത്തിങ്കല്‍ (സിദ്ധാര്‍ത്ഥ് ശിവ), തപസ് മേനോന്‍ (അമിത് ചക്കാലയ്ക്കല്‍), ജോഫിന്‍ ടി ജോണ്‍ (ഡെയ്ന്‍ ഡേവിസ്), അനു തങ്കം പൗലോസ് (ദുല്‍ഗ കൃഷ്ണ), നിരഞ്ജന (സാനിയ ഇയപ്പന്‍) എന്നിവര്‍ ആദ്യമായി കണ്ടു മുട്ടുന്നത് വരിക്കാശേരി മനയില്‍ വച്ചാണ്. മനയില്‍ വച്ചുണ്ടാകുന്ന ചില അസ്വാഭവിക സംഭവങ്ങളിലൂടെയാണ് അവിടെ പ്രേത ബാധയുണ്ടെന്ന് തിരിച്ചറിയുന്നത്. പിന്നീട് ആ ആത്മാവിലേക്കും അതിന്റെ ഭൂതകാലത്തേക്കുമുള്ള ജോണിന്റേയും അഞ്ച് സുഹൃത്തുക്കളുടേയും യാത്രയാണ് ‘പ്രേതം 2’.

Read More: Pretham 2 Review: പ്രതീക്ഷയ്ക്കൊത്തുയരാത്ത ‘പ്രേതം 2’

പ്രേതം ഒന്നാം ഭാഗത്തില്‍ തന്നെ മെന്റലിസ്റ്റായുള്ള ജയസൂര്യയുടെ പ്രകടനവും വസ്ത്രധാരണവുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജയസൂര്യയുടെ ഭാര്യ സരിതയാണ് ചിത്രത്തിലെ ജയസൂര്യയുടെ കഥാപാത്രത്തിന് വസ്ത്രാലങ്കാരം ചെയ്തത്. ഡ്രീംസ് ആന്റ് ബിയോണ്ട്സിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് രണ്ടു ഭാഗങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook