ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്ന വിപി സത്യന്റെ ജീവിതകഥ പറഞ്ഞ ചിത്രമായിരുന്നു ജയസൂര്യ പ്രധാന വേഷത്തിലെത്തിയ ‘ക്യാപ്റ്റൻ’. നവാഗത സംവിധായകനായ പ്രജേഷ് സെന്നും ജയസൂര്യയും ആദ്യമായി കൈകോർത്ത ചിത്രം ഏറെ സ്വീകരിക്കപ്പെടുകയും നിരൂപകപ്രശംസ നേടുകയും ചെയ്തിരുന്നു. ഈ കൂട്ടുക്കെട്ടിൽ നിന്നും പുതിയൊരു ചിത്രം കൂടി വരികയാണ്, ‘വെള്ളം:ദ എസെൻഷ്യൽ ഡ്രിങ്ക്’. ‘വെള്ള’വും ഒരു യഥാർത്ഥ സംഭവകഥയെ ആധാരമാക്കിയാണ് ഒരുങ്ങുന്നത്.

“കണ്ണൂരിലെ സാധാരണക്കാരനായ ഒരു വ്യക്തിയുടെ ജീവിതത്തിൽ നടന്നൊരു സംഭവത്തെ ആധാരമാക്കിയുള്ള കഥയാണിത്. ‘ക്യാപ്റ്റൻ’ റിലീസ് ഒക്കെ കഴിഞ്ഞ്, ഞാൻ മറ്റൊരു സബ്ജക്റ്റ് എഴുതി കൊണ്ടിരിക്കുകയായിരുന്നു, കോഴിക്കോട്. ഒരു ദിവസം ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ വളരെ ആക്സമികമായി ഒരാളെ പരിചയപ്പെട്ടു. എന്റെ കൂടെ സുഹൃത്ത് ഷംസുദ്ദീൻ കുട്ടോത്തും ഉണ്ടായിരുന്നു. ഷംസുവിന് അയാളെ അറിയാമായിരുന്നു. ഷംസുദ്ദീനാണ് ആ മനുഷ്യന്റെ കഥയെന്നോട് പറയുന്നത്. കേട്ടപ്പോൾ ആ കഥയിലൊരു സിനിമയുണ്ടല്ലോ എന്നു തോന്നി. അങ്ങനെയാണ് ഈ സിനിമയിലേക്കു വരുന്നത്. ഈ ചിത്രത്തിന്റെ സ്ക്രിപ്റ്റിൽ ഷംസുവും വിജേഷ് എന്ന മറ്റൊരു സുഹൃത്തും എന്നെ അസോസിയേറ്റ് ചെയ്യുന്നുണ്ട്. ജയസൂര്യയാണ് പ്രധാന റോളിൽ എത്തുന്നത്. മറ്റു കാസ്റ്റിംഗ് ഒക്കെ തീരുമാനിക്കുന്നേയുള്ളൂ. മേയ് മാസം അവസാനം ഷൂട്ട് ആരംഭിക്കാം എന്നാണ് കരുതുന്നത്. കണ്ണൂർ, കോഴിക്കോട് ഭാഗങ്ങളിലാവും ചിത്രത്തിന്റെ ലൊക്കേഷൻ,” സംവിധായകൻ പ്രജേഷ് സെൻ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

പ്രജേഷിന്റെ ആദ്യചിത്രം ‘ക്യാപ്റ്റന്റെ’ ഒന്നാം വാർഷികമായിരുന്നു കഴിഞ്ഞ ആഴ്ച. വീണ്ടും പ്രജേഷ് സെന്നിനൊപ്പം അടുത്ത പ്രൊജക്റ്റിനു വേണ്ടി കൈകോർക്കാൻ ഒരുങ്ങുന്ന കാര്യം ജയസൂര്യ പങ്കുവെച്ചതും ക്യാപ്റ്റൻ റിലീസിനെത്തിയിട്ട് ഒരു വർഷം പൂർത്തിയാകുന്ന ദിവസം തന്നെയായിരുന്നു.

Read more: ‘ക്യാപ്റ്റൻ’ ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം ഉടനെയെന്ന് ജയസൂര്യ

നമ്പി നാരായണന്റെ ജീവിതക്കഥയെ ആസ്പദമാക്കിയൊരുങ്ങുന്ന ‘റോക്കറ്ററി: ദ നമ്പി എഫക്റ്റ്’ എന്ന ബയോപിക് ചിത്രത്തിന്റെ തിരക്കുകളിലാണ് പ്രജേഷ് സെൻ ഇപ്പോൾ. മാധവൻ നായകനും സംവിധാനസഹായിയുമൊക്കെയാവുന്ന ചിത്രത്തിൽ അസോസിയേറ്റ് സംവിധായകനായി പ്രജേഷ് സെന്നും പ്രവർത്തിക്കുന്നുണ്ട്. “‘റോക്കറ്ററി’യുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. മാധവൻ ബോഡി സെറ്റ് ചെയ്യാൻ ഒാസ്ട്രേലിയയിൽ പോയിരിക്കുകയാണ്. അതു രണ്ടുമാസം സമയമെടുക്കും. അതു കഴിഞ്ഞാവും സെക്കന്റ് ഷെഡ്യൂൾ ആരംഭിക്കുക,” പ്രജേഷ് സെൻ പറയുന്നു. മുൻപ് നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ‘ഓർമകളുടെ ഭ്രമണപഥം’ എന്നൊരു പുസ്തകവും പ്രജേഷ് സെൻ എഴുതിയിട്ടുണ്ട്. കൂടാതെ നമ്പിനാരായണന്റെ പുസ്‌തകം അടിസ്ഥാനമാക്കി ഒരു ഡോക്യമെന്ററിയും പ്രജേഷ് ഒരുക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook