/indian-express-malayalam/media/media_files/uploads/2019/02/jayasurya-prajesh-sen.jpg)
ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്ന വിപി സത്യന്റെ ജീവിതകഥ പറഞ്ഞ ചിത്രമായിരുന്നു ജയസൂര്യ പ്രധാന വേഷത്തിലെത്തിയ 'ക്യാപ്റ്റൻ'. നവാഗതനായ പ്രജേഷ് സെൻ ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ. ജയസൂര്യയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു 'ക്യാപ്റ്റനി'ലെ വിപി സത്യൻ. ചിത്രവും ഏറെ നിരൂപകപ്രശംസ നേടി.
പ്രജേഷ് സെനിന്നൊപ്പം അടുത്ത പ്രൊജക്റ്റിനു വേണ്ടി കൈകോർക്കാൻ ഒരുങ്ങുകയാണ് ജയസൂര്യ ഇപ്പോൾ. തന്റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് താരം ഈ വിശേഷം പങ്കുവെച്ചിരിക്കുന്നത്. ക്യാപ്റ്റൻ റിലീസിനെത്തിയിട്ട് ഒരു വർഷം പൂർത്തിയാകുന്ന ദിവസം തന്നെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ജയസൂര്യ.
" എന്റെ എക്കാലത്തെയും പ്രീയപ്പെട്ട ചിത്രങ്ങളിൽ ഒന്നായ 'ക്യാപ്റ്റൻ' നിങ്ങൾക്ക് മുന്നിൽ എത്തിയിട്ട് ഇന്ന് ഒരു വർഷം തികയുന്നു. ഓർമ്മകളുടെ ഗ്യാലറിയിൽ ഇരുന്ന് അനുഗ്രഹിച്ച സത്യേട്ടനും, പിന്നെ ഞങ്ങളെ സാന്നിധ്യം കൊണ്ട് പ്രോൽസാഹിപ്പിച്ച നിങ്ങൾ ഓരോരുത്തർക്കും ഒരായിരം നന്ദി. ക്യാപ്റ്റന്റെ ഒന്നാം വാർഷിക സമ്മാനമായി ഞാനും പ്രജേഷും വീണ്ടും ഒന്നിക്കുന്നു എന്ന സന്തോഷകരമായ വാർത്ത അറിയിക്കട്ടെ," ജയസൂര്യ കുറിക്കുന്നു. പുതിയ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും താരം വ്യക്തമാക്കി.
പ്രജേഷ് സെൻ തന്നെയായിരുന്നു തിരക്കഥ ഒരുക്കിയതും. അനു സിതാര, സിദ്ദിഖ്, രഞ്ജി പണിക്കർ, സൈജു കുറുപ്പ്, ദീപക് പറമ്പോൾ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റുതാരങ്ങൾ. അഞ്ചുവര്‍ഷം നീണ്ട ഒരുക്കങ്ങൾക്ക് ശേഷമായിരുന്നു പ്രജേഷ് 'ക്യാപ്റ്റൻ' ഒരുക്കിയത്.
നമ്പി നാരായണന്റെ ജീവിതക്കഥയെ ആസ്പദമാക്കിയൊരുങ്ങുന്ന ‘റോക്കറ്ററി: ദ നമ്പി എഫക്റ്റ്’ എന്ന ബയോപിക് ചിത്രത്തിന്റെ തിരക്കുകളിലാണ് പ്രജേഷ് സെൻ ഇപ്പോൾ. മാധവൻ നായകനും സംവിധാനസഹായിയുമൊക്കെയാവുന്ന ചിത്രത്തിൽ അസോസിയേറ്റ് സംവിധായകനായി പ്രവർത്തിക്കുന്നത് പ്രജേഷ് സെൻ ആണ്. മുൻപ് നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി 'ഓർമകളുടെ ഭ്രമണപഥം' എന്നൊരു പുസ്തകവും പ്രജേഷ് സെൻ ഒരുക്കിയിരുന്നു. നമ്പിനാരായണന്റെ പുസ്‌തകം അടിസ്ഥാനമാക്കി ഒരു ഡോക്യമെന്ററിയും പ്രജേഷ് ഒരുക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.