മിമിക്രി രംഗത്തു നിന്നും സിനിമയിലെത്തി ഇന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളായി മാറിയ കഥയാണ് നടൻ ജയസൂര്യയ്ക്ക് പറയാനുള്ളത്. ക്യാമറയ്ക്ക് മുന്നിൽ ഒന്നു വരാൻ ഒരുപാട് കഷ്ടപ്പെട്ട ആ പഴയ സിനിമാപ്രേമിയിൽ നിന്നും ഇന്ന് കാണുന്ന ജയസൂര്യയായി മാറിയതിനു പിന്നിൽ ഈ നടന്റെ കഠിനപരിശ്രമം ഒന്നു മാത്രമാണ് ഉള്ളത്.
തൃപ്പൂണിത്തുറ സ്വദേശിയായ ജയസൂര്യ മിമിക്രിയിലൂടെ കലാരംഗത്ത് തുടക്കം കുറിച്ചത്. തുടർന്ന് ഏഷ്യാനെറ്റ് കേബിൾവിഷൻ ചാനലിൽ അവതാരകനായി. ‘ദോസ്ത്’ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം അവതരിപ്പിച്ച് സിനിമയിലെത്തി. പിന്നീട് ‘ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ’ എന്ന ചിത്രത്തിലൂടെ നായകനായി. സൂപ്പർതാരചിത്രങ്ങൾക്കും പുതുമുഖ നായകന്മാരുടെ കടന്നുവരവിന് ഇടയിലും അഭിനയമികവു കൊണ്ട് തന്റേതായ ഒരു സമാന്തരപാത ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞ നടൻ കൂടിയാണ് ജയസൂര്യ.
ഇന്ന് മലയാളസിനിമയിൽ തന്റേതായൊരു ഇടം ജയസൂര്യ ഉറപ്പിച്ചു കഴിഞ്ഞു. മികച്ച നടനുള്ള കേരളസർക്കാറിന്റെ പുരസ്കാരം വരെ സ്വന്തമാക്കാൻ ഈ നടനു സാധിച്ചു. ഫുട്ബോൾ താരം വിപി സത്യന്റെ കഥ പറഞ്ഞ ‘ക്യാപ്റ്റൻ’, അടിച്ചമർത്തപ്പെട്ട ട്രാൻസ്ജെൻഡർ ആളുകളുടെ ജീവിതകഥ പറയുന്ന ‘ഞാൻ മേരിക്കുട്ടി’ തുടങ്ങിയ ചിത്രങ്ങളാണ് സംസ്ഥാന പുരസ്കാരത്തിന് ജയസൂര്യയെ അർഹനാക്കിയത്.
ഇപ്പോഴിതാ, നടനും ജയസൂര്യയുടെ സുഹൃത്തുമായ അജു വർഗീസ് പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. പഴയൊരു സിനിമാലൊക്കേഷനിൽ ആൾക്കൂട്ടത്തിൽ ഒരുവനായി നിൽക്കുന്ന ജയസൂര്യയുടെയും കടമറ്റത്ത് കത്തനാരുടെ വേഷത്തില്‍ ജയസൂര്യ എത്തുന്ന പുതിയ ചിത്രത്തിന്‍റെ ലൊക്കേഷനിൽ നിന്നുമുള്ള ചിത്രങ്ങളാണ് അജു പങ്കുവച്ചിരിക്കുന്നത്.
“പണ്ട് ഏതേലും ഒരു സിനിമയുടെ ക്യാമറയ്ക്ക് മുന്നിൽ വരാൻ കഷ്ടപ്പെട്ട നാളുകളിൽ നിന്നും ഇന്ന് 200 ക്യാമറകൾക്ക് മുന്നിൽ അങ്ങേര് നിൽക്കുന്ന ആ നിൽപ്പുണ്ടല്ലോ! ഈ ചിത്രം പറയും എല്ലാം.” എന്നാണ് അജു കുറിക്കുന്നത്.
പൂർണമായി വെർച്യുൽ പ്രൊഡക്ഷനിൽ ഒരുങ്ങുന്ന ആദ്യ മലയാള സിനിമ കൂടിയാണ് കത്തനാർ. ചിത്രത്തിൽ കത്തനാരുടെ വേഷമാണ് ജയസൂര്യയ്ക്ക്.
“ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായി ജംഗിൾ ബുക്ക്, ലയൺ കിങ് തുടങ്ങിയ വിദേശ സിനിമകളിൽ ഉപയോഗിച്ച സാങ്കേതിക വിദ്യയായ വിർച്യുൽ പ്രൊഡക്ഷൻ ഉപയോഗിച്ചുകൊണ്ട് ചിത്രീകരിക്കുന്ന ‘കത്തനാർ’ പ്രീപ്രൊഡകഷൻ ജോലികൾ ആരംഭിച്ചു. അന്താരാഷ്ട്ര സിനിമകളിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ കത്തനാരിലൂടെ മലയാള സിനിമയിൽ കൊണ്ടുവരാൻ അവസരമുണ്ടായതിൽ ഞങ്ങൾ അതീവ കൃതാർത്ഥരാണ്. പൂർണമായും നമ്മുടെ നാട്ടിലെ തന്നെ സാങ്കേതിക പ്രവർത്തകരെ അണിനിരത്തി ഒരുക്കുന്ന ഒരു അന്താരാഷ്ട്ര ചലച്ചിത്രമായിരിക്കും കത്തനാർ. ഏഴുഭാഷകളിൽ പുറത്തിറക്കുന്ന കത്തനാരിന്റെ പ്രീപ്രൊഡക്ഷനും പ്രിൻസിപ്പൽ ഫോട്ടോഗ്രാഫിയും ഒരു വർഷം കൊണ്ട് പൂർത്തിയാവും,” ചിത്രത്തെക്കുറിച്ച് സംവിധായകൻ റോജിന്‍ തോമസ് പറയുന്നതിങ്ങനെ.