/indian-express-malayalam/media/media_files/uploads/2018/02/jayasurya-interview-featured.jpg)
'അവസരങ്ങളിൽ ബുദ്ധിമുട്ട് കണ്ടെത്തുകയല്ല, മറിച്ച് ബുദ്ധിമുട്ടുകളില്‍ അവസരങ്ങള്‍ കണ്ടെത്തുക' എന്നതാണ് ജയസൂര്യയുടെ വിജയമന്ത്രം. കഥാപാത്രമായി മാറാന്‍ ഏതറ്റംവരെയും പോകുന്ന നടന്‍. ഫുട്‌ബോള്‍ കൈകൊണ്ട് തൊടാറില്ല, വി.പി സത്യനെക്കുറിച്ച് അത്രയൊന്നും അറിയില്ല. എന്നിട്ടും ഈ നടന്‍ വെള്ളിത്തിരയില്‍ സത്യനായി, നമ്മുടെ മനസ്സുകളെ തൊട്ടപ്പോള്‍, നമ്മള്‍ സത്യനെ കൂടുതല്‍ അറിഞ്ഞു, നെഞ്ചോടു ചേര്‍ത്തു.
? ജയസൂര്യയുടെ കരിയര്‍ ബെസ്റ്റ് എന്നാണ് 'ക്യാപ്റ്റനെ' പ്രേക്ഷകര്‍ വിലയിരുത്തുന്നത്. ആദ്യമായി അഭിനയിക്കുന്ന ബയോപിക്, 'ക്യാപ്റ്റനെ'ക്കുറിച്ച്.
സത്യം പറയട്ടെ, ഫുട്‌ബോള്‍ കൈകൊണ്ടു തൊടാത്ത ആളാണ് ഞാന്‍. വി.പി സത്യനേയും എനിക്ക് അറിയില്ലായിരുന്നു. പ്രജേഷ് ആദ്യമായി എന്നോടു പറഞ്ഞത് ജീവിതത്തില്‍ വി.പി സത്യന്‍ എന്ന പ്രതിഭ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളെക്കുറിച്ചാണ്. അപ്പോള്‍ തന്നെ 'നമ്മളീ സിനിമ ചെയ്യുന്നു' എന്നു ഞാന്‍ പ്രജേഷിനോടു പറഞ്ഞു. അവസരങ്ങളിൽ ബുദ്ധിമുട്ട് കണ്ടെത്താനല്ല, മറിച്ച് ബുദ്ധിമുട്ടുകളില്‍ അവസരങ്ങള്‍ കണ്ടെത്താനാണ് ഞാന്‍ ശ്രമിക്കാറുള്ളത്.
സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് എനിക്ക് റുമാറ്റിക് ഫീവര്‍ വന്നിട്ടുണ്ട്. അന്ന് ഡോക്ടര്‍ എന്നോടു പറഞ്ഞു ഒരു തരത്തിലുള്ള സ്‌പോര്‍ട്‌സ് ആക്ടിവിറ്റീസും വേണ്ട എന്ന്.
വായിക്കാം: 'ക്യാപ്റ്റന്‍' സിനിമാ റിവ്യൂ
ഫുട്‌ബോളിനെക്കുറിച്ച് ഒന്നും എനിക്കറിയില്ലായിരുന്നു. പക്ഷെ എനിക്ക് ഈ സിനിമ ചെയ്യണം എന്ന കഠിനമായ ആഗ്രഹവും ചെയ്യാന്‍ പറ്റുമെന്ന ആത്മവിശ്വാസവും ഉണ്ടായിരുന്നു.
? വി.പി സത്യനായി ജീവിച്ച ദിവസങ്ങള്‍
ഫുട്‌ബോളറിയാത്ത ഞാന്‍ ഫുട്‌ബോള്‍ പ്രാണവായുവായി കരുതുന്ന ഒരാളായി മാറുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. ജീവിക്കാന്‍ വേണ്ടി കാല്‍പ്പന്തുകളിച്ച ആളല്ല, മറിച്ച് കാല്‍പ്പന്തു കളിക്കാനായി ജീവിച്ച ആളാണ് വി.പി സത്യന്‍. അത് ജനങ്ങളെ ബോധ്യപ്പെടുത്തണമെങ്കില്‍ ഞാനാദ്യം സത്യനെ അറിയണം. വെറുമൊരു ഫുട്‌ബോള്‍ കളിക്കാരനല്ല, ക്യാപ്റ്റന്‍ എന്ന നിലയിലേക്ക് വളരണമെങ്കില്‍ പത്തുവര്‍ഷം ഇന്ത്യന്‍ ടീമിന്‍റെ നായകനാകണമെങ്കില്‍, അതും ആ ചെറിയ പ്രായത്തില്‍, അദ്ദേഹം എന്തുമാത്രം ഫുട്‌ബോളിനെ സ്‌നേഹിച്ചുകാണും. സത്യേട്ടന്‍റെ ആദ്യ പ്രണയം അതു തന്നെയായിരുന്നു. അദ്ദേഹത്തെ കൂടുതല്‍ പഠിക്കാന്‍, മനസ്സിലാക്കാന്‍ ഞാന്‍ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കണ്ടു സംസാരിച്ചു. പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല, അപ്പോളൊക്കെ സത്യേട്ടന്‍ എനിക്കൊപ്പം ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യം ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ഞാന്‍ വി.പി സത്യനാണെന്ന് വെറുതെ വിശ്വസിക്കുകയായിരുന്നില്ല, ആ ദിവസങ്ങളില്‍ ഞാന്‍ വി.പി സത്യന്‍ തന്നെയായിരുന്നു.
സത്യേട്ടന്‍ ആ ദിവസങ്ങളില്‍ അദ്ദേഹത്തിന്‍റെ ആത്മാവ് എനിക്ക് കടം തന്നിരുന്നു.
? ചിത്രീകരണത്തിനിടെ മറക്കാനാകാത്ത എന്തെങ്കിലും അനുഭവങ്ങള്‍
ആരോടും ഇതുവരെ പറയാത്തൊരു കാര്യമാണ്. ഞാന്‍ സിഗരറ്റു വലിക്കാത്ത ആളാണ്. പക്ഷെ ഇന്റര്‍വെലിനു തൊട്ടുമുമ്പുള്ള സീനില്‍ സത്യന്‍ സിഗരറ്റു വലിച്ച് ടി വി കാണുകയാണ്. ആ രംഗം ചിത്രീകരിക്കുന്നതിനു മുമ്പ് ആറിലധികം സിഗരറ്റുകള്‍ ഞാന്‍ വലിച്ചിട്ടുണ്ട്. പ്രജേഷ് എന്നോടു പറഞ്ഞു 'ജയേട്ടാ, നിങ്ങളെന്താണ് ഈ കാണിക്കുന്നത്? അവസാനം ഇതിനോട് അഡിക്ഷന്‍ തോന്നും കേട്ടോ' എന്ന്. പക്ഷെ അതൊക്കെ ഞാന്‍ വി.പി സത്യനു വേണ്ടി വലിച്ച സിഗരറ്റുകളായിരുന്നു. എനിക്കെന്താണ് അപ്പോള്‍ സംഭവിച്ചത് എന്ന് എനിക്കു തന്നെ അറിയില്ല.
വായിക്കാം: പ്രേജേഷ് സെന്‍ അഭിമുഖം
റിഹേഴ്‌സലോ റീടേക്കോ ഇല്ലാതെ ചിത്രീകരിച്ച സീനായിരുന്നു അത്. എല്ലാം ഒറ്റ സീക്വന്‍സില്‍ വേണമായിരുന്നു. ഭാര്യയോട് ദേഷ്യപ്പെടുന്നതും ടി വി എറിഞ്ഞു പൊട്ടിക്കുന്നതും, അവിടുന്ന് ഇറങ്ങിപ്പോകുന്നതുമെല്ലാം. ആ സമയത്ത് കാലിന്‍റെ ഞൊണ്ടല്‍ മറക്കാന്‍ പാടില്ല, കണ്ണൂര്‍ ഭാഷ കൈവിട്ട് പോകാന്‍ പാടില്ല. ആ സീനില്‍ സത്യന്‍ ദേഷ്യത്തില്‍ അനിതയുടെ മുഖം പിടിച്ച് തള്ളുന്നുണ്ട്. അത് ഞാന്‍ ശരിക്കും ചെയ്തതായിരുന്നു. ഒറ്റ തള്ളുവച്ചുകൊടുത്തു, അനുവിന്‍റെ മുഖം പിടിച്ച്. ആ സീന്‍ ചിത്രീകരിച്ച് ഉടന്‍ തന്നെ ഞാന്‍ അവളോടു പറഞ്ഞു 'മോളെ സോറി കേട്ടോ. അറിയാതെ സംഭവിച്ചതാണ്' എന്ന്. വി.പി സത്യന്‍ എന്നെ ആവേശിക്കുകയായിരുന്നു.
നമ്മള്‍ പറയില്ലേ, അപ്പോള്‍ ഞാന്‍ ദൈവത്തിന്‍റെ സാന്നിദ്ധ്യമറിഞ്ഞു എന്ന്. ഞാന്‍ ദൈവത്തിന്‍റെയും സത്യേട്ടന്‍റെയും സാന്നിദ്ധ്യം അപ്പോള്‍ അറിഞ്ഞിട്ടുണ്ട്.
? സത്യനാകാന്‍ നടത്തിയ തയ്യാറെടുപ്പുകള്‍
നേരത്തേ പറഞ്ഞതു പോലെ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളേയും കണ്ടു സംസാരിച്ചു. മൂന്നു മാസത്തോളം ഫുട്‌ബോള്‍ പരിശീലനം നടത്തി. പക്ഷെ അതിനെല്ലാം അപ്പുറത്തേക്ക് വൈകാരികമായി ഒരു തയ്യാറെടുപ്പുണ്ടായിരുന്നു. നോക്കൂ, ഒരു ഫുട്‌ബോളറുടെ ശരീരത്തിലേക്ക് മാറാനോ ശരീര ഭാരം കുറയ്ക്കാനോ താരതമ്യേന എളുപ്പമാണ്. പക്ഷെ സത്യന്‍ എന്ന മനുഷ്യനെ വൈകാരികമായി ഉള്‍ക്കൊള്ളുക എന്നതാണ് അതില്‍ ഏറ്റവും വലിയ വെല്ലുവിളി.
വായിക്കാം: 'ക്യാപ്റ്റനെ'ക്കുറിച്ച് അനു സിതാര
? 'പുണ്യാളന്‍', 'ആട് 2', രണ്ടും കോമഡിക്കു പ്രാധാന്യമുള്ള സിനിമകളായിരുന്നു. എന്നാല്‍ 'ക്യാപ്റ്റനാ'കട്ടെ അത്തരം ഒരു എലിമെന്റുമില്ല, ജോയ് താക്കോല്‍ക്കാരനില്‍ നിന്നും, ഷാജിപ്പാപ്പനില്‍ നിന്നും പെട്ടന്ന് സത്യനായി.
അത് സംഭവിക്കുന്നതാണ്. എങ്ങനെ എന്നു പറഞ്ഞു തരാന്‍ എനിക്ക് വാക്കുകള്‍ ഇല്ല. പണ്ട് ലാലേട്ടനൊക്കെ പറയുന്നതു കേട്ടിട്ട് ഓരോ കഥാപാത്രവും സംഭവിക്കുന്നതാണ് എന്ന്. അന്നു ഞാന്‍ വിചാരിച്ചിരുന്നു, പുള്ളി സീക്രട്ട് പറഞ്ഞുതരാത്തതാണ് എന്ന്. പക്ഷെ, ഇപ്പോള്‍ എനിക്കത് മനസ്സിലാകുന്നുണ്ട്. ചില കഥാപാത്രങ്ങള്‍ സംഭവിക്കുന്നതു തന്നെയാണ്. കോമഡിയുടെ ഒരു എലിമെന്റും ഇല്ലെന്നറിഞ്ഞിട്ടും ഈ ചിത്രം തിയേറ്ററില്‍ പോയി കാണാന്‍ മനസ്സുകാണിച്ച പ്രേക്ഷകരോട് പറഞ്ഞറിയിക്കാനാകാത്ത കടപ്പാടുണ്ട്.
/indian-express-malayalam/media/media_files/uploads/2018/02/prajesh-jayasurya.jpg)
? പ്രജേഷ് സെന്‍ എന്ന നവാഗത സംവിധായകനെക്കുറിച്ച്
പ്രജേഷിനെ ഒരു നവാഗത സംവിധായകന്‍ എന്നു ഞാന്‍ വിളിക്കില്ല. കാരണം ഈ സിനിമ അയാളുടെ മനസ്സില്‍ എന്നോ റിലീസായതാണ്. അഞ്ചാറു വര്‍ഷങ്ങളായി അയാളുടെ ഊണിലും ഉറക്കത്തിലും ഇതാണ്. പ്രജേഷിന്‍റെ അദ്ധ്വാനത്തിന്‍റെയും പാഷന്‍റെയും റിസള്‍ട്ടാണ് 'ക്യാപ്റ്റന്‍'.
വായിക്കാം: ആരായിരുന്നു വി പി സത്യന്‍
'ഫുക്രി' എന്ന സിനിമയുടെ ചിത്രീകരണസമയത്താണ് ഞാന്‍ പ്രജേഷിനെ പരിചയപ്പെടുന്നത്. സംവിധായകന്‍ സിദ്ദീഖിന്റെ അസിസ്റ്റന്റ് ആയിരുന്നു. പുള്ളി എനിക്ക് സീന്‍ ഒക്കെ വിവരിച്ചു തരുമ്പോള്‍ ഞാന്‍ പറയാറുണ്ടായിരുന്നു 'ഒരു ഭാവി സംവിധായകനെ കാണുന്നുണ്ടല്ലോടാ' എന്ന്. കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരാളാണ് പ്രജേഷിന് എന്നോട് ഈ കഥ പറയാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചത്. ഞാന്‍ പ്രജേഷിനോട് ചോദിച്ചു എന്തോ കഥയൊക്കെ ഉണ്ടെന്നു കേട്ടല്ലോ, എപ്പോളാ പറയുന്നതെന്ന്. അങ്ങനെയാണ് 'ക്യാപ്റ്റന്‍' പിറന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.