Thrissur Pooram: ലോകമെമ്പാടുമുള്ള പൂരപ്രേമികളുടെ കണ്ണും കാതും ഇന്ന് തൃശൂരിലെ പൂരപറമ്പിലാവും. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ തൃശൂർ പൂരത്തിന് സാംസ്കാരിക നഗരി വേദിയാവുകയാണ്. പൂരത്തിനിടയിൽ മറ്റൊരു ‘തൃശൂർ പൂരം’ കൂടി അനൗൺസ് ചെയ്തിരിക്കുകയാണ് ഫ്രൈഡേ ഫിലിം ഹൗസ്. ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ‘തൃശൂർ പൂരം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചാണ് ഇന്ന് പൂരത്തിനിടയിൽ അരങ്ങേറിയത്.
തൃശൂരിന്റെ ജീവിതവുമായി ബന്ധപ്പെട്ട, തൃശൂർ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയാവും ‘തൃശൂർ പൂരം’ എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. ജയസൂര്യ നായകനാവുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ്. ചിത്രം നിർമ്മിക്കുന്നത് ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ്. രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
‘തൃശൂർ പൂരത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ ലോഞ്ചിന് ഏറ്റവും മികച്ച ഇടം പൂരനഗരിയാണെന്ന വിശ്വാസത്തിലാണ് ഇതുപോലൊരു സർപ്രൈസ് ലോഞ്ച്’ എന്ന് വിജയ് ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിജയ് ബാബു, രതീഷ് വേഗ, നടനായ സന്തോഷ് കീഴാറ്റൂർ, ചിത്രത്തിന്റെ അണിയറപ്രവർത്തകർ തുടങ്ങിയവരും ലോഞ്ചിന് സാക്ഷിയാവാൻ പൂരനഗരിയിലെത്തിയിരുന്നു.
ജയസൂര്യയ്ക്ക് ഒപ്പമുള്ള ‘ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണ് ‘തൃശൂർ പൂരം’. ‘ഫിലിപ്സ് ആൻഡ് ദി മങ്കിപെൻ’, ‘ആട് ഒരു ഭീകരജീവിയാണ്’, ‘ആട് 2’ എന്നിവയായിരുന്നു മുൻ ചിത്രങ്ങൾ. ‘പുണ്യാളൻ അഗർബത്തീസ്’ എന്ന ചിത്രത്തിനു ശേഷം വീണ്ടും തൃശൂരിന്റെ പശ്ചാത്തലത്തിലുള്ള ഒരു ചിത്രത്തിൽ കൂടി ജയസൂര്യ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
രജിഷ വിജയനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ‘ജൂൺ’ ആയിരുന്നു ഫ്രൈഡേ ഫിലിം ഹൗസിന്റെ അവസാനചിത്രം. രജിഷ വിജയൻ്റെ ഗംഭീര മെയ്ക് ഓവറും ആറോളം വ്യത്യസ്ത ഗെറ്റപ്പുകളും കൊണ്ട് സിനിമാ വാർത്തകളിലിടം നേടുകയും വലിയ പ്രതീക്ഷകൾ ഉയർത്തുകയും ചെയ്ത ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രതികരണങ്ങൾ നേടിയിരുന്നു. നവാഗതനായ അഹമ്മദ് കബീർ ആണ് ചിത്രം സംവിധാനം ചെയ്തത്. പതിനാറോളം പുതുമുഖങ്ങളെ അവതരിപ്പിച്ചു ചരിത്ര വിജയം കരസ്ഥമാക്കിയ ‘അങ്കമാലി ഡയറീസിനു’ ശേഷം ഫ്രൈഡേ ഫിലിം ഹൌസ് ഏതാണ്ട് അത്രയോളം തന്നെ പുതുമുഖ കലാകാരന്മാർക്ക് അവസരം നൽകിയാണ് ‘ജൂണും’ തിയേറ്ററിലെത്തിച്ചത്. സംവിധായകനോടൊപ്പം ലിബിൻ വർഗീസ്, ജീവൻ ബേബി മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
Read more: une Movie Review: ‘ജൂണ്‍’- ഇതൊരു കംപ്ലീറ്റ് രജിഷ വിജയന്‍ ഷോ