ഷാജി പാപ്പനും കൂട്ടാളികളും രണ്ടാമത്തെ വരവ് ഗംഭീരമാക്കി. ആട് 2 വിനു മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽനിന്നും ലഭിക്കുന്നത്. ‘ആട് ഒരു ഭീകര ജീവിയാണ്’ ആദ്യ ഭാഗം തിയേറ്ററുകളില്‍ പരാജയമായിരുന്നെങ്കിലും ഷാജി പാപ്പനും കൂട്ടാളികളും യുവാക്കള്‍ക്കിടയില്‍ വന്‍ തരംഗം സൃഷ്ടിച്ചിരുന്നു. അതുകൊണ്ടു തന്നെ യുവാക്കള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു ‘ആട് 2’ വിനുവേണ്ടി. തിയേറ്ററുകളിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീർക്കുകയാണ് ആട് 2 വെന്നാണ് പ്രേക്ഷക പ്രതികരണം.

ആട് 2 വിജയിച്ചതിന് എല്ലാവർക്കും നന്ദി പറയാനാണ് ജയസൂര്യ ഫെയ്സ്ബുക്ക് ലൈവിൽ എത്തിയത്. ”ആട് 2 ഒരു മാസ് എന്റർടെയിനറാണെന്നും എല്ലാവർക്കും സിനിമ ഇഷ്ടപ്പെട്ടുവെന്നാണ് അറിയാൻ കഴിഞ്ഞത്. അതിലെ കഥാപാത്രങ്ങളെ വീണ്ടും സ്വീകരിച്ചതിന് നന്ദി. എന്റെ മകനും ആട് 2 ഇഷ്ടപ്പെട്ടു. ആട് 2 വെല്ലുവിളി നിറഞ്ഞതായിരുന്നു. ആട് ആദ്യഭാഗം പരാജയപ്പെട്ടിട്ടും അതിന്റെ രണ്ടാം ഭാഗവുമായി വരുന്നത് വലിയൊരു ചങ്കൂറ്റമാണ്. ആ ചങ്കൂറ്റം ഏറ്റെടുത്തത് വിജയ് ബാബുവാണ്. ആദ്യഭാഗത്തെക്കാൾ ശക്തമായ തിരക്കഥ എഴുതാൻ മിഥുൻ മാനുവൽ കാണിച്ച ചങ്കൂറ്റം. അതൊക്കെ തന്നെയാണ് ഈ സിനിമയുടെ നട്ടെല്ല്”.

ആരാധകരോട് തനിക്കൊരു അപേക്ഷയുണ്ടെന്നും ജയസൂര്യ ലൈവിൽ പറഞ്ഞു. ”പാലഭിഷേകം ചെയ്യുന്നത് കണ്ടു. എന്നോടുളള സ്നേഹം കൊണ്ടാണെന്ന് അറിയാം. അത് കണ്ടപ്പോൾ സന്തോഷമല്ല വിഷമമാണ് തോന്നിയത്”.

മെർസൽ സിനിമയുടെ റിലീസ് സമയത്ത് ദളപതി വിജയ്‌യും തന്റെ ആരാധകരോട് പാലഭിഷേകം വേണ്ടെന്ന് പറഞ്ഞിരുന്നു. ”എന്റെ സിനിമ റിലീസ് ചെയ്യുന്ന സമയത്ത് പാലഭിഷേകം ഒന്നും വേണ്ട എന്നു ഞാൻ നേരത്തെ പറഞ്ഞിട്ടുളളതാണ്. പക്ഷേ ഇപ്പോഴും എന്റെ ആരാധകർ അത് ചെയ്യുന്നുണ്ട്. പാലഭിഷേകം വേണ്ടാ” വിജയ് ആരാധകരോടായി പറഞ്ഞു.

Read More: ‘മെർസൽ’ ലഹരിയിൽ ആരാധകർ, വിജയ്‌ക്ക് പറയാനുളളത് ഒരേയൊരു കാര്യം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ