കൊച്ചിയിൽ പത്മ ജംങ്ഷനുസമീപം കെട്ടിടത്തിൽനിന്നും വീണയാളെ രക്ഷിക്കാതെ ആളുകൾ കാഴ്ചക്കാരായി നോക്കിനിന്ന സംഭവത്തിൽ പ്രതികരണവുമായി നടൻ ജയസൂര്യ. അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാതെ ആൾക്കാർ കാഴ്ചക്കാരായി നിൽക്കുന്നതു കണ്ടപ്പോൾ വിഷമമാണ് തോന്നിയതെന്ന് ജയസൂര്യ ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു.

”അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ എത്തിക്കാനുളള സാമാന്യ മര്യാദ പോലും കാട്ടാത്തതിൽ വളരെയധികം വിഷമമുണ്ട്. ഒരാളെ ആശുപത്രിയിൽ എത്തിക്കുകയെന്നത് നന്മയുളള കാര്യമാണ്. നമ്മുടെ അച്ഛനോ അമ്മയോ സഹോദരനോ ആണെങ്കിൽ നമ്മൾ ഒരു കാരണവശാലും നോക്കിനിൽക്കില്ല. അവിടെ നമ്മൾ വേറൊന്നും ചിന്തിക്കില്ല. അപ്പോൾ ആശുപത്രിയിലേക്ക് കൊണ്ടുപോകണം. നമ്മുടെ മുന്നിൽ നിൽക്കുന്നവനെ അതുപോലെ സ്നേഹിക്കാൻ നമുക്കാവണം”.

Read More: കൊച്ചിയിൽ അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാതെ ജനക്കൂട്ടം കാഴ്ചക്കാരായി; ഒടുവിൽ രക്ഷകയായത് രഞ്ജിനി

”അപകടത്തിൽപ്പെട്ട് കിടക്കുന്ന ഒരാളെ ആശുപത്രിയിൽ എത്തിക്കാനുളള മര്യാദ നമ്മൾ കാട്ടണം. അല്ലെങ്കിൽ നമ്മളൊക്കെ ജീവിച്ചിരിക്കുന്നതിൽ എന്ത് അർത്ഥമാണുളളത്. നമ്മളൊക്കെ കാണാത്ത ദൈവത്തെ വിളിക്കുന്നുണ്ട്. നമ്മൾ കാണുന്ന മുമ്പിലുളളവനെ സനേഹിക്കുകയാണ് ഏറ്റവും വലിയ കാര്യം. കാണാത്ത ദൈവത്തെ എങ്ങനെ സ്നേഹിക്കാൻ കഴിയും”.

”നല്ല വിഷമം തോന്നിയതുകൊണ്ടാണ് ലൈവിൽ വന്നത്. അപകടത്തിൽപ്പെട്ട ഒരാളെ ആശുപത്രിയിൽ എത്തിക്കാൻ ചെറുപ്പക്കാർ ശ്രമിക്കണം. അയാളെ ആശുപത്രിയിൽ എത്തിക്കാൻ മനസ്സ കാട്ടിയ സ്ത്രീക്കു മുന്നിൽ ഞാനുൾപ്പെടെയുളള പുരുഷ സമൂഹം തലകുനിക്കുന്നു” ജയസൂര്യ പറഞ്ഞു.

മെട്രോ നഗരമായ കൊച്ചിയിൽ ജീവനു വേണ്ടി പിടഞ്ഞയാളെ രക്ഷിക്കാതെ ജനക്കൂട്ടം കാഴ്ചക്കാരായി നിന്നപ്പോൾ രക്ഷകയായത് രഞ്ജിനി എന്ന സ്ത്രീയായിരുന്നു. ഹൈക്കോടതിയിലെ അഭിഭാഷകയായ രഞ്ജിനിയുടെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് തൃശ്ശൂർ ഡിവൈൻ നഗർ സ്വദേശി സജിയുടെ ജീവൻ രക്ഷിക്കാനായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ