ഫുട്ബോൾ കളിക്കാൻ ജയസൂര്യ വിളിക്കുന്നു. ഫുട്ബോളിനെ ഹൃദയം കൊണ്ട് സ്‌നേഹിക്കുന്നവരെ കളിക്കാനും ഒപ്പം അഭിനയിക്കാനുമാണ് ജയസൂര്യയുടെ ക്ഷണം.

തന്റെ പുതിയ ചിത്രമായ ക്യാപ്റ്റനിലേക്കാണ് ജയസൂര്യ പന്ത് തട്ടാനറിയുന്ന 12 നും 40 തിനുമിടയിൽ പ്രായമുളള കളിക്കാരെ വിളിക്കുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ജയസൂര്യ ഈ അപൂർവ അവസരം പ്രേക്ഷകരുമായി പങ്ക് വച്ചിരിക്കുന്നത്.

അവസരം…. അത് എല്ലായിപ്പോഴും വരണമെന്നില്ല എന്ന് ഓർമപ്പെടുത്തി കൊണ്ടുള്ളതാണ് ജയസൂര്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. കൂടുന്നോ കളിക്കാൻ എന്നാണ് ജയസൂര്യ ചോദിക്കുന്നത്. ക്യാപ്‌റ്റനൊപ്പം കളിക്കാൻ താൽപര്യമുളള ഫുട്ബോൾ കളിക്കാർക്ക് മാത്രമുളളതാണിതെന്നും പറയുന്നുണ്ട്.

മലയാളികളുടെ അഭിമാനമായ ഫുട്ബോൾ താരം വി.പി.സത്യന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് ക്യാപ്റ്റൻ. വി.പി.സത്യനായിട്ടാണ് ജയസൂര്യ ചിത്രത്തിൽ അഭിനയിക്കുന്നത്. ഇതിനായുള്ള തയാറെടുപ്പുകളും ജയസൂര്യ തുടങ്ങിക്കഴിഞ്ഞു. സിദ്ദിഖിന്റെ സംവിധാന സഹായിയാരുന്ന പ്രജേഷ് സെൻ ആണ് ക്യാപ്റ്റന്റെ സംവിധായകൻ. ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. 10 കോടിയിലധികം ചിലവു വരുന്ന ചിത്രം നിർമിക്കുന്നത് ഗുഡ്‌വിൽ എന്റർടെയിൻമെന്റിന്റെ ബാനറിൽ ടി.എൽ.ജോർജാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ