കേരളം കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ താരം വി.പി.സത്യന്‍റെ ജീവിതം ആസ്പദമാക്കി ജി.പ്രജേഷ് സെന്‍ എന്ന നവാഗത സംവിധായകന്‍ ഒരുക്കിയ ചിത്രം ‘ക്യാപ്റ്റന്‍’ ഇന്നു തിയേറ്ററുകളിലെത്തി. വി.പി.സത്യന്‍റെ കഥപറയുന്ന ചിത്രത്തിന് ഏറ്റവും അനുയോജ്യമായ പേരാണ് ക്യാപ്റ്റന്‍. 1992ല്‍ സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ നായകനായിരുന്നു.  പത്തുവര്‍ഷം ഇന്ത്യന്‍ ഫുട്‌ബോളിനെ നയിച്ചത് സത്യനായിരുന്നു.  അടുത്ത വര്‍ഷം കേരളം വീണ്ടും സന്തോഷ് ട്രോഫി നേടിയപ്പോഴും സത്യന്‍ ടീമിലുണ്ടായിരുന്നു.

വിജയാരവങ്ങള്‍ നിറഞ്ഞ സത്യന്‍റെ ജീവിതം എന്നാല്‍ ദുരന്തപര്യവസായിയായിരുന്നു. 2006ല്‍ ചെന്നൈയിലെ പല്ലാവരം റെയില്‍വേ സ്‌റ്റേഷനില്‍ തീവണ്ടി തട്ടിയാണ് സത്യന്‍ മരിക്കുന്നത്. ആത്മഹത്യയായിരുന്നു എന്നും പറഞ്ഞിരുന്നു.

നാല്‍പ്പത്തിയൊന്നാം വയസ്സിലാണ് സത്യനെ നമുക്ക് നഷ്ടമാകുന്നത്. 41 വര്‍ഷത്തെ സത്യന്‍റെ ജീവിതവും കാല്‍പ്പന്തുകളിയുമാണ് ‘ക്യാപ്റ്റന്‍’ എന്ന ചിത്രത്തിലൂടെ പ്രജേഷ് സെന്‍ പറയുന്നത്. ഒരു പക്ഷെ മലയാളത്തിലെ ആദ്യ സ്‌പോര്‍ട്‌സ് ബയോപിക് ആവും ‘ക്യാപ്റ്റന്‍’.

ജയസൂര്യയാണ് ചിത്രത്തില്‍ വി.പി.സത്യനായി എത്തുന്നത്. ഇന്ത്യയില്‍ പരാജയപ്പെട്ട ഫുട്‌ബോള്‍ എന്ന കായികകലയെ സ്‌നേഹിക്കുന്ന ഓരോ മനുഷ്യന്റേയും ഉള്ളില്‍ വിജയത്തിന്‍റെ വെന്നിക്കൊടി പാറിച്ച ക്യാപ്റ്റനാണ് സത്യന്‍. ഓരോ ശ്വാസത്തിലും അയാള്‍ സ്‌നേഹിച്ചത് കാല്‍പ്പന്തിനെയായിരുന്നു. അവഗണനകളുടേയും, അപമാനങ്ങളുടേയും നടുവില്‍ വിജയിയുടെ പുഞ്ചിരിയണിയാന്‍ പെടാപ്പാടുപെട്ട സത്യന്‍ സിനിമ കണ്ടിറങ്ങുന്നവരുടെ ഉള്ളില്‍ ഒരു വിങ്ങലാണ്. അയാളുടെ ആദ്യ പ്രണയവും, ആദ്യ ഭാര്യയുമെല്ലാം ഫുട്‌ബോളാണ്. അയാള്‍ ജീവിച്ചതിന്‍റെയും മരിച്ചതിന്‍റെയും കാരണം അതുമാത്രം.

Captain

‘ക്യാപ്റ്റന്‍’ എന്ന സിനിമ നിറയെ ഫുട്‌ബോള്‍ തന്നെയാണ്. തുടക്കം മുതല്‍ ഒരു ഗ്യാലറിയില്‍ ഇരുന്നു കളി കാണുന്ന ആവേശത്തോടെ ഈ ചിത്രം കാഴ്ചക്കാരെ തിയേറ്ററില്‍ ഇരുത്തുന്നുണ്ട്. സത്യന്‍ എന്ന മനുഷ്യനാണ് അവിടെ ഒരു ടീം. അയാളുടെ വിജയങ്ങള്‍ കണ്ടിരിക്കുന്നവരില്‍ ആവേശം നിറയ്ക്കും. അയാളുടെ ഓരോ വീഴ്ചകളിലും ഗ്യാലറിയിലിരിക്കുന്ന കാണികളെ പോലെ നമ്മളും തളരും.

കളിക്കളത്തിലെ സത്യനെ മാത്രമല്ല, ജീവിതത്തിലെ സത്യനെക്കുറിച്ചും സിനിമ നമ്മോടു പറയുന്നുണ്ട്. പ്രാണനോളം സ്‌നേഹിച്ച് കാല്‍പ്പന്തിന്‍റെ ലോകത്തുനിന്ന് മാറ്റി നിര്‍ത്തപ്പെടുന്നതോടെ വിഷാദത്തിലേക്കു നീങ്ങുകയും ഒടുവില്‍ 2006 ജൂലൈ 18ന് ഈ ലോകത്തോടു തന്നെ യാത്രപറയുകയും ചെയ്ത സത്യന്‍റെ മരണത്തിനും ജീവിതത്തിനുമുള്ള ഉത്തരം കൂടിയാണ് ക്യാപ്റ്റന്‍.

വായിക്കാം: ആരായിരുന്നു വി പി സത്യന്‍?

സത്യന്‍റെ മരണത്തെ തുടര്‍ന്ന് വീട്ടിലെത്തുന്ന മാധ്യമപ്രവര്‍ത്തകരോടു ഭാര്യ അനിത പറയുന്നുണ്ട് ‘എന്‍റെ സത്യേട്ടന്‍ മരിച്ചതല്ല, കൊന്നതാണ്’ എന്ന്. നമ്മളുള്‍പ്പെടുന്ന സമൂഹം സത്യനെ എങ്ങനെയാണ് കൊന്നത് എന്നു സിനിമ ഓര്‍മ്മിപ്പിക്കുന്നുണ്ട്. കളിക്കളത്തിനു പുറത്ത് ജേഴ്‌സിയഴിക്കുന്നതോടെ ഓരോ കായിക താരവും നേരിടുന്ന അവഗണനകളിലേക്കു കൂടിയാണ് പ്രജേഷ് സെന്‍ എന്ന നവാഗത സംവിധായകന്‍ തന്‍റെ ക്യാമറ തിരിച്ചിരിക്കുന്നത്.

ജയസൂര്യ എന്ന നടന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വേഷപ്പകര്‍ച്ചയാണ് വി.പി.സത്യന്‍ എന്നു നിസ്സംശയം പറയാം. കാലിന്‍റെ വേദന കടിച്ചമര്‍ത്തി സന്തോഷ് ട്രോഫി കളിക്കാനിറങ്ങുന്ന സത്യനെ ഇതില്‍പ്പരം നന്നായി അവതരിപ്പിക്കാന്‍ മറ്റൊരാള്‍ക്ക് കഴിയില്ല എന്ന് തോന്നിപ്പിക്കും വിധം കഥാപാത്രത്തെ കൃത്യമായി ഉള്‍ക്കൊണ്ടു നടന്‍. ഒരു കഥാപാത്രത്തിന്‍റെ സ്വാഭാവികതയ്ക്ക് ഏതറ്റംവരെയും പോകുന്ന ജയസൂര്യയുടെ മികച്ച പ്രകടനം ക്യാപ്റ്റനിലും കാണാം.

വായിക്കാം: ‘ക്യാപ്റ്റന്‍’ അനുഭവങ്ങള്‍ പങ്കു വച്ച് അനു സിതാര

വിജയം, പരാജയം, പോരാട്ടവീര്യം, വാശി, നിസ്സഹായത, വിഷാദം, സ്‌നേഹം, പ്രണയം തുടങ്ങി ഓരോ ഭാവങ്ങളെയും അതിശയിപ്പിക്കും വിധം ഗംഭീരമാക്കാന്‍ ജയസൂര്യയ്ക്കായി. ഹൃദയത്തില്‍ നിറയെ ഫുട്‌ബോള്‍ പ്രണയവുമായി നടക്കുന്ന സത്യന്‍റെ ജീവിത സഖി അനിതയായി അനു സിതാരയും മികച്ച പ്രകടനം കാഴ്ചവച്ചു. ക്യാപ്റ്റന്‍റെ നിഴലായ നായികയല്ല അനിത. പക്വതയോടെ കഥാപാത്രത്തെ അനു സിതാര കൈകാര്യം ചെയ്തു. എടുത്തു പറയേണ്ട മറ്റൊരു പ്രകടനം സിദ്ദിഖിന്റേതാണ്. അതിഥി വേഷത്തിലെത്തി ചിത്രത്തിന്‍റെ മാറ്റ് കൂട്ടി   മമ്മൂട്ടി. ദീപക് പറമ്പോൽ, രൺജി പണിക്കർ എന്നിവരെല്ലാം തങ്ങളുടെ കഥാപാത്രങ്ങളോടു നീതി പുലർത്തി.

ക്യാപ്റ്റന്‍റെ സംഗീതം ഉള്ളുനിറയ്ക്കുന്നതാണ്. തന്നെ ഏറ്റവും കൂടുതല്‍ വൈകാരികമായി വേട്ടയാടിയ ചിത്രം എന്നാണ് ക്യാപ്റ്റനെക്കുറിച്ച് സംഗീത സംവിധായകന്‍ ഗോപീ സുന്ദര്‍ പറഞ്ഞത്. റഫീഖ് അഹമ്മദ്, നിതീഷ് നടേരി എന്നിവരുടെ സുന്ദരമായ വരികള്‍ ശ്രേയ ഘോഷാല്‍, വാണി ജയറാം, പി.ജയചന്ദ്രന്‍ എന്നിവര്‍ പാടിയിരിക്കുന്നു.

തുടക്കക്കാരനെന്ന നിലയില്‍ പ്രജേഷ് സെന്‍ എന്ന സംവിധായകന് ‘ക്യാപ്റ്റനി’ല്‍ അഭിമാനിക്കാം. സത്യന്‍റെ ജീവിതത്തിലെ ദുരന്തങ്ങള്‍ പകര്‍ത്തുമ്പോള്‍ സംഭവിക്കുന്ന ചെറിയ നാടകീയത ഒഴിച്ചാല്‍, ‘ക്യാപ്റ്റന്‍’ ഒരു നല്ല സിനിമാ അനുഭവവും, ഓര്‍മ്മപ്പെടുത്തലുമാണ്. മനോഹരമായ സംഭാഷണങ്ങളാണ് ‘ക്യാപ്റ്റന്‍റെ’ മറ്റൊരു പ്രത്യേകത. ജയിക്കുന്നവര്‍ ചരിത്രത്തിന്‍റെ ഭാഗമാകുമ്പോള്‍ ചരിത്രം സൃഷ്ടിക്കുന്നത് പരാജയപ്പെട്ടവരാണെന്നു ചിത്രം പറയുന്നു.

എന്നാല്‍  വി.പി.സത്യനെ ഫുട്ബോൾ ലോകം ഇനിയും ഓർക്കേണ്ടതുണ്ട്, അംഗീകരിക്കേണ്ടതുണ്ട് എന്നു പറയുന്നിടത്ത് എവിടെയൊക്കെയോ സിനിമയ്ക്ക് വീഴ്ച പറ്റിയെന്നു തോന്നി. മറ്റു പലരാജ്യങ്ങളും തങ്ങൾക്കു വേണ്ടി കളിക്കാൻ സത്യനെ ക്ഷണിച്ചിട്ടും അദ്ദേഹം അത് നിരസിച്ചതായി സിനിമയിൽ പറയുന്നു. അത്തരം സംഭവങ്ങളെ സംവിധായകന് ദൃശ്യവത്കരിക്കാമായിരുന്നു. മറിച്ച് ചിത്രം സത്യന്‍റെ പരാജയങ്ങളിലേക്കാണ്  ചിത്രം കൂടുതല്‍  ശ്രദ്ധ കേന്ദ്രീകരിച്ചത്.

ക്ലൈമാക്സിൽ ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിൽ നടക്കുന്ന മത്സരത്തിൽ കാണിക്കുന്ന താരങ്ങളിൽ ആർക്കും ദക്ഷിണ കൊറിയക്കാരുടെ ഛായയില്ല എന്നതു ശ്രദ്ധിക്കപ്പെടുന്ന ഒരു പോരായ്മയാണ്. കണ്ണൂരിലെ ചൊക്ലി സ്വദേശിയാണ് സത്യൻ. കണ്ണൂർ ഭാഷ അനുകരിക്കാൻ ശ്രമിക്കുന്ന ജയസൂര്യ പലയിടത്തും പരാജയപ്പെട്ടെങ്കിലും സത്യന്‍റെ മനസ്സും കളിയോടുള്ള സമര്‍പ്പണവും പ്രത്യാശ കൈവെടിഞ്ഞുള്ള ഒടുവിലത്തെ യാത്രയുമെല്ലാം ജയസൂര്യ ഭദ്രമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ