Happy Birthday Jayasurya: മലയാളികളുടെ ഇഷ്ടതാരം ജയസൂര്യയുടെ പിറന്നാൾ ആണിന്ന്. താരത്തിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഫ്രൈഡേ ഫിലിം ഹൗസ്. ‘തൃശൂർ പൂരം’ എന്ന ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തുകൊണ്ടാണ് താരത്തിനുള്ള ആശംസ. പുള്ളു ഗിരി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്നത്. നിർമ്മാതാവും നടനുമായ വിജയ് ബാബുവും താരത്തിന് ആശംസകൾ നേർന്നു കൊണ്ട് ക്യാരക്ടർ പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്. ജയസൂര്യയുടെ 41-ാം പിറന്നാളാണ് ഇന്ന്.

കഴിഞ്ഞ തൃശൂർ പൂരത്തിന്റെ അന്നായിരുന്നു, ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ‘തൃശൂർ പൂരം’ എന്ന ചിത്രം അനൗൺസ് ചെയ്യപ്പെട്ടത്. പൂരപറമ്പിൽ വെച്ചു തന്നെ ചിത്രം അനൗൺസ് ചെയ്ത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു ഫ്രൈഡേ ഫിലിം ഹൗസ്. തൃശൂരിന്റെ ജീവിതവുമായി ബന്ധപ്പെട്ട, തൃശൂർ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയാവും ‘തൃശൂർ പൂരം’ എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. ജയസൂര്യ നായകനാവുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ്. രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.

ജയസൂര്യയ്ക്ക് ഒപ്പമുള്ള ‘ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണ് ‘തൃശൂർ പൂരം’. ‘ഫിലിപ്സ് ആൻഡ് ദി മങ്കിപെൻ’, ‘ആട് ഒരു ഭീകരജീവിയാണ്’, ‘ആട് 2’ എന്നിവയായിരുന്നു മുൻ ചിത്രങ്ങൾ. ‘പുണ്യാളൻ അഗർബത്തീസ്’ എന്ന ചിത്രത്തിനു ശേഷം വീണ്ടും തൃശൂരിന്റെ പശ്ചാത്തലത്തിലുള്ള ഒരു ചിത്രത്തിൽ കൂടി ജയസൂര്യ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

മലയാളസിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്തിയ നടന്മാരിൽ ഒരാളാണ് ജയസൂര്യ. മിമിക്രിയിലൂടെ കലാരംഗത്ത് തുടക്കം കുറിച്ച ജയസൂര്യയുടെ ആദ്യസിനിമ 2001 ൽ പുറത്തിറങ്ങിയ ‘ദോസ്ത്’ ആയിരുന്നു. വിനയൻ സംവിധാനം ചെയ്ത ‘ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ’ (2002) എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച ജയസൂര്യ അഭിനയ മികവു കൊണ്ട് യുവതാരങ്ങൾക്കിടയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. മികച്ച നടനുള്ള കേരളസർക്കാറിന്റെ പുരസ്കാരം വരെ സ്വന്തമാക്കാൻ ഈ നടനു സാധിച്ചു. ഫുട്ബോൾ താരം വിപി സത്യന്റെ കഥ പറഞ്ഞ ‘ക്യാപ്റ്റൻ’, അടിച്ചമർത്തപ്പെട്ട ട്രാൻസ്ജെൻഡർ ആളുകളുടെ ജീവിതകഥ പറയുന്ന ‘ഞാൻ മേരിക്കുട്ടി’ തുടങ്ങിയ ചിത്രങ്ങളാണ് സംസ്ഥാന പുരസ്കാരത്തിന് ജയസൂര്യയെ അർഹനാക്കിയത്.

Read more: വിപി സത്യനു ശേഷം സത്യൻമാഷായി ജയസൂര്യ; മഹാനടൻ സത്യന്റെ ജീവിതം സിനിമയാകുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook