Happy Birthday Jayasurya: മലയാളികളുടെ ഇഷ്ടതാരം ജയസൂര്യയുടെ 41-ാം പിറന്നാൾ ആണിന്ന്. താരത്തിന് ആശംസകളുമായി ആരാധകരും സഹപ്രവർത്തകരുമെല്ലാം രംഗത്തുണ്ട്. നടനും ജയസൂര്യയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളുമായ കുഞ്ചാക്കോ ബോബന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ഇസയുടെ അലമ്പ് അങ്കിളിന് ആശംസകൾ എന്നാണ് ചാക്കോച്ചൻ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്
“ജന്മദിനാശംസകൾ അളിയാ…” എന്നു തുടങ്ങുന്ന പോസ്റ്റിൽ ഇസയുടെ ഏറ്റവും അലമ്പ് അങ്കിളും ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളും എന്നാണ് ജയസൂര്യയെ ചാക്കോച്ചൻ വിശേഷിപ്പിക്കുന്നത്. ഇരുവരുടെയും കുടുംബത്തോടൊപ്പമുള്ള ചിത്രവും ചാക്കോച്ചൻ പങ്കുവച്ചിട്ടുണ്ട്.
സിനിമയ്ക്ക് പുറത്ത് ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ജയസൂര്യയും കുഞ്ചാക്കോ ബോബനും. കുഞ്ചാക്കോ ബോബൻ നായകനായ ‘ദോസ്ത്’ എന്ന ചിത്രത്തിൽ ചെറിയൊരു രംഗത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു ജയസൂര്യയുടെ സിനിമയിലേക്കുള്ള വരവ്. തുടർന്ന് സ്വപ്നക്കൂട്, ലോലിപോപ്പ്, ത്രീ കിംഗ്സ്, 101 വെഡ്ഡിംഗ്സ്, 4 ഫ്രണ്ട്സ്, കിലുക്കം കിലുകിലുക്കം, ഗുലുമാൽ, ട്വന്റി 20, സ്കൂൾ ബസ്, ഷാജഹാനും പരീക്കുട്ടിയും, പോപ്പിൻസ്, രാമന്റെ ഏദൻത്തോട്ടം തുടങ്ങി നിരവധിയേറെ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചു.
താരത്തിന് ആശംസകൾ നേർന്നു കൊണ്ട് ഫ്രൈഡേ ഫിലിം ഹൗസും ‘തൃശൂർ പൂരം’ എന്ന പുതിയ ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ ഇന്ന് രാവിലെ റിലീസ് ചെയ്തു. പുള്ളു ഗിരി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്നത്. നിർമ്മാതാവും നടനുമായ വിജയ് ബാബുവും താരത്തിന് ആശംസകൾ നേർന്നു കൊണ്ട് ക്യാരക്ടർ പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്.
‘തൃശൂർ പൂര’ത്തിന്റെ ലൊക്കേഷനിലാണ് താരമിപ്പോൾ. ജയസൂര്യ നായകനാവുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ്. രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. തൃശൂരിന്റെ ജീവിതവുമായി ബന്ധപ്പെട്ട, തൃശൂർ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയാണ് ‘തൃശൂർ പൂരം’ എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.
Read more: ജയസൂര്യയ്ക്ക് പിറന്നാൾ ആശംസകളുമായി ‘തൃശൂർ പൂരം’ അണിയറപ്രവർത്തകർ