ദീപാവലി ദിനത്തിൽ വടക്കുംനാഥനെ തൊഴാനും ലക്ഷദീപം കൊളുത്താനുമായി ഒരു അതിഥിയും വടക്കുംനാഥന്റെ മണ്ണിലെത്തിയിരുന്നു. അത് മറ്റാരുമല്ല, മലയാളികളുടെ പ്രിയതാരം ജയസൂര്യയായിരുന്നു ആ അതിഥി. വൈകിട്ട് ക്ഷേത്രത്തിലെത്തിയ ജയസൂര്യ വടക്കുംനാഥന് ലക്ഷദീപം കൊളുത്തുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങിൽ ശ്രദ്ധ നേടുകയാണ്. തിരക്കഥാകൃത്തും സംഗീത സംവിധായകനുമായ രതീഷ് വേഗയ്ക്ക് ഒപ്പമാണ് ജയസൂര്യ ക്ഷേത്രത്തിലെത്തിയത്.

‘തൃശൂർ പൂര’മെന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ജയസൂര്യ ഇപ്പോൾ. ‘തൃശൂർ പൂര’ത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ്. പുള്ളു ഗിരി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്നത്.

കഴിഞ്ഞ തൃശൂർ പൂരത്തിന്റെ അന്നായിരുന്നു, ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ‘തൃശൂർ പൂരം’ എന്ന ചിത്രം അനൗൺസ് ചെയ്യപ്പെട്ടത്. പൂരപറമ്പിൽ വെച്ചു തന്നെ ചിത്രം അനൗൺസ് ചെയ്ത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു ഫ്രൈഡേ ഫിലിം ഹൗസ്. തൃശൂരിന്റെ ജീവിതവുമായി ബന്ധപ്പെട്ട, തൃശൂർ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയാവും ‘തൃശൂർ പൂരം’ എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. അവകാശപ്പെടുന്നത്. രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജയസൂര്യയ്ക്ക് ഒപ്പമുള്ള ‘ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണ് ‘തൃശൂർ പൂരം’. ‘ഫിലിപ്സ് ആൻഡ് ദി മങ്കിപെൻ’, ‘ആട് ഒരു ഭീകരജീവിയാണ്’, ‘ആട് 2’ എന്നിവയായിരുന്നു മുൻ ചിത്രങ്ങൾ. ‘പുണ്യാളൻ അഗർബത്തീസ്’ എന്ന ചിത്രത്തിനു ശേഷം വീണ്ടും തൃശൂരിന്റെ പശ്ചാത്തലത്തിലുള്ള ഒരു ചിത്രത്തിൽ കൂടി ജയസൂര്യ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

കഴിഞ്ഞ ദിവസം പൊലീസ് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാരത്തണ്‍ ഉദ്ഘാടനവേദിയിലും ജയസൂര്യ എത്തിയിരുന്നു. ജയസൂര്യയും സിറ്റി പൊലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്രയും ചേർന്ന് സൂംബ കളിച്ചതും വാർത്തയായിരുന്നു. ഓട്ടത്തിനു മുന്‍പ് വാം അപ് ചെയ്യാന്‍ വേണ്ടിയാണ് സൂംബ നൃത്തം സംഘടിപ്പിച്ചത്. ഇരുവരും ചേര്‍ന്ന് സൂംബ നൃത്തം കളിക്കുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു.

Read more: ‘ഇതിനൊക്കെ നല്ല സ്റ്റാമിന വേണമല്ലേ’; സൂംബ കളിച്ച് ജയസൂര്യയും യതീഷ് ചന്ദ്രയും, വീഡിയോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook