ഓണക്കാലത്ത് കുടുംബത്തോടൊപ്പം മൂകാംബിക യാത്രയിലാണ് നടൻ ജയസൂര്യ. ഭാര്യ സരിത, മകൻ അദ്വൈത്, സഹോദരി ഭർത്താവ് സനൂപ് നമ്പ്യാർ എന്നിവരും താരത്തിനൊപ്പമുണ്ട്. മൂകാംബികയിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുകയാണ് ജയസൂര്യ.
“ജാതി മത ഭേദമന്യേ പ്രാർത്ഥനാ ഹൃദയങ്ങൾ എത്തുന്ന പുണ്യഭൂമി. ആത്മാർത്ഥമായ നമ്മുടെ ആഗ്രഹങ്ങൾ നിറവേറ്റിത്തരുന്ന സന്നിധി. അറിവിന്റെ ഭൂമി.അറിവ് അറിവാകുന്നത് അനുഭവിക്കുമ്പോഴാണ്. അനുഭൂതികളുടെ മൂകാംബിക,” ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ജയസൂര്യ കുറിച്ചു.
കഴിയുമ്പോഴെല്ലാം യാത്ര പോവാൻ സമയം കണ്ടെത്തുന്ന നടൻ കൂടിയാണ് ജയസൂര്യ. “ഓര്‍മ്മകളാണ് ഓരോ യാത്രയും തരുന്നത്. എന്റെ ജീവിതത്തില്‍ എനിക്കേറ്റവും വിലപ്പെട്ടത് എന്താണെന്നു ചോദിച്ചാല്‍ പണത്തേക്കാള്‍ ഞാന്‍ വിലകല്‍പ്പിക്കുന്നത് ‘മൊമന്റ്‌സിന്’ ആണ്. ജോലിയില്‍ നിന്നും വിരമിച്ചു കഴിഞ്ഞാണ് ജീവിതം ആസ്വദിച്ചു തുടങ്ങേണ്ടത് എന്നു പറയാറുണ്ട് പലരും. മണ്ടത്തരമാണ് അത്. അറുപതു വയസ്സു കഴിഞ്ഞാല്‍ ചിലപ്പോള്‍ ഒരു ലഡു പോലും കഴിക്കാന്‍ പറ്റില്ല, പിന്നെയാണ് യാത്ര. അതു കൊണ്ട് ആരോഗ്യത്തോടെ ഇരിക്കുമ്പോള്‍ തീര്‍ച്ചയായും യാത്ര ചെയ്യണം. ജീവിതം ഇത്രയേ ഉള്ളൂ, അതു ആസ്വദിക്കുക,” തന്റെ കാഴ്ചപ്പാടിനെ കുറിച്ച് ജയസൂര്യ ഒരു അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.
സരിതയ്ക്ക് ഒപ്പം കൈലാസത്തിലേക്ക് നടത്തിയ യാത്രയാണ് തന്നെ സംബന്ധിച്ച് ഏറ്റവും ഓർത്തിരിക്കുന്ന യാത്രകളിലൊന്നെന്നും ജയസൂര്യ പറഞ്ഞു. “ഞാനും സരിതയും കൂടെ കൈലാസം പോയതാവും എന്നെ സംബന്ധിച്ച് എന്നും ഓര്‍ത്തിരിക്കുന്ന പവിത്രമായ യാത്ര. ഹിമാലയം പോവുക എന്നതു തന്നെ വലിയൊരു ഭാഗ്യമാണ്. 10- 50 പടിയില്‍ കൂടുതല്‍ നടന്നോ, എന്നെ പോലെ ബുദ്ധിമുട്ടിയോ ഒന്നും ശീലമില്ലാത്ത കുട്ടിയാണ്. അവളെയും കൊണ്ട് ഹിമാലയത്തില്‍ പതിനാലു കിലോമീറ്ററോളം കയറ്റം കയറുക എന്നത് ഒരു സാഹസികമായ അനുഭവമായിരുന്നു. എല്ലില്‍ കുത്തുന്ന തണുപ്പും കാലാവസ്ഥയും. വേണ്ട ബാത്ത്റൂം സൗകര്യങ്ങള്‍ പോലുമില്ല. രണ്ടു മൂന്നു ദിവസം നീണ്ട യാത്ര. സരിതയ്ക്ക് ആണെങ്കില്‍ കാലുവേദന. അതിനിടയില്‍ മഞ്ഞുമലകള്‍ കടന്നു പോവണം. മഞ്ഞെന്നു പറഞ്ഞാല്‍ സിനിമയില്‍ നായകന്‍ നായികയുടെ മേലേക്ക് എടുത്തെറിയുന്ന മഞ്ഞല്ല. ചവിട്ടി കഴിഞ്ഞാല്‍ വഴുക്കും. ഒറ്റപോക്ക് അങ്ങ് പോവും. മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു അത്.”