മനസ്സു തൊടുന്ന ചില നിസ്വാർത്ഥ സ്നേഹങ്ങളുണ്ട്. അത്തരമൊരു സ്നേഹം ഏറ്റുവാങ്ങിയതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ ജയസൂര്യ. വാഗമണിൽ ഒരു കുഞ്ഞു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴുള്ള അനുഭവമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഊണിനൊപ്പം കൊച്ചുമകനായി ഒരുക്കിയ ഭക്ഷണത്തിന്റെ ഒരു പങ്കും തനിയ്ക്കായി നൽകിയ അമ്മയുടെ ചിത്രവും ജയസൂര്യ പങ്കുവച്ചിട്ടുണ്ട്.
“ഇവിടുത്തെ കുഞ്ഞിന് സ്കൂളിൽ കൊണ്ടുപോവാൻ ഉണ്ടാക്കിയതാണ്, കൊറച്ച് മോനും കഴിച്ചോ,” എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് ജയസൂര്യ കുറിക്കുന്നത്.
അടുത്തിടെ, മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരവും ജയസൂര്യ നേടിയിരുന്നു. ‘വെള്ളം’ എന്ന ചിത്രത്തിലെ അഭിനയമാണ് സംസ്ഥാന പുരസ്കാരത്തിന് ജയസൂര്യയെ അർഹനാക്കിയത്.
ഈശോ, മേരി ആവാസ് സുനോ, ലോൺ ലൂതർ എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളും ജയസൂര്യയുടേതായി അണിയറയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഒപ്പം, രാമസേതു, കത്തനാർ, ആട് 3, ടർബോ പീറ്റർ എന്നിവയും താരത്തിന്റേതായി അനൗൺസ് ചെയ്തു കഴിഞ്ഞു.