ഓരോ സിനിമ കഴിയുമ്പോഴും തന്നെതന്നെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന നടനാണ് ജയസൂര്യ. തന്നോടുതന്നെയാണ് ജയസൂര്യയുടെ മത്സരം. മിമിക്രി രംഗത്തു നിന്നുമെത്തി മലയാളത്തിന്റെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളായി മാറിയ ജയസൂര്യയുടെ ജീവിതം അഭിനയമോഹവുമായി നടക്കുന്ന ഒരുപാട് ചെറുപ്പക്കാർക്ക് പ്രചോദനമാവുന്ന ഒന്നാണ്.
ക്യാമറയ്ക്ക് മുന്നിൽ ഒന്നു മുഖം കാണിക്കാൻ ഒരുപാട് കഷ്ടപ്പെട്ട ഒരു കാലം ജയസൂര്യയ്ക്കുമുണ്ടായിരുന്നു. ജീവിതത്തിലെ അത്തരമൊരു നിമിഷം ഓർത്തെടുത്ത് ജയസൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മഞ്ജുവാര്യർക്കൊപ്പം ജയസൂര്യ അഭിനയിക്കുന്ന പ്രജേഷ് സെൻ ചിത്രം ‘മേരി ആവാസ് സുനോ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയിലായിരുന്നു താരം മനസ്സു തുറന്നത്.
താനിപ്പോൾ ഈ സ്റ്റേജിൽ നിൽക്കുന്നത് സന്തോഷത്തോടെയും അഭിമാനത്തോടെയുമാണെന്നു പറഞ്ഞുകൊണ്ടാണ് ജയസൂര്യ സംസാരിച്ചുതുടങ്ങിയത്. ” ഇതെനിക്ക് അഭിമാനനിമിഷമാണ് എന്നു പറയാൻ കാരണം. വർഷങ്ങൾക്കു മുൻപ് പത്രം എന്ന സിനിമയിലെ നായി മഞ്ജുവാര്യർ. അന്ന് അതിലൊരു വേഷമെങ്കിലും കിട്ടാനായി ആ ലൊക്കേഷനിൽ ഒരു ജൂനിയർ ആർട്ടിസ്റ്റായി പലദിവസം നടന്നപ്പോൾ ദൂരെ നിന്ന് മഞ്ജുവാര്യരെ കാണാനുള്ള ഭാഗ്യമെനിക്കുണ്ടായി. ആ സിനിമയിലൊരു പ്രസ് മീറ്റ് രംഗത്തിൽ കുറേ പത്രക്കാര് ഇരിക്കുന്നതിനൊപ്പം ഒന്നിരിക്കാൻ ഭാഗ്യമുണ്ടായി. പത്രമെന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായ ഞാൻ ഇന്ന് മഞ്ജുവാര്യർ എന്ന ബ്രില്ല്യന്റായിട്ടുള്ള അഭിനേത്രിയ്ക്ക് ഒപ്പം അഭിനയിച്ചു എന്നു പറയുന്നത് എന്നെ സംബന്ധിച്ച് സ്വപ്നതുല്യമായൊരു കാര്യം തന്നെയാണ്.”
“ഞാൻ അന്നുമിന്നും ഒരുപാട് ആരാധിക്കുന്ന നായികയാണ്. കാരണം സിനിമയെ സ്നേഹിക്കാനായിട്ട് നമ്മൾ പോലുമറിയാതെ ചിലർ നമ്മെ സ്വാധീനിക്കാറുണ്ട്. മമ്മൂക്കയെ പോലെ, ലാലേട്ടനെ പോലെ… അതുപോലെ സിനിമയെ സ്നേഹിക്കാൻ എന്നെ പഠിപ്പിച്ച അഭിനേത്രിയാണ് മഞ്ജു. മഞ്ജുവിനൊപ്പം അഭിനയിക്കാൻ പറ്റുക എന്നത് എനിക്ക് വലിയ സന്തോഷമാണ്,” ജയസൂര്യ പറഞ്ഞു.
തൃപ്പൂണിത്തുറ സ്വദേശിയായ ജയസൂര്യ മിമിക്രിയിലൂടെ കലാരംഗത്ത് തുടക്കം കുറിച്ചത്. തുടർന്ന് ഏഷ്യാനെറ്റ് കേബിൾവിഷൻ ചാനലിൽ അവതാരകനായി. ‘ദോസ്ത്’ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം അവതരിപ്പിച്ച് സിനിമയിലെത്തി. പിന്നീട് ‘ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ’ എന്ന ചിത്രത്തിലൂടെ നായകനായി. സൂപ്പർതാരചിത്രങ്ങൾക്കും പുതുമുഖ നായകന്മാരുടെ കടന്നുവരവിന് ഇടയിലും അഭിനയമികവു കൊണ്ട് തന്റേതായ ഒരു സമാന്തരപാത ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞ നടൻ കൂടിയാണ് ജയസൂര്യ.
ഇന്ന് മലയാളസിനിമയിൽ തന്റേതായൊരു ഇടം ജയസൂര്യ ഉറപ്പിച്ചു കഴിഞ്ഞു. മികച്ച നടനുള്ള കേരളസർക്കാറിന്റെ പുരസ്കാരം രണ്ടുതവണയാണ് ജയസൂര്യ നേടിയത്. ഫുട്ബോൾ താരം വിപി സത്യന്റെ കഥ പറഞ്ഞ ‘ക്യാപ്റ്റൻ’, അടിച്ചമർത്തപ്പെട്ട ട്രാൻസ്ജെൻഡർ ആളുകളുടെ ജീവിതകഥ പറയുന്ന ‘ഞാൻ മേരിക്കുട്ടി’, ‘വെള്ളം’ തുടങ്ങിയ ചിത്രങ്ങളാണ് സംസ്ഥാന പുരസ്കാരത്തിന് ജയസൂര്യയെ അർഹനാക്കിയത്.