നടൻ മോഹൻലാലിനോട് നന്ദി പറഞ്ഞ് ജയറാം. ഓണം റിലീസായി എത്തുന്ന തന്റെ പുതിയ ചിത്രം ആകാശ മിഠായിയുടെ ഭാഗമായതിലാണ് ലാലിനോട് ജയറാം നന്ദി പറഞ്ഞത്. ”ആകാശ മിഠായി സിനിമയുടെ മോഷൻ ടൈറ്റിൽ ഇത്രയും ഹിറ്റായതിനു കാരണം അതിന് പിന്നിലെ മാസ്മരിക ശബ്ദമാണ്. അത് മറ്റാരുമല്ല. മലയാളത്തിന്റെ മഹാനടനായ മോഹന്‍ലാലാണ് അതിന് ശബ്ദം നല്‍കിയത്. അതിന് അദ്ദേഹത്തിനോട് ആകാശ മിഠായിയുടെ മുഴുവൻ ടീമും നന്ദി പറയുന്നതായി” ജയറാം ഫെയ്സ്ബുക്ക് ലൈവിലൂടെ പറഞ്ഞു.

സമുദ്രക്കനി സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് ആകാശമിഠായി. സമുദ്രക്കനി തന്നെ തമിഴില്‍ സംവിധാനം ചെയ്ത് അഭിനയിച്ച അപ്പ എന്ന ചിത്രത്തിന്റെ റീമേക്കാണ് ഈ ചിത്രം. സമുദ്രക്കനി ചെയ്ത വേഷമാണ് ജയറാം അഭിനയിക്കുന്നത്. വരലക്ഷ്മി ശരത്കുമാറാണ് നായിക.

മോഹൻലാലിന്റെ ശബ്ദത്തോടെയാണ് മോഷൻ പോസ്റ്റർ തുടങ്ങുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനത്തിലെ വരികളാണ് മോഹന്‍ലാല്‍ പറയുന്നത്. ‘അന്നേരം കേശവന്‍ നായരും സാറാമ്മയയും തങ്ങള്‍ക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിന് എന്തു പേരിടണമെന്ന് ആലോചിച്ചു. അവര്‍ ചെറിയ കടലാസു തുണ്ടുകളില്‍ പേരുകള്‍ എഴുതി. ഒന്ന് സാറാമ്മയും വേറൊന്ന് കേശവന്‍ നായരും എടുത്തു. കേശവന്‍ നായര്‍ കടലാസു കഷ്ണം വിതുര്‍ത്തു നോക്കി പ്രഖ്യാനം ചെയ്തു: മിഠായി. സാറാമ്മയും വിതുര്‍ത്തു നോക്കി പതിയെ പറഞ്ഞു: ആകാശം. ഒടുവില്‍ അവര്‍ ഉറപ്പിച്ചു ആകാശമിഠായി’. മോഹൻലാലിന്റെ ശബ്ദം തീരുന്നിടത്താണ് ചിത്രത്തിൽ ടൈറ്റിൽ എഴുതിക്കാണിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ