മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകന്മാരിലൊരാളാണ് ജയറാം. 80-90 കാലഘട്ടങ്ങളിൽ ഗൃഹാതുരത്വം ഉണർത്തുന്ന ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്നു താരം. പിന്നീട് ഫീൽ ഗുഡ് ചിത്രങ്ങളിലേക്ക് മാറിയ ജയറാം നന്മ നിറഞ്ഞ അച്ഛൻ കഥാപാത്രങ്ങൾ ചെയ്തു. പക്ഷെ അവയൊന്നും പ്രേക്ഷക ശ്രദ്ധ നേടിയില്ല. മണിയത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവനി’ലാണ് ജയറാം അവസാനമായി അഭിനയിച്ചത്. ചിത്രത്തിൽ വളരെ വേറിട്ട കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
സോഷ്യൽ മീഡിയയിൽ സജീവമായ ജയറാം ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം തന്റെ വീട്ടിലുള്ള പച്ചക്കറിത്തോട്ടത്തിന്റെ ദൃശ്യങ്ങൾ താരം ഷെയർ ചെയ്തിരുന്നു. അതേ തോട്ടത്തിൽ കൂടി കസവു മുണ്ടും അണിഞ്ഞ് നടക്കുന്ന ജയറാമിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അദ്വൈതം എന്ന ചിത്രത്തിലെ അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് എന്ന ഗാനം പശ്ചാത്തലമായി കേൾക്കാം. ഈ ഗാനരംഗത്തിൽ ജയറാമും സൗമ്യയുമാണ് അഭിനയിച്ചത്.
വീണ്ടും അതേ രീതിൽ വസ്ത്രം ധരിച്ചെത്തിയ താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പണ്ടത്തേക്കാളും ചുള്ളനായല്ലോ എന്നാണ് പോസ്റ്റിനു താഴെ നിറയുന്ന കമന്റ്.
ജയറാം അവസാനമായി അഭിനയിച്ച പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗം ഏപ്രിൽ 28 ന് റിലീസിനെത്തും. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ബുധനാഴ്ച ചെന്നൈയിൽ നടന്നു.