മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ മമ്മൂട്ടിയും ജയറാമും ജീവിതത്തിലും ഊഷ്മളമായൊരു സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്. വലിയേട്ടനെ പോലെ ജീവിതത്തിൽ എന്നും പിന്തുണ നൽകുന്ന മമ്മൂട്ടിയെ കുറിച്ച് പല അഭിമുഖങ്ങളിലും ജയറാം വാചാലനാവാറുണ്ട്.
ജയറാം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. “തെലുങ്ക് സിനിമാചിത്രീകരണത്തിനായി ഹൈദരാബാദിൽ എന്റെ സ്വന്തം മമ്മൂക്കയ്ക്ക് ഒപ്പം,” എന്നാണ് മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള ചിത്രം ഷെയർ ചെയ്ത് ജയറാം കുറിച്ചത്.
ചിത്രത്തിനു താഴെ രസകരമായ കമന്റുകളാണ് നിറയുന്നത്. വർഷങ്ങൾക്കപ്പുറം മമ്മൂട്ടിയും ജയറാമും സഹോദരന്മാരായി എത്തിയ ധ്രുവം എന്ന ചിത്രത്തെ ഓർമ്മപ്പെടുത്തുന്നതാണ് ഭൂരിഭാഗം കമന്റുകളും. നരസിംഹ മന്നാടിയാരും അനുജന് വീരസിംഹ മന്നാടിയാരും ഒരു ഫ്രെയിമിൽ, മന്നാടിയാർ ബ്രദേഴ്സ് എന്നിങ്ങനെ പോവുന്നു കമന്റുകൾ.
1993 ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ഹിറ്റ് ചിത്രമാണ് ‘ധ്രുവം’. നരസിംഹ മന്നാടിയാരുടെ കഥ പറഞ്ഞ ചിത്രത്തിന്റെ സംവിധായകന് ജോഷിയായിരുന്നു. മമ്മൂട്ടി, ജയറാം, ഗൗതമി, സുരേഷ് ഗോപി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം മലയാളികള്‍ക്കു ഏറെ പ്രിയപ്പെട്ടതാണ്. സൂപ്പര്‍ താരം ചിയാന്‍ വിക്രമും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ‘റോഷാക്ക്’ ആണ് മമ്മൂട്ടിയുടെ പുതിയ ചിത്രം. മമ്മൂട്ടികമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ‘പൊന്നിയില്‍ സെല്വന്’ ആണ് ജയറാമിന്റെ പുറത്തിറങ്ങാനുളള ചിത്രം. മണിരത്നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം സെപ്തംബര്‍ 30 നു തീയറ്റുകളിലെത്തും.