മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകന്മാരിലൊരാളാണ് ജയറാം. 80-90 കാലഘട്ടങ്ങളിൽ ഗൃഹാതുരത്വം ഉണർത്തുന്ന ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്നു താരം. പിന്നീട് ഫീൽ ഗുഡ് ചിത്രങ്ങളിലേക്ക് മാറിയ ജയറാം നന്മ നിറഞ്ഞ അച്ഛൻ കഥാപാത്രങ്ങൾ ചെയ്തു. പക്ഷെ അവയൊന്നും പ്രേക്ഷക ശ്രദ്ധ നേടിയില്ല. മണിയത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവനി’ലാണ് ജയറാം അവസാനമായി അഭിനയിച്ചത്. ചിത്രത്തിൽ വളരെ വേറിട്ട കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
സോഷ്യൽ മീഡിയയിൽ സജീവമായ ജയറാം ഇടയ്ക്ക് തന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്. താരം തന്റെ പുതിയ ലുക്കിലുള്ള ചിത്രം കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് കുറച്ചു നാളുകളായി ജയറാം പ്രത്യക്ഷപ്പെടുന്നത്. അതേ ലുക്കിൽ തന്നെയുള്ള ചിത്രമാണ് താരം ഷെയർ ചെയ്തത്.
നടൻ മഹേഷ് ബാബുവിനൊപ്പമുള്ള ചിത്രമാണ് ഇപ്പോൾ ജയറാം പങ്കുവച്ചിരിക്കുന്നത്. “കൃഷ്ണ സാറിന്റെ സിനിമകൾ കണ്ടാണ് വളർന്നത്, ഇപ്പോൾ അദ്ദേഹത്തിന്റെ മകനൊപ്പം” എന്നാണ് ജയറാം ചിത്രത്തിനു താഴെ കുറിച്ചത്. ഒരു തെലുങ്ക് ചിത്രം ജയറാമിന്റേതായി പുറത്തിറങ്ങുന്നുണ്ടെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. തെലുങ്ക് സിനിമാലോകത്ത് നടൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ പ്രശസ്തി നേടിയ താരമാണ് കൃഷ്‌ണ. 2022 നവംബർ 12നാണ് അദ്ദേഹം മരണമടഞ്ഞത്.
ജയറാം പങ്കുവച്ച പുതിയ ലുക്കിലുള്ള ചിത്രങ്ങൾക്കു താഴെ അനവധി കമന്റുകളാണ് നിറഞ്ഞത്. താങ്കളുടെ ഈ ലുക്ക് അടിപൊളിയാണ്, ഒരു വില്ലൻ വേഷം ചെയ്തു നോക്കൂ എന്നാണ് ഒരു ആരാധകൻ കമന്റു ചെയ്തത്. നന്മമരം കഥാപാത്രങ്ങൾ വിട്ട് പിടിക്കൂ എന്നും കമന്റുകളുണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ ജയറാമിന്റേത്. പാർവതിയും മക്കളായ കാളിദാസനും മാളവികയുമൊക്കെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. അച്ഛനെയും അമ്മയെയും പോലെ അഭിനയ മേഖലയിൽ ചുവടുറപ്പിച്ച താരമാണ് കാളിദാസ്. തമിഴ് സിനിമാ ലോകത്താണ് കാളിദാസ് സജീവമാകുന്നത്. ജയറാം മുഖ്യ കഥാപാത്രങ്ങളിലൊന്നായി എത്തുന്ന ‘പൊന്നിയിൻ സെൽവ’ന്റെ രണ്ടാം ഭാഗം ഏപ്രിൽ മാസം റിലീസിനെത്തും.