വർഷങ്ങൾക്കുശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങി വരവിനൊരുങ്ങുകയാണ് മീര ജാസ്മിൻ. പേര് ഇട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ജയറാം ആണ് ചിത്രത്തിലെ നായകൻ. സത്യൻ അന്തിക്കാട്, ജയറാം, മീര ജാസ്മിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിനായ് ആരാധകരും കാത്തിരിക്കുകയാണ്.
ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽനിന്നുള്ള വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ജയറാം. ക്യാമറയിൽ എന്തോ നോക്കുന്ന ജയറാമിനെയും മീര ജാസ്മിനെയുമാണ് വീഡിയോയിൽ കാണാനാവുക. ഇരുവർക്കും സമീപത്തായി സത്യൻ അന്തിക്കാടിനെയും കാണാം. ഷൂട്ടിങ് പുരോഗമിക്കുന്നുവെന്ന ക്യാപ്ഷനോടെയാണ് ജയറാം വീഡിയോ ഷെയർ ചെയ്തത്.
മീര ജാസ്മിനെയും ജയറാമിനെയും കാണാൻ അന്നും ഇന്നും ഒരുപോലെയാണെന്നും സിനിമ കാണാൻ കാത്തിരിക്കുന്നുവെന്നതടക്കം നിരവധി പേർ വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.
സൂത്രധാരൻ എന്ന ലോഹിതദാസ് ചിത്രത്തിലൂടെ മലയാളികൾക്ക് കിട്ടിയ പ്രിയ നായികയാണ് മീര ജാസ്മിൻ. മലയാളി പ്രേക്ഷകർക്ക് ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ നൽകിയ താരം കൂടിയാണ് മീര. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയപുരസ്കാരവുമെല്ലാം സ്വന്തമാക്കിയ മീര, വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു.
കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് മീര. വിനോദയാത്ര, അച്ചുവിന്റെ അമ്മ, ഇന്നത്തെ ചിന്താവിഷയം, രസതന്ത്രം തുടങ്ങി നിരവധി സത്യൻ അന്തിക്കാട് ചിത്രങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ച നായിക കൂടിയാണ് മീര ജാസ്മിൻ.
Read More: ഏറെ നാളുകൾക്കു ശേഷം ക്യാമറയ്ക്ക് മുന്നിൽ മീര ജാസ്മിൻ; ആളാകെ മാറിയല്ലോ എന്ന് ആരാധകർ