മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകന്മാരിലൊരാളാണ് ജയറാം. 80-90 കാലഘട്ടങ്ങളിൽ ഗൃഹാതുരത്വം ഉണർത്തുന്ന ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്നു താരം. പിന്നീട് ഫീൽ ഗുഡ് ചിത്രങ്ങളിലേക്ക് മാറിയ ജയറാം നന്മ നിറഞ്ഞ അച്ഛൻ കഥാപാത്രങ്ങൾ ചെയ്തു. പക്ഷെ അവയൊന്നും പ്രേക്ഷക ശ്രദ്ധ നേടിയില്ല. മണിയത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവനി’ലാണ് ജയറാം അവസാനമായി അഭിനയിച്ചത്. ചിത്രത്തിൽ വളരെ വേറിട്ട കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
ഒരു നടൻ മാത്രമല്ല നല്ലൊരു കൃഷികാരൻ കൂടിയാണ് താനെന്ന് തെളിയിക്കുകയാണ് ജയറാം. സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ തന്റെ കൃഷിയിടത്തിന്റെ വീഡിയോ പങ്കുവയ്ക്കുകയാണ് താരം. തന്റെ തോട്ടത്തിൽ കായ്ച്ച തക്കാളിയും മത്തങ്ങയും വെള്ളരിയുമൊക്കെ ശേഖരിച്ച് നടക്കുകയാണ് ജയറാം. പശ്ചാത്തലത്തിൽ ജയറാം അഭിനയിച്ച സത്യൻ അന്തിക്കാട് ചിത്രം ‘മനസ്സിനക്കരെ’യിലെ ഗാനവും കേൾക്കാം. ചിത്രത്തിൽ റെജി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിച്ചത്. നയൻതാരയുടെ ആദ്യ ചിത്രം കൂടിയായിരുന്നു ‘മനസ്സിനക്കരെ.’
കഴിഞ്ഞ ദിവസം പുതിയ ലുക്കിലുള്ള ചിത്രം ജയറാം പങ്കുവച്ചിരുന്നു. താങ്കളുടെ ഈ ലുക്ക് അടിപൊളിയാണ്, ഒരു വില്ലൻ വേഷം ചെയ്തു നോക്കൂ എന്നാണ് ഒരു ആരാധകൻ കമന്റു ചെയ്തത്. നന്മമരം കഥാപാത്രങ്ങൾ വിട്ട് പിടിക്കൂ എന്നും കമന്റുകളുണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ജയറാമിന്റേത്. പാർവതിയും മക്കളായ കാളിദാസനും മാളവികയുമൊക്കെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. അച്ഛനെയും അമ്മയെയും പോലെ അഭിനയ മേഖലയിൽ ചുവടുറപ്പിച്ച താരമാണ് കാളിദാസ്. തമിഴ് സിനിമാ ലോകത്താണ് കാളിദാസ് സജീവമാകുന്നത്. ജയറാം മുഖ്യ കഥാപാത്രങ്ങളിലൊന്നായി എത്തുന്ന ‘പൊന്നിയിൻ സെൽവ’ന്റെ രണ്ടാം ഭാഗം ഏപ്രിൽ മാസം റിലീസിനെത്തും.