/indian-express-malayalam/media/media_files/uploads/2023/07/Jayaram-Mammootty.png)
സോഷ്യൽ മീഡിയയിലൂടെ രസകരമായ കഥ പങ്കുവച്ച് ജയറാം
സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് മലയാളികളുടെ പ്രിയപ്പെട്ട താരം ജയറാം. സ്റ്റേജ് ഷോകളിലൂടെ സിനിമ ലോകത്തെത്തിയ ജയറാമിന്റെ രസകരമായ കഥകൾ വേദിയിലെന്നും പ്രേക്ഷകരെ പിടിച്ചിരുത്താറുണ്ട്. ഇപ്പോഴിതാ കുറച്ചു നാളുകൾക്കു മുൻപ് തന്റെ ജീവിതത്തിൽ നടന്ന ഒരു കഥ പറയുകയാണ് ജയറാം. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ജയറാം കഥ പങ്കു വച്ചത്.
പ്രമുഖ വ്യവസായി യൂസഫ് അലിയുടെ സഹോദരന്റെ മകളുടെ വിവാഹത്തിന് മലയാള സിനിമയിലെ താരങ്ങളെല്ലാവരും പങ്കെടുത്തിരുന്നു. വിവാഹത്തിനു പോകുന്നതിനായി എയർപ്പോർട്ടിലെത്തിയ ജയറാം അവിടെ വച്ച് തന്റെ ഒരു പെട്ടി മറന്നു പോയി. അതിനെ തുടർന്നുണ്ടായ സംഭവബഹുലമായ മുഹൂർത്തങ്ങളാണ് ജയറാം വർണിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനും ദിലീപും മമ്മൂട്ടിയുമെല്ലാം കഥയിൽ വന്നു പോകുന്നുണ്ട്.
കഥയുടെ പൂർണ രൂപം ഇങ്ങനെ:
"മറന്നു പോയ ഒരു പിങ്ക് പെട്ടിയുടെ ഒരിക്കലും മറക്കാനാവാത്ത കഥയാണ്. സംഭവം നടന്നത് കഴിഞ്ഞമാസം. കൊച്ചി വിമാനത്താവളം മുതൽ അബുദാബി വരെ നീണ്ട പെട്ടിക്കഥയിൽ തരിമ്പും പതിരില്ല. ലുലു ഗ്രൂപ്പിന്റെ ചെയർമാൻ എം.എ.യൂസഫലിക്കയുടെ സഹോദരൻ അഷ്റഫലിയുടെ മകളുടെ കല്യാണത്തിനു പോകാനായാണു ഞാൻ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്നത്. സംവിധായകൻ മിഥുൻ മാനുവലിന്റെ ‘ഏബ്രഹാം ഓസ്‌ലറിന്റെ’ ലൊക്കേഷൻ തൃശൂരിലായിരുന്നു. അവിടെ നിന്നാണ് എന്റെ വരവ്. തിരക്കിട്ട ഷൂട്ടിങ്ങിനിടയിൽ നിന്ന് എന്നെ വിടാൻ മിഥുന് മടിയായിരുന്നു. ഒരു തെലുങ്കു സിനിമയാണ്. പണ്ടേ കൊടുത്ത ഡേറ്റാണ് എന്നൊക്കെ മിഥുനോട് കള്ളം പറഞ്ഞ് ഞാൻ എയർപോർട്ടിലെത്തി. കല്യാണത്തിന് ധരിക്കാനുള്ള വസ്ത്രങ്ങൾ ഒരു പെട്ടിയിലാക്കി. വേറൊരു ചെറിയ പെട്ടി ഹാൻഡ്ബാഗേജ്. എന്റെ മകൾ മാളു ദുബായിൽ നിന്നു വാങ്ങിയ ഒരു ക്യൂട്ട് പിങ്ക് പെട്ടിയാണത്. അത് കണ്ടിഷ്ടം തോന്നി ഞാൻ ചോദിച്ചു വാങ്ങിയതാണ്.
വിമാനത്താവളത്തിലെത്തിയപ്പോൾ സുഹൃത്തുക്കൾ ഒരുപാടുണ്ട്. ദിലീപും കുഞ്ചാക്കോ ബോബനും ആസിഫലിയും കുടുംബസമേതമുണ്ട്. എല്ലാവരും കല്യാണത്തിനാണ്. ടൂർ മൂഡിലാണ്. തമാശയും വർത്തമാനവും ഇടയ്ക്ക് ഫോട്ടോയെടുപ്പുമായി സമയം പോയതറിഞ്ഞില്ല. ബോർഡിങ് അനൗൺസ് ചെയ്തപ്പോൾ എല്ലാവരും വിമാനം കയറി. വിമാനത്തിലും ജഗപൊഗ സംസാരം. ദുബായിലെത്തിയപ്പോഴാണറിയുന്നത് എന്റെ കയ്യിലുള്ള ചെറിയ പെട്ടി ഞാൻ എടുത്തില്ല. നെടുമ്പാശേരിയിൽത്തന്നെ മറന്നിരിക്കുന്നു…
/indian-express-malayalam/media/media_files/uploads/2023/07/Jayaram.jpeg)
ദിലീപും ചാക്കോച്ചനും നെടുമ്പാശേരിയിൽ എയർപോർട്ട് മാനേജരെ വിളിച്ചു അപ്പോഴേക്കും ഉപേക്ഷിക്കപ്പെട്ട പെട്ടി അവിടെ വലിയ ആശങ്കയ്ക്കു കാരണമായി. സിഐഎസ്എഫിന്റെ ഡോഗ് സ്ക്വാഡെത്തി പെട്ടി പരിശോധിച്ചു. ഡോഗ് സ്ക്വാഡിന്റെ പരിശോധനയിൽ ചില സംശയങ്ങൾ ഉണ്ടായെന്നും പെട്ടിക്കുള്ളിൽ എന്താണെന്ന് മെയിൽ അയയ്ക്കണമെന്നും ദിലീപ് എന്നോ പറഞ്ഞു. മെയിൽ അയയ്ക്കാൻ എനിക്കു സമ്മതമല്ല. പോയതു പോട്ടെ എന്നു ഞാൻ പറഞ്ഞു. പക്ഷേ, ദിലീപ് സമ്മതിക്കുന്നില്ല. ഒടുവിൽ രഹസ്യമായി ഞാൻ മെയിൽ അയച്ചു. അപ്പോഴേക്കും അയതിയും (പാർവതി) ദുബായിൽ എത്തി കാവ്യാ മാധവനും അശ്വതിയും തമ്മിൽ ചർച്ച. ഞാൻ സ്ഥിരമായി സാധനങ്ങൾ
മറന്നു വയ്ക്കുന്നയാളാണെന്നൊക്കെയായി കാര്യങ്ങൾ. ഇതു കേട്ടാൽ തോന്നും ഈ ലോകത്ത് മറ്റാരും പെട്ടി മറന്നിട്ടില്ലെന്ന്. പെട്ടി കളഞ്ഞ അണ്ണാനെപ്പോലെ ഞാൻ മിണ്ടാതെ നിന്നു.ദിലീപ് തന്നെ ഒരു പോംവഴി കണ്ടെത്തി. മമ്മുക്കയും നിർമാതാവ് ആന്റോ ജോസഫും കൊച്ചിയിൽ നിന് വരുന്നുണ്ട്. പെട്ടി അവർക്കു കൈമാറാൻ പറയാം. എയർപോർട്ട് അധികൃതർക്കും സമ്മതം. മമ്മുക്ക കുടുംബസമേതമാണ് വരുന്നത്. ആ വരാൻ വൈകിയാലോ എന്നു സംശയിച്ച് മമ്മൂക്ക തന്നെ പെട്ടി വാങ്ങി കയറി.
അങ്ങനെ മലയാളത്തിന്റെ മെഗാസ്റ്റാർ എന്റെ പിങ്ക് പെട്ടിയുമായി വിമാനത്തിൽ കയറി. വിവാഹ ദിവസം പുലർച്ചെ മമ്മൂക്കയെത്തി. രമേഷ് പിഷാരടിയുടെ കയ്യിൽ എന്റെ പിങ്ക് പെട്ടി അദ്ദേഹം കൊടുത്തുവിട്ടു. നൂറുകണക്കിന് വിഐപികൾക്കു മുന്നിലൂടെ പാലസ് ഹോട്ടലിലെ ഷാൻഡ്ലിയറുകളെ സാക്ഷി നിർത്തി എന് പിങ്ക് പെട്ടി വന്നു. അതോടെ ഇത്ര വിശിഷ്ടമായ പെട്ടി തുറക്കാൻ പിഷാരടി.നിർബന്ധം തുടങ്ങി. ഒടുവിൽ നിർബന്ധിച്ച് പിഷാരടി തന്നെ പെട്ടി തുറന്നു അതിലുള്ള എന്റെ രഹസ്യം പിഷാരടി കണ്ടു… അതോടെ എനിക്കായി ടെൻഷൻ. കൊച്ചിയിൽ നിന്നു കൊണ്ടു പോരുമ്പോൾ 'രഹസ്യം' നാലെണ്ണ ഉണ്ടായിരുന്നു. ഇപ്പോൾ മുന്നേയുള്ളൂ. ഒരെണ്ണം ആരെടുത്തു? ആരെ സംശയിക്കും?ആന്റോ, മമ്മുക്ക.. അയ്യോ ! അങ്ങനെ ചിന്തിച്ചതു തന്നെ മഹാപരാധം… പിന്നെ സംശയിക്കേണ്ടത് പിഷാരടിയെയാണ്. അതു വായനക്കാർ തീരുമാനിക്കട്ടെ. അതുവരെ പെട്ടിയെപ്പറ്റിയായിരുന്നു ചർച്ചയെങ്കിൽ അതിനു ശേഷം പെട്ടിക്കുള്ളിൽ എന്തെന്നായി മാറി. വിവാഹ സ്ഥലത്ത് എത്തിയപ്പോൾ ഒരാൾ എന്നെ ഉറക്കെ വിളിക്കുന്നു. ജയറാം ജെട്ടി വിളിച്ചത് ദിലീപാണ്. അങ്ങനെ പുതിയ പേരും പഴയ പെട്ടിയുമായാണ് ഞാൻ അബുദാബിയിൽ നിന്നു മടങ്ങിയത്. പെട്ടിയിൽ ഉണ്ടായിരുന്നത് എന്തായിരുന്നു എന്ന് ഞാനിനി പ്രത്യേകം പറയേണ്ടതില്ലല്ലോ അല്ലേ."
കഥയ്‌ക്കൊപ്പം ഒരു കാർട്ടൂൺ ചിത്രവും ജയറാം പങ്കുവച്ചിട്ടുണ്ട്. താരത്തിന്റെ പെട്ടികഥ കേട്ട് കമന്റ് ബോക്സിലും പൊട്ടിച്ചിരിക്കുന്ന ഇമോജികൾ നിറയുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us