മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ജയറാമും പാർവതിയും. അടുത്തിടെയാണ് ഇരുവരും വിവാഹത്തിന്റെ 30-ാം വാർഷികം ആഘോഷിച്ചത്. മലയാളസിനിമയിലെ ഏറെ ശ്രദ്ധിക്കപ്പെട്ട താരവിവാഹങ്ങളിൽ ഒന്നു കൂടിയായിരുന്നു ജയറാം- പാർവതി ജോഡികളുടേത്. ഏറെനാൾ നീണ്ട പ്രണയത്തിനൊടുവിൽ ഇരുവരും ജീവിതത്തിലും ഒന്നിച്ചു ചേർന്നപ്പോൾ സാക്ഷിയാവാൻ വലിയൊരു ആൾക്കൂട്ടം തന്നെ എത്തിയിരുന്നു. എന്നാൽ വിവാഹത്തിനും മുൻപ് ഇരുവരും രഹസ്യമായി മോതിരം മാറുന്നതിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സംവിധായകൻ പദ്മരാജന്റെ മകനായ അനന്തപത്മനാഭനാണ് ഈ പഴയചിത്രം ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്.
“മുപ്പത് വർഷം മുമ്പ് അച്ഛന്റെ പടത്തിന് മുമ്പിൽ നടന്ന ഒരു രഹസ്യമോതിരം മാറൽ (പടത്തിലെ നായകനും നായികയും ഔദ്യോഗിക ദമ്പതികൾ ആകും മുമ്പ് ) സിനിമയിലല്ല,” ചിത്രം ഷെയർ ചെയ്ത് അനന്തപത്മനാഭൻ കുറിക്കുന്നു.
പദ്മരാജന്റെ പ്രിയപ്പെട്ട നായകന്‍ എന്ന വിശേഷണം സ്വന്തമാക്കികൊണ്ട് 1988 ല്‍ ‘അപര’ന്‍ എന്ന ചിത്രത്തിലൂടെയാണ് ജയറാം വെള്ളിത്തിരയില്‍ അരങ്ങേറിയത്. പാര്‍വ്വതിയെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും ‘അപര’നിലൂടെ തന്നെയായിരുന്നു.
മണിരത്നം ചിത്രം പൊന്നിയിൻ സെൽവൻ 1 ആണ് ഒടുവിൽ റിലീസിനെത്തിയ ജയറാം ചിത്രം. ചിത്രത്തിൽ ആൾവാർ കടിയാൻ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിച്ചത്. ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വച്ച ജയറാമിന്റെ കഥാപാത്രം ഇതിനകം തന്നെ പ്രേക്ഷക പ്രീതി നേടി കഴിഞ്ഞു.