കൂടുതൽ മെലിഞ്ഞു ചെറുപ്പമായ ജയറാമിന്റെ പുതിയ മേക്ക് ഓവർ ചിത്രങ്ങൾ കണ്ട അമ്പരപ്പിലാണ് പ്രേക്ഷകർ. താരത്തിന്റെ ഓരോ ചിത്രങ്ങളും കൗതുകത്തോടെയും അത്ഭുതത്തോടെയുമാണ് ആരാധകർ വരവേൽക്കുന്നത്. ജയറാമിന്റെ ഏറ്റവും പുതിയ ഫോട്ടോയും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
നിങ്ങൾ മമ്മൂട്ടിയ്ക്ക് പഠിക്കുവാണോ? മോനേ… കാളിദാസാ നീ തീർന്നെടാ തീർന്ന്, ഈ ലുക്കിന് മമ്മുക്ക പിന്നിലാണ്, ജയറാം ചേട്ടാ നിങ്ങള് ഇത് എന്തുഭാവിച്ച മനുഷ്യാ തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 13 കിലോ ഭാരമാണ് ചിത്രത്തിനു വേണ്ടി ജയറാം കുറച്ചത്.
അല്ലു അര്‍ജുന്‍ നായകനാകുന്ന ‘എഎ19’ എന്ന തെലുങ്ക് ചിത്രത്തിനു വേണ്ടിയാണ് ജയറാമിന്റെ ഈ മേക്ക്ഓവര്‍. അല്ലു അര്‍ജുന്റെ അച്ഛനായാണ് ചിത്രത്തിൽ ജയറാം വേഷമിടുന്നത്. ജയറാമിന്റെ നായികയായി എത്തുന്നത് തബുവാണ്. പത്തു വര്‍ഷങ്ങൾക്കു ശേഷമാണ് തബു തെലുങ്ക് സിനിമയിൽ അഭിനയിക്കുന്നത്. പൂജ ഹെഗ്ഡെ അല്ലു അര്‍ജുന്റെ നായികയായി എത്തുന്ന ‘എഎ19’ സംവിധാനം ചെയ്യുന്നത് ത്രിവിക്രം ശ്രീനിവാസാണ്. സത്യരാജ്, കാജല്‍ അഗര്‍വാള്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Read more: ജയറാമിന്റെ ആ ഫോണ്‍ കോളാണ് ശാന്തി കൃഷ്ണയെ ‘ലോനപ്പന്റെ മാമോദീസ’യിലെത്തിച്ചത്
‘പട്ടാഭിരാമൻ’ ആണ് ജയറാമിന്റേതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. കണ്ണൻ താമരക്കുളമാണ് ചിത്രം സംവിധാനം ചെയ്തത്. ‘തിങ്കൾ മുതൽ വെള്ളി വരെ’, ‘ആടുപുലിയാട്ടം’, ‘അച്ചായൻസ്’ തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം ജയറാമും കണ്ണൻ താമരക്കുളവും കൈകോർത്ത ചിത്രം കൂടിയായിരുന്നു ‘പട്ടാഭിരാമൻ’.
ഭക്ഷ്യസുരക്ഷയെ കുറിച്ച് സസാരിക്കുന്ന, രുചിപ്പുരകളുടെയും കലവറകളുടെയും കഥ പറയുന്ന ചിത്രത്തിന് നല്ല പ്രതികരണമാണ് തിയേറ്ററുകളിൽ ലഭിച്ചത്. പട്ടാഭിരാമൻ മുന്നോട്ടു വെച്ച പ്രമേയത്തെ അഭിനന്ദിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ് മന്ത്രി പി. തിലോത്തമനും രംഗത്തു വന്നിരുന്നു, നല്ല സന്ദേശമാണ് ചിത്രം സമൂഹത്തിനു നൽകുന്നത് എന്നായിരുന്നു മന്ത്രിയുടെ അഭിനന്ദനം.
അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു ആണ് ചിത്രം നിർമ്മിച്ചത്. മിയ, പാർവതി നമ്പ്യാർ, ഷീലു എബ്രഹാം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.