ഇടയ്ക്കിടയ്ക്ക് മേക്ക് ഓവറുകൾ നടത്തി ആരാധകരെ ഞെട്ടിക്കാറുള്ള താരമാണ് ജയറാം. ഇപ്പോഴിതാ, വീണ്ടും സോഷ്യൽ മീഡിയയുടെ ചർച്ചയാവുകയാണ് ജയറാമിന്റെ പുതിയ ചിത്രം. മെലിഞ്ഞ് കൂടുതൽ സുന്ദരനായ ജയറാമിനെയാണ് ചിത്രത്തിൽ കാണാനാവുക. സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ് സത്യനാണ് താരത്തിന്റെ ഈ പുതിയ ചിത്രം പകർത്തിയിരിക്കുന്നത്.
രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെ ഒക്കെ ഫിറ്റ് ആക്കിയാൽ എങ്ങനയാ ഭായ്?, കാളിദാസന് വയസ്സായതാണോ എന്നിങ്ങനെ പോവുന്നു കമന്റുകൾ.
മുൻപ് അല്ലു അർജുൻ ചിത്രം ‘അലവൈകുണ്ഠ പുരമുലു’വിനു വേണ്ടിയും ജയറാം ശരീരഭാരം കുറച്ചിരുന്നു. അന്ന് 13 കിലോ ഭാരമാണ് ചിത്രത്തിനു വേണ്ടി ജയറാം കുറച്ചത്. അന്നും താരത്തിന്റെ ചിത്രങ്ങൾ വൈറലായിരുന്നു.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ജയറാം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളികളുടെ പ്രിയനായിക മീര ജാസ്മിൻ ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്.