scorecardresearch
Latest News

ഷീലാമ്മയെ കണ്ടപ്പോൾ പ്രേം നസീറായി; ഫ്ളൈറ്റിനകത്ത് ജയറാമിന്റെ കുസൃതി

ജയറാമിന്റെ മിമിക്രി കേട്ട് ചിരിക്കുന്ന ഷീലാമ്മയേയും വീഡിയോയിൽ കാണാം

Jayaram, Sheela

രസകരമായ സംഭാഷണങ്ങളിലൂടെയും മിമിക്രിയിലൂടെയുമൊക്കെ സദസ്സിനെ കയ്യിലെടുക്കാൻ പ്രത്യേക കഴിവുള്ള നടനാണ് ജയറാം. പ്രേംനസീറിനെ ഏറ്റവും മനോഹരമായി അനുകരിക്കുന്ന നടന്മാരിൽ ഒരാൾ. മിമിക്രി വേദികളിൽ നിന്നും സിനിമയിലേക്ക് എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ വലിയ താരമായി മാറിയിട്ടും മിമിക്രിയെന്ന കലാരൂപത്തെ ജയറാം മറന്നില്ല. വേദികളിലും ടിവി പരിപാടികളിലുമൊക്കെ മിമിക്രി അവതരിപ്പിക്കാനുള്ള അവസരങ്ങൾ താരം പാഴാക്കാറുമില്ല. പൊന്നിയിൻ സെൽവന്റെ ഓഡിയോ ലോഞ്ച് വേദിയിൽ നടൻ പ്രഭുവിനെയും മണിരത്നത്തെയും കാർത്തിയേയുമൊക്കെ അനുകരിക്കുന്ന ജയറാമിന്റെ വീഡിയോ ഏറെ വൈറലായിരുന്നു.

ഇപ്പോഴിതാ, നടി ഷീലയ്ക്ക് ഒപ്പമുള്ള ഒരു വീഡിയോ ആണ് ജയറാം ഷെയർ ചെയ്തിരിക്കുന്നത്. ഒരു ഫ്ളൈറ്റ് യാത്രയ്ക്കിടയിൽ പകർത്തിയതാണ് ഈ വീഡിയോ. “ഞാൻ ഒരുപാട് കാലത്തിനു ശേഷമാണ് എന്റെ മാക്കത്തിനെ കാണുന്നത്, സുഖമാണോ?” എന്നാണ് പ്രേംനസീറിന്റെ ശബ്ദത്തിൽ ജയറാം ഷീലയോട് ചോദിക്കുന്നത്. ജയറാമിന്റെ മിമിക്രി കേട്ട് ചിരിക്കുന്ന ഷീലാമ്മയേയും വീഡിയോയിൽ കാണാം.

രണ്ടുപേരെയും ഒന്നിച്ചു കണ്ടപ്പോൾ ‘മനസ്സിനക്കരെ’ ഓർമ്മ വന്നു എന്നാണ് ആരാധകരുടെ കമന്റ്. ഇരുവരും ഒന്നിച്ച് അഭിനയിച്ച സത്യൻ അന്തിക്കാടിന്റെ ‘മനസ്സിനക്കരെ’ ഏറെ ജനപ്രീതി നേടിയ ചിത്രങ്ങളിലൊന്നാണ്.

മിമിക്രി എന്ന കലയെ ജനകീയമാക്കുന്നതിലും മിമിക്രി കലാകാരന്മാർക്ക് സമൂഹത്തിലൊരിടം നേടികൊടുക്കുന്നതിലും നടൻ ജയറാമിന്റെയും വലിയൊരു സംഭാവന തന്നെയുണ്ട്.

എറണാകുളം ജില്ലയിലെ പെരുമ്പാവൂരാണ് ജയറാം സുബ്രഹ്മണ്യൻ എന്ന ജയറാമിന്റെ സ്വദേശം. മിമിക്രിയിലൂടെ കലാരംഗത്ത് എത്തിയ ജയറാം 1988-ൽ പദ്മരാജൻ സംവിധാനം ചെയ്ത ‘അപരൻ’ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. അനായാസമായി ഹാസ്യം കൈകാര്യം ചെയ്യുന്ന ജയറാം, മികച്ച കഥാപാത്രങ്ങളിലൂടെ കുടുംബസദസ്സുകളുടെ പ്രിയനായകനായി മാറുകയായിരുന്നു.

തുടക്കത്തിൽ തന്നെ ഏറെ കലാമൂല്യമുള്ളതും ജനശ്രദ്ധയാകർഷിച്ചതുമായ ചിത്രങ്ങളിൽ അഭിനയിക്കാൻ ജയറാമിന് കഴിഞ്ഞു. മൂന്നാം പക്കം (1988), മഴവിൽക്കാവടി (1989), കേളി (1991) തുടങ്ങി നിരവധിയേറെ ചിത്രങ്ങൾ ഇതിനുദാഹരണങ്ങളാണ്. സത്യൻ അന്തിക്കാട്, രാജസേനൻ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങൾ കുടുംബസദസ്സുകളുടെ പ്രിയതാരമായി ജയറാമിനെ മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളിൽ പലതും അക്കാലത്തെ തിയേറ്റർ ഹിറ്റുകളായിരുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങൾ, സന്ദേശം, മേലേപ്പറമ്പിൽ ആൺവീട് തുടങ്ങിയവയെല്ലാം ഉദാഹരണം.

മലയാളത്തിനപ്പുറത്തേക്ക് തമിഴ്, തെലുങ്ക് ഭാഷകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ജയറാമിന് സാധിച്ചു. ഗോകുലം, പുരുഷലക്ഷണം, കോലങ്ങൾ, തെനാലി, പഞ്ചതന്ത്രം തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ചിലതുമാത്രം. കമലഹാസന്റെ കൂടെ അഭിനയിച്ച തെനാലി എന്ന ചിത്രം ജയറാമിന്റെ തമിഴ് ചിത്രങ്ങളിൽ ജനശ്രദ്ധയാകർഷിച്ച ചിത്രങ്ങളിൽ ഒന്നാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് ജയറാമിന് തമിഴ്നാട് സർക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചു. കമൽഹാസനുമായി ഊഷ്മളമായൊരു സൗഹൃദം സൂക്ഷിക്കുന്ന താരം കൂടിയാണ് ജയറാം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Jayaram imitates prem nazeer sheela video