മിമിക്രി എന്ന കലയെ ജനകീയമാക്കുന്നതിലും മിമിക്രി കലാകാരന്മാർക്ക് സമൂഹത്തിലൊരിടം നേടികൊടുക്കുന്നതിലും നടൻ ജയറാമിന്റെയും വലിയൊരു സംഭാവന തന്നെയുണ്ട്. മിമിക്രി ലോകത്ത് നിന്നുമെത്തി സിനിമയിലെ തിളങ്ങുന്ന താരമായിട്ടും ജയറാം മിമിക്രിയെന്ന കലയെ കൈവിട്ടില്ല. ഇപ്പോഴും പൊതുവേദികളിൽ മിമിക്രി പ്രോഗ്രാമുകൾ അവതരിപ്പിക്കാൻ ഒരു മടിയും കാണിക്കാത്ത നടനാണ് ജയറാം. അടുത്തിടെ, ‘പൊന്നിയിൻ ശെൽവൻ’ എന്ന ചിത്രത്തിന്റെ മ്യൂസിക് ലോഞ്ചിനിടയിലും സഹതാരങ്ങളെയും മണിരത്നത്തെയും അനുകരിച്ച് ജയറാം വേദിയെ കയ്യിലെടുത്തിരുന്നു.
ഞായറാഴ്ചയായിരുന്നു ജയറാമിന്റെ ജന്മദിനം. താരത്തിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് രമേഷ് പിഷാരടി ഷെയർ ചെയ്ത കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “നിങ്ങൾ സിനിമയിലെത്തിയതും പത്മശ്രീ നേടിയതും കൊണ്ടാണ് വരേണ്യമല്ലാത്ത മിമിക്രി എന്ന കലയും കലാകാരനും മുഖ്യധാരായിലേക്ക് എത്തുന്നത്. വ്യക്തിപരമായി എനിക്ക് ഏറ്റവും കൂടുതൽ സിനിമകളിൽ അവസരം തന്ന നായകൻ, ഏറ്റവും കൂടുതൽ വേദികളിൽ ഒപ്പം നിന്ന നായകൻ, 2018 വിഷു ദിനത്തിൽ നിങ്ങൾ തന്നെ ഉറപ്പാണ് ഞാൻ എന്ന സംവിധായകൻ. പ്രിയപ്പെട്ട ജയറാമേട്ടന് ഹൃദയപൂർവം പിറന്നാൾ ആശംസകൾ,” പിഷാരടി കുറിച്ചു.
എറണാകുളം ജില്ലയിലെ പെരുമ്പാവൂരാണ് ജയറാം സുബ്രഹ്മണ്യൻ എന്ന ജയറാമിന്റെ സ്വദേശം. മിമിക്രിയിലൂടെ കലാരംഗത്ത് എത്തിയ ജയറാം 1988-ൽ പദ്മരാജൻ സംവിധാനം ചെയ്ത ‘അപരൻ’ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. അനായാസമായി ഹാസ്യം കൈകാര്യം ചെയ്യുന്ന ജയറാം, മികച്ച കഥാപാത്രങ്ങളിലൂടെ കുടുംബസദസ്സുകളുടെ പ്രിയനായകനായി മാറുകയായിരുന്നു.
തുടക്കത്തിൽ തന്നെ ഏറെ കലാമൂല്യമുള്ളതും ജനശ്രദ്ധയാകർഷിച്ചതുമായ ചിത്രങ്ങളിൽ അഭിനയിക്കാൻ ജയറാമിന് കഴിഞ്ഞു. മൂന്നാം പക്കം (1988), മഴവിൽക്കാവടി (1989), കേളി (1991) തുടങ്ങി നിരവധിയേറെ ചിത്രങ്ങൾ ഇതിനുദാഹരണങ്ങളാണ്. സത്യൻ അന്തിക്കാട്, രാജസേനൻ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങൾ കുടുംബസദസ്സുകളുടെ പ്രിയതാരമായി ജയറാമിനെ മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളിൽ പലതും അക്കാലത്തെ തിയേറ്റർ ഹിറ്റുകളായിരുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങൾ, സന്ദേശം, മേലേപ്പറമ്പിൽ ആൺവീട് തുടങ്ങിയവയെല്ലാം ഉദാഹരണം.
മലയാളത്തിനപ്പുറത്തേക്ക് തമിഴ്, തെലുങ്ക് ഭാഷകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ജയറാമിന് സാധിച്ചു. ഗോകുലം, പുരുഷലക്ഷണം, കോലങ്ങൾ, തെനാലി, പഞ്ചതന്ത്രം തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ചിലതുമാത്രം. കമലഹാസന്റെ കൂടെ അഭിനയിച്ച തെനാലി എന്ന ചിത്രം ജയറാമിന്റെ തമിഴ് ചിത്രങ്ങളിൽ ജനശ്രദ്ധയാകർഷിച്ച ചിത്രങ്ങളിൽ ഒന്നാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് ജയറാമിന് തമിഴ്നാട് സർക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചു. കമൽഹാസനുമായി ഊഷ്മളമായൊരു സൗഹൃദം സൂക്ഷിക്കുന്ന താരം കൂടിയാണ് ജയറാം.