ഒരിടവേളക്ക് ശേഷം സത്യൻ അന്തിക്കാടിന്റെ സിനിമാ സെറ്റിലെത്തിയ സന്തോഷത്തിലാണ് ജയറാം. സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രത്തിൽ ജോയിൻ ചെയ്ത സന്തോഷം പങ്കുവച്ചുകൊണ്ട് ഏതാനും ചിത്രങ്ങൾ ജയറാം പങ്കുവച്ചിട്ടുണ്ട്. പതിനൊന്ന് വർഷങ്ങൾക്ക് ശേഷമാണ് സത്യൻ അന്തിക്കാടിന്റെ ചിത്രത്തിൽ ജയറാം അഭിനയിക്കുന്നത്. 2010 ൽ പുറത്തിറങ്ങിയ ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലാണ് രണ്ടു പേരും അവസാനമായി ഒന്നിച്ചത്.
“വീണ്ടും ചില വീട്ടുകാര്യങ്ങളുമായി ഒരിക്കൽ കൂടി,” എന്നാണ് ജയറാം കുറിച്ചത്.
നിരവധി ഹിറ്റുകൾ മലയാളിക്ക് സമ്മാനിച്ച കൂട്ടുക്കെട്ടാണ് ജയറാം-സത്യൻ അന്തിക്കാട് ടീം. സന്ദേശം, മഴവിൽക്കാവടി, ഇരട്ടക്കുട്ടികളുടെ അച്ഛൻ , തൂവൽ കൊട്ടാരം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, തലയണ മന്ത്രം, മനസ്സിനക്കരെ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഭാഗ്യദേവത എന്നിങ്ങനെ പോവുന്നു സന്ത്യൻ അന്തിക്കാട് -ജയറാം കൂടുകെട്ടിൽ പിറന്ന ഹിറ്റ് ചിത്രങ്ങൾ.
മീര ജാസ്മിനാണ് സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രത്തിൽ ജയറാമിന്റെ നായികയായി എത്തുന്നത്. മികച്ച നടിക്കുള്ള ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ നേടിയ മീര വിവാഹ ശേഷം ഏറെനാളായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഒരിടവേളക്കു ശേഷം മീര തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്.
“വിജയദശമി ദിനത്തിൽ മീര ജാസ്മിൻ വീണ്ടും ക്യാമറക്കു മുന്നിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ളാദമാണ് സെറ്റിലാകെ. എത്രയെത്ര ഓർമ്മകളാണ്. രസതന്ത്രത്തിൽ ആൺകുട്ടിയായി വന്ന ‘കൺമണി’. അമ്മയെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ ‘അച്ചു’. ഒരു കിലോ അരിക്കെന്താണ് വിലയെന്ന് ചോദിച്ച് വിനോദയാത്രയിലെ ദിലീപിനെ ഉത്തരം മുട്ടിച്ച മിടുക്കി.മീര ഇവിടെ ജൂലിയറ്റാണ്. കൂടെ ജയറാമും, ദേവികയും, ഇന്നസെന്റും, സിദ്ദിഖും, കെ പി എ സി ലളിതയും, ശ്രീനിവാസനുമൊക്കെയുണ്ട്. കേരളത്തിലെ തിയ്യേറ്ററുകളിലൂടെത്തന്നെ ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്,” മീര തിരിച്ചെത്തിയ സന്തോഷം പങ്കുവച്ച് സത്യൻ അന്തിക്കാട് കുറിച്ചതിങ്ങനെ.
‘ഒരു ഇന്ത്യൻ പ്രണയകഥ’ യുടെ നിർമാതാക്കളായ സെന്റൽ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ നിർമാണം . ഡോ . ഇക്ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാർ ആണ് ഛായാഗ്രഹണം. ഹരിനാരായണന്റെ വരികൾക്ക് വിഷ്ണു വിജയ് സംഗീതം പകർന്നിരിക്കുന്നു. ജീവിതഗന്ധിയായ ഒട്ടേറെ കുടുംബ ചിത്രങ്ങൾ ഒരുക്കിയ സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും.