മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഉര്‍വശി. ഹാസ്യ കഥാപാത്രങ്ങളും ഇമോഷണല്‍ രംഗങ്ങളുമെല്ലാം ഒരേപോലെ ഫലിപ്പിക്കാന്‍ സാധിക്കുന്ന അപൂര്‍വ്വം അഭിനേതാക്കളില്‍ ഒരാള്‍. ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണം പലപ്പോഴും മഞ്ജു വാര്യർക്ക് ചാർത്തപ്പെടുമ്പോഴും സിനിമാപ്രേമികൾ ഒറ്റസ്വരത്തിൽ പറയുന്ന പേരുകളിലൊന്നും ഉർവശിയുടേതാണ്, മലയാളം കണ്ട എക്കാലത്തെയും വലിയ ലേഡി സൂപ്പർസ്റ്റാർ ഉർവശിയാണെന്ന് വാദിക്കുന്ന വലിയൊരു വിഭാഗം പ്രേക്ഷകരുണ്ട്.
‘മോഹൻലാലിനെ പോലെ സ്വാഭാവികവും അനായാസവുമായി അഭിനയിക്കുന്ന ഒരു നടിയാണ് ഉർവശി. ഇരുവരും ഒരേ ആത്മാർഥതയോടെയും അർപ്പണബോധത്തോടെയുമാണ് കഥാപാത്രങ്ങളെ സമീപിക്കുന്നത്,’ എന്നൊരിക്കൽ ഉർവശിയെ കുറിച്ചു പറഞ്ഞത് സംവിധായകൻ സത്യൻ അന്തിക്കാടാണ്. “അതുകരുതി, ഉർവശിയെ ലേഡി മോഹൻലാൽ എന്ന് വിശേഷിപ്പിക്കേണ്ട ആവശ്യമില്ല. അവർക്ക് അവരുടേതായ ശൈലിയുണ്ട്. മോഹൻലാലിനെ നമ്മൾ ആൺ ഉർവശി എന്ന് വിളിക്കാറില്ലല്ലോ. ഉർവശിക്ക് ഉർവശിയുടേതായ വ്യക്തിത്വവും മോഹൻലാലിന് മോഹൻലാലിന്റേതായ വ്യക്തിത്വവുമുണ്ട്,” എന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.
പുതിയ കാലത്തെ നായികമാരിൽ പലരുടെയും പ്രിയപ്പെട്ട അഭിനേത്രിയും ഉർവശി തന്നെ. നവ്യ നായർ, അനുശ്രീ, രചന നാരായണൻ കുട്ടി എന്നിവരൊക്കെ പല അഭിമുഖങ്ങളിലും ഉർവശി എന്ന നടിയോടുള്ള ആരാധനയെ കുറിച്ച് വാചാലരായിട്ടുണ്ട്. നടൻ ജയറാം ഉർവശിയെ കുറിച്ച് മുൻപൊരിക്കൽ പറഞ്ഞ കാര്യമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കൈരളി ടിവിയിലെ ജെബി ജംഗ്ഷനിൽ അതിഥിയായി എത്തിയപ്പോഴാണ് ജയറാം ഉർവശിയെന്ന അഭിനേത്രിയോടുള്ള ഇഷ്ടം തുറന്നു പറഞ്ഞത്. ശോഭന, ഉർവശി, പാർവതി, മഞ്ജുവാര്യർ, സംയുക്ത ഇവരിൽ ഏറ്റവും പ്രിയപ്പെട്ട നടി ആരാണ്? ജയറാമിനോട് ബ്രിട്ടാസിന്റെ ചോദ്യമിങ്ങനെ.
“എടുത്തു പറയുകയാണെങ്കിൽ ഉർവശി തന്നെ, അതൊരു ജന്മം തന്നെ,” എന്നായിരുന്നു ജയറാമിന്റെ മറുപടി. 25ൽ ഏറെ സിനിമകളിൽ ഉർവശിയ്ക്ക് ഒപ്പം താൻ അഭിനയിച്ചിട്ടുണ്ടെന്നും ജയറാം കൂട്ടിച്ചേർത്തു. മലയാളത്തിനു പുറമെ തമിഴിലെ ചില ചിത്രങ്ങളിലും തങ്ങൾ ഭാര്യാഭർത്താക്കന്മാരായി അഭിനയിച്ചിട്ടുണ്ടെന്നും ജയറാം പറയുന്നു.
മാളൂട്ടി, കടിഞ്ഞൂൽ കല്യാണം, പൊന്മുട്ടയിടുന്ന താറാവ്, മഴവിൽ കാവടി, തലയണമന്ത്രം, മധു ചന്ദ്രലേഖ, പുത്തം പുതു കാലൈ, മുഖചിത്രം, വർത്തമാനകാലം, ചക്കികകൊത്ത ചങ്കരൻ, സ്വാഗതം, നന്മ നിറഞ്ഞവൻ ശ്രീനിവാസൻ, കൂടിക്കാഴ്ച, തൂവൽ സ്പർശം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ജയറാമും ഉർവശിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.