ജയറാമിനെയും പാർവതിയേയും മകൻ കാളിദാസനെയും പോലെ മകൾ മാളവികയും സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് കാത്തിരിക്കുകയാണ് ആരാധകർ. ഉടനെ തന്നെ സിനിമയിൽ അരങ്ങേറ്റം കുറിക്കുമെന്ന സൂചനകൾ മാളവികയും നൽകുന്നുണ്ട്. പോണ്ടിച്ചേരിയിലെ ആദിശക്തി തിയറ്റർ നടത്തിയ അഭിനയക്കളരിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ അടുത്തിടെ മാളവിക പങ്കുവച്ചിരുന്നു.
മകളുടെ സിനിമാ അരങ്ങേറ്റത്തെ കുറിച്ച് ജയറാം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ മലയാളത്തിൽ നിന്നും തമിഴിൽ നിന്നും മാളവികയ്ക്ക് ഓഫർ വന്നിരുന്നുവെന്നാണ് ജയറാം പറയുന്നത്. “അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലേക്ക് ആദ്യം വിളി വന്നത് ചക്കിയ്ക്കു വേണ്ടിയാണ്. അനൂപ് മദ്രാസിൽ വന്നു ചക്കിയോട് കഥ പറഞ്ഞു, കഥ ഇഷ്ടപ്പെട്ടെങ്കിലും മാനസികമായി ഞാൻ സിനിമ ചെയ്യാൻ റെഡിയായിട്ടില്ല എന്നു പറഞ്ഞ് ചക്കി ഒഴിഞ്ഞുമാറുകയായിരുന്നു. ആ വേഷമാണ് പിന്നീട് കല്യാണി പ്രിയദർശൻ ചെയ്തത്.”
“ജയം രവിയും അടുത്തിടെ ഒരു സിനിമയിലേക്ക് വിളിച്ചിരുന്നു, ചക്കി വരുന്നോ? എന്ന്. ജയം രവിയ്ക്ക് ഒക്കെ ചക്കിയെ ചെറുപ്പം മുതൽ അറിയാം. ഇപ്പോൾ തമിഴിലും തെലുങ്കിലുമൊക്കെയായി കഥകൾ കേൾക്കുന്നുണ്ട്, ഉടനെ തന്നെ ഏതെങ്കിലും ഫിക്സ് ചെയ്യുമായിരിക്കും. ഈ വർഷം തന്നെ മിക്കവാറും ചക്കിയുടെ അരങ്ങേറ്റമുണ്ടാവും,” ജയറാം കൂട്ടിച്ചേർത്തു.
പോണ്ടിച്ചേരിയിലെ ആദിശക്തി തിയറ്റർ നടത്തിയ അഭിനയക്കളരിയിൽ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹൻ, തെലുങ്കു താരം നിഹാരിക കോണിഡേല, മോഡൽ തുളി, നടൻ സൗരഭ് ഗോയൽ എന്നിവരും മാളവികയ്ക്കൊപ്പം പങ്കെടുത്തിരുന്നു.
അടുത്തിടെ ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമ പ്രവേശനത്തെ കുറിച്ച് മാളവിക മനസ് തുറന്നിരുന്നു. തന്റെ കംഫര്‍ട്ടബിള്‍ സോണ്‍ ഏതാണെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്നാണ് മാളവിക പറഞ്ഞത്. തമിഴില്‍ ഏറ്റവും ഇഷ്ടപ്പെട്ട താരം വിജയ് ആണെന്നും വിജയുടെ ഒരു കടുത്ത ആരാധികയാണെന്നും മാളവിക പറഞ്ഞു. മലയാളത്തില്‍ ഒരു അവസരം ലഭിക്കുകയാണെങ്കില്‍ തനിക്ക് അഭിനയിക്കാന്‍ ഏറെ ഇഷ്ടം അടുത്ത സുഹൃത്ത് കൂടിയായ ഉണ്ണിമുകുന്ദനൊപ്പം ആണെന്നും അതിനൊരു കാരണം ഉണ്ടെന്നും തന്റെ ഉയരത്തിനും തടിക്കും കറക്ടായ മലയാളത്തിലെ നടന് ഉണ്ണി മുകുന്ദന് ആണെന്നും മാളവിക പറഞ്ഞിരുന്നു.
അടുത്തിടെ ചില സാരി പരസ്യങ്ങളിലും ടെലിവിഷൻ പരസ്യങ്ങളിലുമൊക്കെ മോഡലായി മാളവിക എത്തുകയും ചെയ്തിരുന്നു. മലബാർ ഗോൾഡിന് വേണ്ടിയുള്ള ഒരു പരസ്യ ചിത്രത്തില്‍ മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.
Read More: നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി മാളവിക ജയറാം; ചിത്രങ്ങൾ