പ്രേക്ഷകരുടെ ഇഷ്‌ട താര ദമ്പതികളാണ് ജയറാമും പാർവ്വതിയും. ഇരുവരുടെയും മക്കളും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. മകൻ കാളിദാസ് ജയറാം പൂമരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.

എന്നാലിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്നത് മകൾ മാളവിക ജയറാമിന്റെ സിനിമാ പ്രവേശനമാണ്. മാളവിക ജയറാമിന്റെ ചില ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ചുവന്ന സാരിയുടുത്തുളള മാളവികയുടെ ചിത്രങ്ങളാണ് വൈറലായത്. ഈ ചിത്രത്തെ തുടർന്ന് മാളവികയുടെ സിനിമാ പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകളും ചൂട് പിടിച്ചു. എന്നാൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായെത്തിയിരിക്കുകയാണ് ജയറാം. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ജയറാം ഇത് സംബന്ധിച്ച് മറുപടി നൽകിയത്.

malavika jayarm, parvathy jayaram

കടപ്പാട്:ഫെയ്‌സ്ബുക്ക്

“മാളവികയുടെ ആ ചിത്രം ഒരു അടുത്ത കുടുംബ സുഹൃത്തിന്റെ കല്യാണത്തിന് പോയപ്പോൾ ആരോ എടുത്തതാണ്. പിന്നീടത് സമൂഹമാധ്യമത്തിലിട്ടു. വളരെ യാദൃശ്ചികമായിട്ട് സംഭവിച്ചതാണത്. അഭിനയിക്കാനുളള ആഗ്രഹം മാളവിക ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. ആരും സിനിമ ചെയ്യാനായി അവളെ സമീപിക്കുകയോ ചെയ്‌തിട്ടില്ല. ബിരുദം പൂർത്തിയാക്കിയ മാളവിക കായികവുമായി ബന്ധപ്പെട്ട ഒരു കോഴ്​‌സ് പഠിക്കാൻ പുറത്തേക്ക് പോകാൻ തയാറെടുക്കുകയാണ് ” ജയറാം മനോരമ ന്യൂസിനോട് പറഞ്ഞു.

അച്ചായൻസാണ് ജയറാമിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. വൻ താരനിര അണിനിരക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കണ്ണൻ താമരക്കുളമാണ്. ഉണ്ണി മുകുന്ദൻ, ആദിൽ ഇബ്രാഹിം, സഞ്ജു ശിവറാം, പ്രകാശ് രാജ്, അമല പോൾ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

അതേസമയം, ജയറാമിന്റെ മകനായ കാളിദാസ് ജയറാം നായകനായെത്തുന്ന പൂമരം അണിയറയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. എബ്രിഡ് ഷൈനാണ് പൂമരം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ പുറത്തിറങ്ങിയ രണ്ട് ഗാനങ്ങളും വൻ തരംഗമാണ് സൃഷ്‌ടിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ