ന്യൂഡല്‍ഹി: 71 കാന്‍ ചലച്ചിത്ര മേളയിലെ ഇന്ത്യന്‍ സാന്നിദ്ധ്യമാകാന്‍ ദേശീയ പുരസ്കാരം നേടിയ ഭാഷാ ചിത്രങ്ങളും അവയുടെ അണിയറ പ്രവര്‍ത്തകരും. അസമീസ്, മലയാളം, ബംഗാളി, ലക്ഷദ്വീപ് ഭാഷാ ചിത്രങ്ങളാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഇന്ത്യാ പവലിയനില്‍ പ്രദര്‍ശിപ്പിക്കുക.
മലയാളത്തില്‍ നിന്നും ‘ഭയാനകം’ സംവിധാനം ചെയ്തു മികച്ച സംവിധായകനുള്ള സുവര്‍ണ്ണ കമലം കരസ്ഥമാക്കിയ ജയരാജ്, ‘ടേക്ക് ഓഫ്’ ചിത്രത്തിലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ നടി പാര്‍വ്വതി എന്നിവര്‍ ഇന്ത്യാ പവലിയനില്‍ പങ്കെടുക്കും എന്ന് ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫെഡറേഷന് ഓഫ് ഇന്ത്യന്‍ കോമേര്സ് ആന്‍ഡ് ചേംബര്‍ ഓഫ് ഇന്‍ഡസ്ട്രി (ഫിക്കി)യും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കാന്‍ ചലച്ചിത്ര മേളയിലെ ഇന്ത്യാ പവിലിയന് ലോക വേദിയില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് നിര്‍മ്മാണ – വിതരണ സാധ്യതകള്‍ ലക്ഷ്യമിട്ടുള്ളതാണ്. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തിലാണ് ഇന്ത്യാ പവിലിയന് സംഘടിപ്പിക്കുന്നത്.
കാന്‍ ചലച്ചിത്ര മേളയിലെ ഔദ്യോഗിക തെരഞ്ഞെടുപ്പില്‍ ഇന്ത്യയിൽ നിന്നും രണ്ടു ചിത്രങ്ങളാണുള്ളത്. നന്ദിതാ ദാസ് സംവിധാനം ചെയ്യുന്ന ‘മാന്തോ’, രോഹാന ഗെര സംവിധാനം ചെയ്യുന്ന ‘സര്’ എന്നിവയാണത്. ഫെസ്റിലിന്റെ മത്സര വിഭാഗത്തിന് സമാന്തരമായി നടക്കുന്ന ഔഗ്യോഗിക വിഭാഗമായ ‘അണ്സേര്ട്ടണ് റിഗാര്‍ഡ്’ലേക്കാണ് ‘മാന്തോ’ തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കാന്‍ ക്രിട്ടിക്ക്സ് വീക്ക് വിഭാഗത്തിലേക്കാണ് ‘സര്’ തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

അസമീസ് ചിത്രം ‘വില്ലേജ് റോക്ക്സ്റ്റാര്‍സ്’, മലയാളത്തില്‍ നിന്നും ‘ഭയാനകം’, ബംഗാളി ചിത്രം ‘നഗര്കീര്ത്തന്’, ജസരി ഭാഷാ ചിത്രം ‘സിന്‍ജാര്‍’ എന്നിവയാണ് ഇന്ത്യാ പവിലിയനില്‍ പ്രദര്‍ശിപ്പിക്കുക.
മന്ത്രി സ്മൃതി ഇറാനി ബുധനാഴ്ച കാന്‍ ചലച്ചിത്ര മേളയിലെ ഇന്ത്യാ പവിലിയന് ഉത്ഘാടനം ചെയ്യും. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് ജോയിന്റ് സെക്രട്ടറി (ഫിലിംസ്) അശോക് കുമാര്‍ പര്‍മാര്‍, കേന്ദ്ര വിദേശ കാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി (ഇ ഡി) വിനോദ് കെ ജേക്കബ്, സെന്‍സര്‍ ബോര്‍ഡ് ചെയര്മാന് പ്രസൂന്‍ ജോഷി, സെന്‍സര്‍ ബോര്‍ഡ് അംഗം വാണി ടികൂ, സംവിധായകര്‍ ഷാജി എന്‍ കരുണ്‍, ജാനു ബറുവ, ഭരത് ബാല, നടി പാര്‍വ്വതി എന്നിവരും ഇന്ത്യാ പവിലിയനില്‍ പങ്കെടുക്കും.
ചിത്രങ്ങളുടെ പ്രദര്‍ശനം കൂടാതെ മറ്റു രാജ്യങ്ങളുമായുള്ള കോ-പ്രൊഡക്ഷന്‍ സാദ്ധ്യതകള്‍, മറ്റു രാജ്യങ്ങളിലെ ചിത്രങ്ങള്‍ ഇന്ത്യന്‍ ഷൂട്ട് ചെയ്യാനുള്ള സംവിധാനങ്ങളുടെ പരസ്യം, ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തിനെ മറ്റു പ്രധാനപ്പെട്ട ചലച്ചിത്രോത്സവങ്ങളുമായി ബന്ധപ്പെടുത്തല്‍ എന്നിവയും ഇന്ത്യാ പവിലിയന് ലക്ഷ്യമിടുന്നു.
നടന് മനോജ് ബാജ്പൈയുടെ ‘ഭോസ്ലെ’, നടന് ധനുഷിന്റെ ഇന്തോ-ഫ്രഞ്ച് കോ-പ്രൊഡക്ഷനായ ‘ദി എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീര്‍’, ‘ടി ഫോര്‍ താജ് മഹല്‍’ എന്നീ ചിത്രങ്ങളുടെ ലോഞ്ചും ഇന്ത്യാ പവിലിയനില്‍ നടക്കും.
വിവിധ പരസ്യ എന്ഡോര്സ്മെന്റുകള്ക്കായി ഇന്ത്യന്‍ ചലച്ചിത്ര താരങ്ങളായ ഐശ്വര്യാ റായ് ബച്ചന്, സോനം കപൂര്‍, ദീപിക പദുകോണ്‍, കങ്കണ രണൌട്ട്, ഹുമാ ഖുറേഷി, മല്ലിക ഷെരാവത് എനിവര്‍ മേളയുടെ റെഡ് കാര്‍പെറ്റില്‍ പങ്കെടുക്കും.
മെയ് 8 മുതല്‍ മെയ് 19 വരെ ഫ്രാന്‍സിലെ ഫ്രഞ്ച് റിവേരയിലാണ് കാന്‍ ചലച്ചിത്രോത്സവം നടക്കുക.