മാഡ്രിഡ് ഇമാജിന്‍ ഇന്ത്യ ഇന്റര്‍നാഷണൽ ചലച്ചിത്ര മേളയില്‍ മലയാളത്തിന് വിജയത്തിളക്കം. സംവിധായകൻ ജയരാജിന്റെ ‘ഭയാനകം’ എന്ന ചിത്രമാണ് മാഡ്രിഡ് ചലച്ചിത്രമേളയിൽ പുരസ്കാരം നേടിയിരിക്കുന്നത്. ‘ഭയാനക’ത്തിലെ അഭിനയമികവിന് മികച്ച നടനുള്ള പുരസ്കാരം രഞ്ജി പണിക്കരും മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം ജയരാജും സ്വന്തമാക്കി. മുൻപ് ‘ഭയാനക’ത്തിലൂടെ ദേശീയ പുരസ്കാരവും ജയരാജ് സ്വന്തമാക്കിയിരുന്നു.
രഞ്ജി പണിക്കർക്ക് മികച്ച നടൻ അവാർഡ് കിട്ടിയതിലാണ് എനിക്കേറ്റവും സന്തോഷമെന്നായിരുന്നു അവാർഡ് ലഭിച്ച ജയരാജിന്റെ പ്രതികരണം. “മുൻപ് മികച്ച സംവിധായകന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍ എന്നിവർക്കുള്ള ദേശീയ പുരസ്കാരങ്ങൾ നേടിയിരുന്നെങ്കിലും ചിത്രത്തിൽ രഞ്ജി പണിക്കർക്ക് പുരസ്കാരം ലഭിച്ചിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചിരുന്നു. ഏറ്റവും അർഹിക്കുന്ന അവാർഡാണ് രഞ്ജിയ്ക്ക് ലഭിച്ചിരിക്കുന്നത്,” ജയരാജ് പറയുന്നു.
അഭിമാനാർഹമായ നേട്ടം കൈവരിച്ച ഇരുവരെയും അനുമോദിച്ച് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും രംഗത്തു വന്നിരിക്കുകയാണ്.
‘ശാന്തം’, ‘കരുണം’, ‘ഭീഭത്സ’, ‘അത്ഭുതം’, ‘വീരം’ തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം ജയരാജ് സംവിധാനം ചെയ്ത ‘ഭയാനകം’ അദ്ദേഹത്തിന്റെ നവരസപരമ്പരയിലെ ആറാമത്തെ ചിത്രമാണ്. തകഴിയുടെ കയര്‍ എന്ന നോവലിലെ ഒരേടാണ് ചിത്രത്തിനു പ്രമേയമായത്. കുട്ടനാടന്‍ ഗ്രാമത്തിലെ ഒരു പോസ്റ്റ്മാന്റെ ജീവിതാനുഭവങ്ങളിലൂടെയാണ് ‘ഭയാനകം’ സഞ്ചരിക്കുന്നത്.
മികച്ച സംവിധായകന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍ എന്നിങ്ങനെ മൂന്ന് ദേശീയ പുരസ്‌കാരങ്ങളാണ് ചിത്രം 2017 ല്‍ സ്വന്തമാക്കിയത്. നവാഗതനായ നിഖില്‍ എസ്. പ്രവീണായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകുമാരന്‍ തമ്പിയും എം കെ അര്‍ജുനനും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയത്. ജയരാജ് തന്നെയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയതും. അരവിന്ദന്‍ ചിത്രങ്ങളിലെ സാന്നിധ്യമായിരുന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഏറെക്കാലത്തിനു ശേഷം കലാസംവിധാന രംഗത്ത് തിരിച്ചെത്തിയ ചിത്രം കൂടിയാണ് ‘ഭയാനകം’.
Read more: മികച്ച സംവിധായകന്‍ ജയരാജ്; ചിത്രം ഭയാനകം