ജയം രവിയുടെ മകൻ ആരവ് രവിയും അഭിനയത്തിലേക്ക് കടക്കുന്നു. ജയം രവി നായകനാവുന്ന ‘ടിക് ടിക് ടിക്’ എന്ന ചിത്രത്തിലൂടെയാണ് തമിഴകത്ത് ആരവ് അരങ്ങേറ്റം കുറിക്കുന്നത്. അഭിനയത്തിലൂടെ ചിത്രത്തിലെ അണിയറപ്രവർത്തകരെ ആരവ് അമ്പരപ്പിച്ചിരുന്നു. ഇപ്പോഴിതാ സ്വയം ഡബ്ബ് ചെയ്തും സിനിമയുടെ അണിയറ പ്രവർത്തകരെ അതിശയിപ്പിച്ചിരിക്കുകയാണ് ആരവ്. ആരവ് ഡബ്ബ് ചെയ്യുന്നതിന്റെ ചിത്രം ജയം രവി തന്റെ ട്വിറ്റർ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെ തന്നെ ആദ്യ ബഹിരാകാശ ചിത്രം എന്ന റെക്കോര്‍ഡ് നേടിയ ചിത്രമാണ് ജയം രവി നായകനായ ‘ടിക് ടിക് ടിക്’. ജയം രവിയെ കൂടാതെ ആരോണ്‍ അസീസ്, നിവേദ പെതുരാജ്, രമേഷ് തിലക് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശക്തി സുന്ദര്‍ രാജനാണ് ചിത്രത്തിന്റെ സംവിധായകൻ.
തമിഴില്‍ ശക്തി സുന്ദര്‍ ഒരുക്കിയ മൂന്ന് ചിത്രങ്ങളും വ്യത്യസ്ഥ പ്രമേയങ്ങള്‍ കൈകാര്യം ചെയ്തവയായിരുന്നു. ആദ്യ ചിത്രമായ നാണയം തമിഴില്‍ ഹിറ്റായിരുന്നു. പിന്നീട് വന്ന ‘നായ്ഗള്‍ ജൈഗ്രതൈ’ എന്ന ചിത്രം ഒരു പൊലീസ് നായയുടെ കഥയായിരുന്നു പറഞ്ഞത്. തെന്നിന്ത്യയിലെ തന്നെ ആദ്യ സോംബി ചിത്രമായ മിരുതനും ബോക്സ്ഓഫീസില്‍ പണം വാരി. മിരുതാന്‍ വിജയിച്ചതിന് പിന്നാലെയാണ് ശക്തി പുതിയ ബഹിരാകാശ ചിത്രത്തിന്റെ കഥയുമായി ജയം രവിയെ സമീപിച്ചത്. മിരുതാന്‍ സംവിധായകന്‍ ആയത് കൊണ്ട് തന്നെ ചിത്രത്തെ വന്‍ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികള്‍ നോക്കിക്കാണുന്നത്. ജനുവരി 26 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.