2022ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ‘ജയജയജയജയഹേ.’ ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രത്തിന്റെ സംവിധായകൻ വിപിൻ ദാസ് ആണ്. വളരെ ഗൗരവമേറിയ വിഷയം നർമത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ചതാണ് പ്രേക്ഷകരെ ചിത്രത്തിലേക്ക് കൂടുതൽ അടുപ്പിച്ചത്. ചിത്രത്തിലെ ദർശനയുടെ ആക്ഷൻ രംഗങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ചിത്രം പുറത്തിറങ്ങി മാസങ്ങൾക്കു ശേഷം ജയജയജയജയഹേയ്‌ക്കെതിരെ ആരോപണങ്ങൾ ഉയർന്നിരിക്കുകയാണ്. ഫ്രെഞ്ച് ചിത്രമായ കുങ്ങ് ഫു സോഹ്റയുടെ കോപ്പിയടിയാണ് ചിത്രം എന്നതാണ് ആരോപണം. ഇതിനു മറുപടിയായി സോഷ്യൽ മീഡിയയിലൂടെ കുറിപ്പ് പങ്കുവയ്ക്കുകയാണ് സംവിധായകൻ വിപിൻ ദാസ്.
ആറു മാസം മുൻപ് പുറത്തിറങ്ങിയ ഫ്രെഞ്ച് ചിത്രത്തിനോട് ജയജയജയജയഹേയ്ക്ക് സാമ്യതയുണ്ടെന്ന രീതിയിൽ നടക്കുന്ന പ്രചാരണങ്ങൾ വിഷമമുണ്ടാക്കുന്നതാണെന്ന് വിപിൻ പറയുന്നു. രണ്ടു ചിത്രങ്ങളിലെ പല രംഗങ്ങളുടെയും സാമ്യത കണ്ട് താൻ ഞെട്ടിയെന്നും എന്നാൽ ചിത്രീകരണ സമയത്ത് ഇത്തരത്തിലൊരു ചിത്രം പുരോഗമിക്കുന്നതായി അറിയാൻ സാധിച്ചില്ലെന്നുമാണ് വിപിൻ പറയുന്നത്. ഒരു സീൻ പോലും പകർത്തിയിട്ടില്ല മറിച്ച് ചിത്രവുമായി ബന്ധപ്പെട്ട വ്യക്തികൾക്ക് ഈ തെറ്റായ പ്രചാരണം വിഷമമുണ്ടാക്കുന്നതു കൊണ്ടാണ് കുറിപ്പ് പങ്കുവയ്ക്കുന്നതെന്ന് വിപിൻ കുറിച്ചു.
“ആറു മാസം മുൻപ് ഇറങ്ങിയ സിനിമയിൽ നിന്നും കോപ്പി അടിച്ചു കഥയുണ്ടാക്കി റിലീസ് ചെയ്യാൻ സിനിമയിൽ എളുപ്പമല്ലെന്ന് വിവേകമുള്ളവർക്ക് മനസിലാകുമെന്നു വിചാരിക്കുന്നു. മേൽ പറയുന്ന ചിത്രം റിലീസ് ആയതു 9 മാർച്ച് 2022നാണ്..ഗൂഗിളിൽ റിലീസ് തീയതി കിടക്കുന്നതു 22 ഒക്ടോബർ 2021 എന്നതുമാണ്. പക്ഷെ റിലീസ് തീയതി മാറുകയും പിന്നീട് മുകളിൽ പറഞ്ഞ 9 മാർച്ച് 2022നു റീലീസാകുകയുമാണ് ചെയ്തത്. ജയ ഹേ 2022 ജനുവരി 26നാണ് അനൗൺസ് ചെയ്തത്, മാത്രമല്ല നമ്മുടെ സിനിമയുടെ സ്ക്രിപ്റ്റ് അതിനും ഒരു വർഷം മുൻപ് 2020 ഡിസംബറിൽ തന്നെ ലോക്ക് ചെയ്തിരുന്നു… അതിന്റെ തെളിവായി ഞാൻ മെയിൽ ചെയ്തിരുന്ന PDFൽ നായികാ കഥാപാത്രം അടിക്കുന്നതും ബ്ലോക്ക് ചെയ്യുന്നതും ,ചവിട്ടി തെറിപ്പിക്കുന്നതും ,ഫിഷ് ടാങ്കിൽ വിഴുന്നതും,റീവൈൻഡ് ചെയ്യുമ്പോൾ മൊബൈലിൽ ഫൈറ്റ് കണ്ടു പഠിക്കുന്നതും,പിന്നെ ഇവർ തമ്മിലുള്ള സംഘട്ടനവും എല്ലാം വളരെ വ്യക്തമായി ആ ഡ്രാഫ്റ്റിൽ എഴുതിട്ടുണ്ട്,അപ്പോൾ അതിനൊക്കെ എത്രയോ മുന്നേ ആയിരിക്കും ഞങ്ങളത് എഴുതി തുടങ്ങിയിരിക്കുന്നത് എന്ന് ഊഹിക്കാമല്ലോ. ജയ ഹേ തിരക്കഥ രചന 2020 ൽ അന്താക്ഷരി പോസ്റ്റ് പ്രൊഡക്ഷൻ ടൈമിൽ എഴുതി തുടങ്ങിയതാണ്.. 29 ഡിസംബർ 2020ൽ സ്ക്രിപ്റ്റ് തീർത്ത് മെയിൽ ചെയ്തതിന്റെ തെളിവും താഴെ കൊടുത്തിട്ടുണ്ട്. 2021 ജനുവരി മുതൽ പല പ്രൊഡ്യൂസറിനെയും, അഭിനേതാക്കളെയും സമീപിക്കുകയും ഒടുവിൽ ഡിസംബർ മാസത്തിലാണ് ബേസിൽ ജോസഫ്, ചിയേഴ്സ് മീഡിയ , ദർശന എന്നിവർ സിനിമയിലേക്ക് വരുന്നതും” വിപിൻ കുറിച്ചു.
“മേൽ പറഞ്ഞ ഫ്രഞ്ച് ചിത്രം മാർച്ച് 9നു റിലീസ് ആയെങ്കിലും അത് ഫ്രഞ്ച് ഭാഷയിലും ആ രാജ്യത്തും മാത്രമാണ് റിലീസായത്,വരും മാസങ്ങളിൽ ആയിരുന്നു ബാക്കി രാജ്യങ്ങളിലേക്കുള്ള റിലീസ്…
മെയ് 12നു ഷൂട്ടിംഗ് ആരംഭിച്ച ജയ ജയ ജയ ജയഹേ ജൂൺ പകുതി ആയപ്പോൾ തന്നെ തീർന്നിരുന്നു, ഗൂഗിളിൽ നിന്നും അറിയാൻ കഴിഞ്ഞത്, ഇന്ത്യയിൽ റിലീസ് ചെയ്യാത്ത മേൽ പറഞ്ഞ ഫ്രഞ്ച് ചിത്രം ഓഗസ്റ്റ് 2022 ആണ് പുറം രാജ്യങ്ങളിൽ അതിൻ്റെ ഒടിടി റിലീസും തുടർന്ന് അതിൻ്റെ പൈറേറ്റഡ് ടോറന്റ് , ടെലിഗ്രാം ഫയലുകളും അതേ മാസത്തിൽ തന്നേയാണ് ഇൻറർനെറ്റിൽ വന്നത്. ജൂൺ ഷൂട്ട് കഴിഞ്ഞ നമ്മുടെ സിനിമ ഒക്ടോബറിൽ റിലീസും ചെയ്തു” വിപിൻ കൂട്ടിച്ചേർത്തു.
പഴയ ജാക്കി ചാൻ ഫൈറ്റ് രംഗങ്ങൾ രണ്ടു സംവിധായകരും പിന്തുടർന്നതു കൊണ്ടാകാം ഇങ്ങനെയൊരു സാമ്യത വന്നതെന്നാണ് വിപിന്റെ നിഗമനം. ബേസിലിന്റെ കഥാപാത്രം കാർ വീട്ടിൽ കയറ്റിയിടുന്ന സീൻ റോമാ ചിത്രത്തിൽ നിന്ന് ഇൻസ്പയറായതാണെന്നും വിപിൻ പറയുന്നു. കുറിപ്പിനൊപ്പം ചില തെളിവുകളും വിപിൻ പങ്കുവച്ചിട്ടുണ്ട്.
2021 ഒക്ടോബർ 22 നാണ് ‘കുങ് ഫൂ സോഹ്റ’ ഫ്രാൻസിൽ റിലീസിനെത്തിയത്. 2022 ഒക്ടോബർ 28 നായിരുന്നു ‘ജയജയജയജയഹേ’യുടെ റിലീസ്.