scorecardresearch
Latest News

വീട്ടിലിരിപ്പുണ്ട്, നാല് സ്റ്റേറ്റ് അവാർഡ്; ജയയുടെ അമ്മ ചില്ലറക്കാരിയല്ല

‘ജയ ജയ ജയ ജയ ഹേ’യിൽ ദർശനയുടെ അമ്മയായി അഭിനയിച്ച ഉഷ ചന്ദ്രബാബു നാടകരംഗത്തു നിന്നുമാണ് സിനിമയിലേക്ക് എത്തുന്നത്

വീട്ടിലിരിപ്പുണ്ട്, നാല് സ്റ്റേറ്റ് അവാർഡ്; ജയയുടെ അമ്മ ചില്ലറക്കാരിയല്ല

ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ‘ജയ ജയ ജയ ജയ ഹേ’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ബേസിലിനും ദർശനയ്ക്കുമൊപ്പം ചിത്രത്തിൽ അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, ചിത്രത്തിലെ അമ്മ വേഷം ചെയ്ത കനകം, ഉഷ ചന്ദ്രബാബു തുടങ്ങിയവരൊക്കെ ശ്രദ്ധേയമായ പ്രകടമാണ് കാഴ്ച വച്ചത്.

ചിത്രത്തിൽ ബേസിലിന്റെ അമ്മയായി കുടശ്ശനാട് കനകം എത്തിയപ്പോൾ ജയയുടെ അമ്മയായി എത്തിയത് നാടകരംഗത്ത് സജീവമായ ഉഷ ചന്ദ്രബാബുവാണ്. ഉഷയും ഭർത്താവ് ചന്ദ്രബാബുവും പ്രൊഫഷണൽ നാടകരംഗത്തും തെരുവു നാടകങ്ങളിലും സജീവസാന്നിധ്യമായവരാണ്. ചിരന്തന തിയേറ്റേഴ്സ്, സ്റ്റേജ് ഇന്ത്യ, ഗുരുവായൂർ ബന്ധുര, കലിംഗ, വടകര വരദ, കോഴിക്കോട് സങ്കീർത്തന തുടങ്ങിയ ട്രൂപ്പുകളിലെല്ലാം ഉഷ പ്രവർത്തിച്ചിട്ടുണ്ട്.

നാടകരംഗത്തെ അഭിനയമികവിനു നാലു തവണ കേരളസംഗീതനാടക അക്കാദമിയുടെ സംസ്ഥാനപുരസ്കാരം നേടിയ കലാകാരി കൂടിയാണ് ഉഷ. നവരസ നായകൻ, കടത്തനാട്ടമ്മ, വർത്തമാനത്തിലെ കണ്ണകി, നയാ പൈസ എന്നീ നാടകങ്ങളിലെ അഭിനയത്തിനാണ് സ്റ്റേറ്റ് അവാർഡ് ഉഷയെ തേടിയെത്തിയത്.

നാടക നടനായ മഞ്ഞനാൽ രാഘവനാണ് ഉഷയുടെ പിതാവ്. ഉഷയെ നാടകത്തിന്റെ ലോകത്തേക്ക് കൈപ്പിടിച്ചതും അച്ഛൻ തന്നെ. കെ.ടി.മുഹമ്മദിന്റെ തീക്കനലായിരുന്നു ഉഷയുടെ ആദ്യനാടകം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Jaya jaya jaya jaya hey actress usha chandrababu

Best of Express