ഇന്ത്യയിൽ ആകെ ആരാധകരുള്ള ടെലിവിഷൻ പ്രോഗ്രാമാണ് കോൻ ബനേഗ ക്രോർപതി (കെബിസി). ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനാണ് ഷോയുടെ അവതാരകൻ. ഇപ്പോൾ കെബിസി 13ൽ ഈ ഷോയുടെ ആയിരം എപ്പിസോഡുകൾ പിന്നിടുകയാണ്.
ഈ എപ്പിസോഡിൽ ബച്ചന്റെ മകൾ ശ്വേത ബച്ചനും ചെറുമകൾ നവ്യ നവേലിയെയും അതിഥികളായി എത്തും. എപ്പിസോഡിന്റെ പ്രൊമോ പുറത്തു വന്നിട്ടുണ്ട്. പ്രൊമോയിൽ ഇവർക്ക് പുറമെ അമിതാഭ് ബച്ചന്റെ ഭാര്യയും അഭിനേത്രിയുമായ ജയ ബച്ചൻ വീഡിയോ കോൺഫറൻസിങ് വഴി പങ്കെടുക്കുന്നതും കാണാം.
അമിതാഭ് ബച്ചനെ ജയ നിർത്തിപ്പൊരിക്കുന്ന കാഴ്ചയാണ് ഈ വീഡിയോയിലുള്ളത്. ബച്ചനെക്കുറിച്ച് തനിക്കുള്ള പരാതികളും അഭിപ്രായങ്ങളും ഈ വീഡിയോയിൽ ജയ ബച്ചൻ രസകരമായി പറയുന്നു.
ബച്ചൻ തന്റെ കോളുകളൊന്നും എടുക്കുന്നില്ല എന്നാണ് ജയ ബച്ചൻ പറയുന്ന ഒരു പരാതി. അതിന് മറുപടി പറയുന്ന ബച്ചനാണെങ്കിൽ ഇന്റർനെറ്റിന്റെ പ്രശ്നങ്ങളാണ് അതിനൊക്കെ കാരണമെന്ന് പറയുകയും ചെയ്യുന്നതായി വീഡിയോയിൽ കാണാം.
“നിങ്ങൾ അദ്ദേഹത്തെ വിളിച്ചാൽ ഒരിക്കലും എടുക്കില്ല,” എന്നാണ് ബച്ചനെക്കുറിച്ച് ജയ ബച്ചൻ പറയുന്നത്. “ഇന്റർനെറ്റ് നേരാംവണ്ണം കിട്ടിയില്ലെങ്കിൽ ഞാൻ എന്തുചെയ്യും,” എന്നാണ് ബച്ചൻ തിരിച്ച് ചോദിക്കുന്നത്.
എന്നാൽ ബച്ചന്റെ ഈ മറുപടി കേട്ടപ്പോൾ ജയ ബച്ചനെ പിന്തുണയ്ക്കാനെത്തിയത് ശ്വേത ബച്ചനായിരുന്നു. നെറ്റ് നേരാംവണ്ണം കിട്ടിയില്ലെങ്കിലും ബച്ചൻ സോഷ്യൽ മീഡിയയിൽ പടം ഇടുന്നുണ്ടെന്നും ട്വീറ്റ് ചെയ്യുന്നുണ്ടെന്നുമാണ് ശ്വേത പറഞ്ഞത്.
ഇതിന് പിറകെ കൊച്ചുമകൾ നവ്യ നവേലിയും ബച്ചനോട് ഒരു ചോദ്യം ചോദിച്ചു. പാർലറിൽ നിന്ന് മടങ്ങുമ്പോൾ ജയ ബച്ചനോട് സുന്ദരിയാണെന്ന് പറയുമ്പോൾ, ശരിക്കും സത്യമാണോ പറയുന്നത്?” എന്നാണ് കൊച്ചുമകൾ ചോദിച്ചത്. “ജയ, നീ സുന്ദരിയാണ്,” എന്നാണ് ബച്ചൻ ഇതിന് മറുപടി നൽകിയത്. ആ മറുപടി കേട്ട ജയ പറയുന്നത്. നിങ്ങൾ കള്ളം പറയുമ്പോൾ നിങ്ങൾക്ക് ഭംഗിയില്ല” എന്നുമാണ്.