ഇന്ത്യൻ സിനിമയുടെ അഭിമാനതാരം അമിതാഭ് ബച്ചന്റെ എൺപതാം ജന്മദിനമാണ് ഇന്ന്. ബച്ചന്റെ ജന്മദിനത്തോട് അനുബന്ധിച്ച് സംപ്രേഷണം ചെയ്യുന്ന കോൺ ബനേഗാ ക്രോർപതിയുടെ പ്രത്യേക എപ്പിസോഡിന്റെ പ്രമോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പിറന്നാൾ എപ്പിസോഡിൽ ബച്ചന് സർപ്രൈസ് ഒരുക്കാനായി അഭിഷേക് ബച്ചനും ജയ ബച്ചനും എത്തിയിരുന്നു. അമിതാഭ് ബച്ചനും ജയ ബച്ചനും തമ്മിലുള്ള വൈകാരികവും രസകരവുമായ മുഹൂർത്തങ്ങളാണ് പ്രമോയിൽ കാണാൻ സാധിക്കുക.
പരിപാടിയുടെ പ്രമോയിൽ “ടൈം ട്രാവലർ ഉണ്ടായിരുന്നെങ്കിൽ നിങ്ങൾ ഏതു വർഷത്തിലേക്ക് തിരിച്ചു സഞ്ചരിക്കും? അതെന്തുകൊണ്ട്?” എന്നായിരുന്നു ജയ ബച്ചന്റെ ചോദ്യം. “എനിക്ക് തിരിച്ചുപോകാൻ ആഗ്രഹമുള്ളത്… ” എന്ന ബച്ചന്റെ വാക്കുകൾക്കു പിന്നാലെ അദ്ദേഹം കുട്ടികാലം ചിലവഴിച്ച അലഹബാദിലെ തറവാട്ടിലെ ദൃശ്യങ്ങൾ കാണിക്കുന്നതും കുട്ടിക്കാല ഓർമ്മകളിൽ വികാരാധീനനായി കണ്ണുകൾ ഈറനണിയുന്നതും പ്രമോയിൽ കാണാം.
“ഒരാളുടെ പ്രകടനത്തിൽ മതിപ്പുതോന്നിയാൽ അവർക്ക് പൂക്കളോ കത്തുകളോ സമ്മാനിക്കുന്ന താങ്കൾ എന്തുകൊണ്ടാണ് എനിക്ക് മാത്രം ഒരെണ്ണം പോലും സമ്മാനിച്ചിട്ടില്ല?” എന്നായിരുന്നു ബച്ചനോട് ജയയുടെ അടുത്ത ചോദ്യം. ജയയുടെ ചോദ്യത്തിന് ഇടയ്ക്കുകയറി “അത് പുറത്തു പറയുന്നത് ന്യായമല്ലെന്ന്” ബച്ചൻ പറയുന്നു.
മറ്റൊരു പ്രൊമോയിൽ ആളൊഴിഞ്ഞ ഒരു ദ്വീപിൽ തന്നോടൊപ്പം കുടുങ്ങിപ്പോയാൽ എന്താവും താൻ കൂടെ കൂട്ടുക എന്ന ജയയുടെ ചോദ്യത്തിന് അമിതാഭ് ഉത്തരം ആലോചിക്കവേ “ഒരു ലൈഫ് ബോട്ട്, അതുകൊണ്ട് ഓടിപോകാമല്ലോ,” എന്നാണ് തമാശയായി താരം പറയുന്നത്.
അലഹബാദിലെയും കൊൽക്കട്ടയിലെയും തന്റെ ദിനങ്ങളെക്കുറിച്ച് അമിതാഭ് ബച്ചൻ പലപ്പോഴും വാചാലനാവാറുണ്ട്. 2019 ൽ തന്റെ ബ്ലോഗിൽ “അലഹബാദ് നാളുകൾ മുതൽക്കുതന്നെ ക്രിസ്തുമസ് ദിനങ്ങളും അതിന്റെ ആഘോഷങ്ങളും ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. ഞങ്ങളുടെ അയൽവാസികൾ, റേവ് പോൾ ദാസും അദ്ദേഹത്തിന്റെ കുടുംബവും ഞങ്ങളുടെ വീടായ ക്ലൈവ് റോഡ് 17ന്റെ തൊട്ട് എതിർവശമായിരുന്നു താമസിച്ചിരുന്നത്. ക്ലൈവ് റോഡ് 18 ൽ. അവരുടെ മക്കളും എന്റെ കൂട്ടുകാരുമായ ശുനില, നരേഷ്, മാലതി… നരേഷായിരുന്നു ഞങ്ങളുടെ മാതാപിതാക്കൾക്ക് ഷെർവുഡിനെ പറ്റി പറയുകയും, ഞങ്ങളെ സന്ദർശിക്കുവാനായി പ്രിൻസിപ്പലായ റെവ. ആർ സി ലെവലിനെ അവർ അലഹബാദിലേക്ക് ക്ഷണിക്കുകയും ചെയ്തതോടെ ആ പ്രശ്നം പൂർണമായി പരിഹരിക്കുകയും ഞങ്ങൾ ഷെർവുഡിലേക്ക് പോവുകയും ചെയ്തു”.
അലഹബാദ് വീടുകളിലെ വാതിലുകൾ ആരും പൂട്ടിയിടാറില്ലായിരുന്നെന്ന് 2021 ൽ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. “ഗേറ്റ് പോലും പൂട്ടാതെ എപ്പോഴും തുറന്നിരിക്കുന്ന വീടുകൾ അക്കാലത്തു ഞാൻ അലഹബാദിൽ കണ്ടിരുന്നെങ്കിലും ഇപ്പോൾ അങ്ങനെ ഉണ്ടാവാൻ ഒരിക്കലും സാധ്യതയില്ല!” ബച്ചൻ പറയുന്നു.