തമിഴ് സംവിധായകൻ ആറ്റ്‌ലിയ്ക്കും ഭാര്യ പ്രിയയ്ക്കും ഒരു ആൺകുഞ്ഞ് പിറന്നു. ചൊവ്വാഴ്ചയാണ് ആറ്റ്‌ലി ട്വിറ്ററിലൂടെ ഈ വാർത്ത ആരാധകരുമായി പങ്കുവെച്ചത്.
“അവർ പറഞ്ഞത് ശരിയാണ്. ലോകത്ത് ഇതുപോലെ മറ്റൊരു വികാരമില്ല. ഞങ്ങളുടെ കുഞ്ഞ് ഇവിടെയുണ്ട്! രക്ഷാകർതൃത്വത്തിന്റെ ആവേശകരമായ ഒരു പുതിയ സാഹസികത ഇന്ന് ആരംഭിക്കുന്നു! അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. നന്ദി. സന്തോഷം,” ആറ്റ്‌ലി കുറിച്ചു.
പുതിയ മാതാപിതാക്കൾക്ക് ആശംസകൾ നേർന്നു കൊണ്ട് നിരവധി താരങ്ങളും കമന്റുകൾ പങ്കുവച്ചിട്ടുണ്ട്. സാമന്ത റൂത്ത് പ്രഭു, എആർ റഹ്മാന്റെ മകൻ എആർ അമീൻ, കല്യാണി പ്രിയദർശൻ തുടങ്ങിയവരെല്ലാം ആറ്റ്‌ലിയ്ക്കും പ്രിയയ്ക്കും ആശംസകൾ നേർന്നു.
ഇതുവരെ നാലു ചിത്രങ്ങൾ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും തമിഴകത്ത് തന്റേതായൊരിടം കണ്ടെത്തിയ സംവിധായകനാണ് ആറ്റ്‌ലി. ആറ്റ്‌ലിയുടെ തെരി, മെർസൽ, ബിഗിൽ എന്നീ മൂന്നു ചിത്രങ്ങളിലും വിജയ് ആയിരുന്നു നായകൻ. നാലാമത്തെ ചിത്രമായ ‘ജവാൻ’ ആറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ്. ഷാരൂഖ് ഖാനാണ് ജവാനിലെ നായകൻ.